ടെസ്‌ലയുടെ വില മസ്ക് കുറയ്ക്കുമോ?
ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തെ കുറിച്ച് ചർച്ചകൾ തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ കൃത്യമായ ഒരു ധാരണ ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യൻ വിപണിക്ക് വേണ്ടി വില കുറവുളള ടെസ്‌ല നിർമിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഇലോൺ മസ്ക്. ഇന്തോനേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ജി -20 ഉച്ചകോടിക്കിടെ ഒരു ബിസിനസ് ഫോറം മീറ്റിംഗിലാണ് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവും ലോകത്തിലെ ഏറ്റവും ധനികനുമായ മസ്ക് ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ വിപണികളിൽ അവതരിപ്പിക്കാൻ വിലകുറവുളള ടെസ്‌ല മോഡൽ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടെന്ന് പറഞ്ഞത്. കൂടുതൽ അഫോഡബിളായ വാഹന നിർമാണം പരിഗണിക്കുന്നതായി മസ്ക് സൂചിപ്പിച്ചു.
ടെസ്‌ല ഇന്ത്യയിലേക്ക് വരുമോ?
ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് മസ്‌കും കേന്ദ്രസർക്കാരും തമ്മിലുളള ചർച്ചകൾ ഫലം കണ്ടിരുന്നില്ല.
ഇന്ത്യയിൽ ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തോട് മസ്ക് അനുകൂലമായി പ്രതികരിച്ചിരുന്നില്ല.ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കണമെന്നായിരുന്നു മസ്കിന്റെ പ്രധാന ആവശ്യം. 40,000 ഡോളറിൽ കൂടുതലുള്ള പൂർണമായും ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ നിലവിൽ 100% തീരുവ ചുമത്തുന്നു.
നിലവിലുള്ള നിയമ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് ആഗോള വാഹന നിർമ്മാതാക്കളുടെ മതിയായ പങ്കാളിത്തം ചൂണ്ടിക്കാട്ടി ഈ വർഷം ആദ്യം ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾക്ക് നികുതി ഇളവ് നൽകാനുള്ള ഇലോൺ മസ്‌കിന്റെ അഭ്യർത്ഥന കേന്ദ്രം നിരസിച്ചിരുന്നു. മറ്റ് വാഹന നിർമ്മാതാക്കളെ ഇത് നിരുത്സാഹപ്പെടുത്തുമെന്ന് ഭയപ്പെടുന്നതിനാൽ EV നികുതി വെട്ടിക്കുറയ്ക്കുന്നതിൽ സർക്കാർ താല്പര്യപ്പെട്ടിരുന്നില്ല. സാമ്പത്തിക ശക്തിയുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ ടെസ്‌ലയെക്കാൾ പിന്നിലുള്ള പ്രാദേശിക നിർമ്മാതാക്കളെ അത്തരം നീക്കങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ കണക്കു കൂട്ടുന്നു. ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നത് ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും മസ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തെലങ്കാന മുതൽ പഞ്ചാബ് വരെയും ബംഗാൾ മുതൽ മഹാരാഷ്ട്ര വരെയും അതത് സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താൻ സംസ്ഥാനങ്ങളുടെ ക്ഷണവും മസ്കിന് ലഭിച്ചിരുന്നു.