ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ന്യൂ ഇൻഡസ്ട്രീസ് (ANIL), മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (RIL) എന്നിവ രണ്ട് കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകൾ വീതം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലും ഗുജറാത്തിലും പ്രതിവർഷം 40 ദശലക്ഷം ടൺ (mtpa) പ്ലാന്റ് സ്ഥാപിക്കാൻ അദാനി ന്യൂ ഇൻഡസ്ട്രീസ് പദ്ധതിയിടുന്നു. അതേസമയം RIL ഇപ്പോഴും സമാനമായ രണ്ട് ശേഷി യൂണിറ്റുകൾക്കായുള്ള സ്ഥലം ഏറ്റെടുക്കൽ ഘട്ടത്തിലാണ്. കമ്പനികൾ 500 മുതൽ 600 കോടി രൂപ വരെ ഇതിനായി നിക്ഷേപിക്കും.
ബിപി മൊബിലിറ്റിയും അദാനി ടോട്ടൽ ഗ്യാസും
ജിയോ-ബിപി ബ്രാൻഡിന് കീഴിൽ റിലയൻസ് ബിപി മൊബിലിറ്റി എന്ന പേരിൽ 1,400 ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പി ക്കുന്ന ഒരു ഇന്ധന റീട്ടെയ്‌ലിംഗ് സംയുക്ത സംരംഭം റിലയൻസ് ഇൻഡസ്ട്രീസിനുണ്ട്. അദാനി ടോട്ടൽ ഗ്യാസിലൂടെ അദാനി ഗ്രൂപ്പും ഇന്ധന വിതരണ രംഗത്ത് സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. കാർഷിക മാലിന്യങ്ങൾ, മുനിസിപ്പൽ മാലിന്യങ്ങൾ എന്നിവ വിഘടിപ്പിച്ചാണ് കംപ്രസ്ഡ് ബയോഗ്യാസ് നിർമ്മിക്കുന്നത്. ഗാർഹിക ഉപയോഗത്തിനായി പൈപ്പ് വഴിയുള്ള പ്രകൃതി വാതകത്തിന് പകരമായി ഇത് ഉപയോഗിക്കാം.