പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ 30 വിമാനങ്ങൾ ലീസിനെടുത്തു.എയർബസിന്റെ 25 നാരോ ബോഡി എയർക്രാഫ്റ്റും ബോയിംഗിന്റെ അഞ്ച് വൈഡ് ബോഡി വിമാനങ്ങളും പാട്ടത്തിനെടുത്തു, 2023ഡിസംബർ മുതൽ സർവീസ് തുടങ്ങും.ജനുവരി 27-ന് എയർലൈനിന്റെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുളള എയർ ഇന്ത്യയുടെ ആദ്യത്തെ പ്രധാന വിപുലീകരണമാണിത്.പുതിയ വിമാനങ്ങൾ കൂടിയെത്തുന്നതോടെ ഫ്ലീറ്റ് സൈസ് 143 ആയി ഉയരും.എയർ ഇന്ത്യയുടെ നാരോ ബോഡി ഫ്ലീറ്റിൽ 70 വിമാനങ്ങൾ ഉൾപ്പെടുന്നു, അതിൽ 54 എണ്ണം സർവീസ് നടത്തുന്നുണ്ട്.വൈഡ് ബോഡി ഫ്ലീറ്റിൽ 43 വിമാനങ്ങളുണ്ട്, അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്. യാത്രക്കാർക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാനും എയർ ഇന്ത്യ തീരുമാനിച്ചു.പുതുതായി വാടകയ്ക്കെടുക്കുന്ന എല്ലാ വിമാനങ്ങൾക്കും പ്രീമിയം ഇക്കോണമി ക്ലാസ് ഉണ്ടായിരിക്കും.എയർ ഇന്ത്യയുടെ നിലവിലുള്ള ഫ്ലീറ്റിന് ഇക്കണോമി ക്ലാസും ബിസിനസ് ക്ലാസും ഉണ്ട്.ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, പ്രീമിയം ഇക്കോണമി ക്ലാസ് ഉള്ള ഇന്ത്യയിലെ ഒരേയൊരു എയർലൈൻ ആണ്.രണ്ട് മാസം മുമ്പ്, എയർ ഇന്ത്യ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58 ൽ നിന്ന് 65 ആയി ഉയർത്തിയിരുന്നു.