വിലക്കയറ്റച്ചൂടിൽ 2023 -24, എല്ലാത്തിനും വില റോക്കറ്റ് പോലെ കുതിച്ചുയരും
പുതിയ സാമ്പത്തിക വർഷം തുടങ്ങാറായി.ഏപ്രിൽ 1 മുതൽ നടുവൊടിയും എന്നുറപ്പായി.നികുതിയും സെസും രൂപവും ഭാവവും മാറുമ്പോൾ പെട്രോൾ, ഡീസൽ, കാർ, ബൈക്ക്, സ്വർണം, ഭൂമി, പിന്നെ മദ്യവും സിഗരറ്റും വേണ്ടെന്നു വച്ചാലും ഇല്ലെങ്കിലും ഇവക്കെല്ലാമിനി തൊട്ടാൽ പൊള്ളും. പെട്രോൾ, ഡീസൽ വില കേരളത്തിൽ രണ്ടു രൂപ കൂടി കൂടുന്നതോടെ അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരും. പാചക വാതക വില ഇനിയും കൂടുമെന്നു ഉറപ്പായിട്ടുണ്ട്
ഏപ്രിൽ 1 മുതൽ പുതിയ സാമ്പത്തിക വർഷത്തിലേക്ക് ഇന്ത്യ കടക്കുക കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച അധിക ബാധ്യതകൾ ചുമലിലേറ്റിക്കൊണ്ടാകും. രാജ്യം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ ജനത്തിന്റെ ചെലവുകളും കൂടുകയാണ്. നികുതി, സെസ് എന്നിവയിലൂടെ 2023-24 സാമ്പത്തിക വർഷത്തിൽ അധിക ബാധ്യത ജനങ്ങളിലേക്ക് എത്തും.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പാകുന്നതോടെ ഏപ്രിൽ 1 മുതൽ പെട്രോളിനും ഡീസലിനും വില വർധിക്കും. സ്വർണ കട്ടികൾ കൊണ്ട് നിർമിച്ച സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏപ്രിൽ മുതൽ കേന്ദ്രവും വർധിക്കുന്നതോടെ സ്വർണാഭരണങ്ങളുടെ വിലവർധന ഉറപ്പാണ്. വിവാഹ സീസൺ വരാനിരിക്കെ ആഭരണം വാങ്ങുന്നവരുടെ ചിലവ് ഇരട്ടിക്കും. ധനകാര്യ ബിൽ അംഗീകരിച്ച് ബജറ്റ് പാസായതോടെ ഓരോ ലിറ്റർ ഡീസലിനും പെട്രോളിനും 2 രൂപ സെസ് ഈടാക്കും.
സെസ് കൂടി ചേരുമ്പോൾ കൊച്ചിയിൽ ഏപ്രിൽ 1 മുതൽ പെട്രോളിന് 107.59 രൂപ നൽകേണ്ടി വരും. ഡീസലിനും നിരക്കുയരുന്നത് ചരക്ക് ഗതാഗത ചെലവും അതുവഴി സാധനങ്ങളുടെ വിലയേയും ബാധിക്കും.
ബജറ്റിൽ സംസ്ഥാനം മദ്യത്തിന് വില വർധിപ്പിച്ചിട്ടുണ്ട്. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 40 രൂപയും ഏപ്രിൽ 1 മുതൽ സെസ് ആയി നൽകണം.
കേന്ദ്ര സർക്കാർ സിഗരറ്റിന് മുകളിൽ 16 % നികുതിയാണ് വർധിപ്പിച്ചത്.സിഗരറ്റിന്റെ വലിപ്പം, ഫിൽട്ടർ മുതലായവയെ അടിസ്ഥാനമാക്കി വിലയിൽ 15-16 % വർധന പ്രതീക്ഷിക്കാം.
ഏപ്രിൽ ഒന്നുമുതൽ മോട്ടോർ വാഹനങ്ങൾക്ക് വില കൂടും. രണ്ടുലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ഒറ്റത്തവണ നികുതി 2% കൂടി 2000 മുതൽ നാലായിരം രൂപ വരെ വിലയും കൂടും.
അഞ്ചുലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് ഒരു ശതമാനമാണ് നികുതിവർധന. 15 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് രണ്ടുശതമാനവും നികുതി ഉയർത്തി.
15-20 ലക്ഷം രൂപ വിലയുള്ളവ
20-30 ലക്ഷം രൂപ വിലയുള്ളവ
30 ലക്ഷത്തിനു മുകളിൽ വിലയുള്ളവ
എന്നിങ്ങനെ തിരിച്ച് ഒരു ശതമാനം വീതം നികുതി കൂട്ടി. വാഹനങ്ങളുടെ നികുതി കൂട്ടുന്നതിലൂടെ 432 കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
പൂർണമായും ഇറക്കുമതി ചെയ്ത ആഡംബര കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റം ഡ്യൂട്ടി 60 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇത് വാഹനങ്ങളുടെ വില ഉയർത്തും.
ഇതോടൊപ്പം BS-VI stage 2 വാഹനങ്ങളില്‍ തത്സമയം മലനീകരണം പരിശോധിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് (OBD) 2 എന്ന ഉപകരണം ഘടിപ്പിക്കേണ്ടതുണ്ട്.ഇതിനാല്‍ വാഹനങ്ങള്‍ക്ക് 10,000 രൂപ മുതല്‍ 30,000 രൂപ വരെ വില വര്‍ധിക്കും. എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകള്‍ക്ക് 2500 രൂപ കൂടും.
രജിസ്‌ട്രേഷൻ നിരക്ക് ഇരട്ടിയാക്കി
ഏപ്രിൽ മുതൽ രജിസ്‌ട്രേഷൻ സമയത്ത് ഈടാക്കാറുള്ള റോഡ് സേഫ്റ്റി സെസ്സ് ഇരട്ടിയായി കൂടും. ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയുള്ളത് നൂറായി. കാറുകൾക്ക് നൂറുള്ളത് 200 രൂപയായി. ഇടത്തരം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയുള്ളത് 300 ആക്കി. ഭാരവാഹനങ്ങൾക്ക് 250 രൂപയുള്ളത് 500 ആയും വർധിച്ചു. വാണിജ്യ, വ്യവസായ യൂണിറ്റുകൾക്കുള്ള വൈദ്യുതിത്തീരുവ അഞ്ചുശതമാനം വർധിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന കെട്ടിടനികുതി, അപേക്ഷാഫീസ്, പരിശോധനാഫീസ്, ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കാനുള്ള പെർമിറ്റ് ഫീസ് എന്നിവ കൂട്ടും. കെട്ടിടനികുതി വർഷത്തിൽ അഞ്ചുശതമാനം കൂട്ടാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ള നിരക്കുകൾ വ്യക്തമാക്കി തദ്ദേശ വകുപ്പ് പ്രത്യേക ഉത്തരവിറക്കും.
കെട്ടിടനികുതി അടയ്ക്കാതിരുന്നാലുള്ള പിഴ ഒരു ശതമാനമുള്ളത് രണ്ടു ശതമാനമായി. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിടനമ്പർ ലഭിച്ച് ആറു മാസത്തിനുള്ളിൽ കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കുമുള്ള മുദ്രവില അഞ്ചു ശതമാനമുള്ളത് ഏഴായി.
അൺ എയ്ഡഡ് സ്ഥാപനങ്ങൾ, അവയ്ക്കുകീഴിലെ ഹോസ്റ്റൽ കെട്ടിടങ്ങൾ എന്നിവയെ ഇളവിൽനിന്നൊഴിവാക്കിയതിനാൽ ഇനി കെട്ടിടനികുതി നൽകണം.
ഭൂമി വില കൂടും
വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത് പ്രകാരം ഭൂമിയുടെ ന്യായവില 20 % വർധിപ്പിക്കും. ഉയർന്ന വിപണിമൂല്യമുള്ളിടത്ത് 30 ശതമാനം വരെ വില വർധിക്കാം.
ഇളവുകൾ
- പുതുതായി വാങ്ങുന്ന ഇ-വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനമുള്ളത് 5% ആകും. ഇ-ടാക്സികൾക്കും വിലയുടെ 5 % നികുതിയടച്ചാൽ മതി.
കോവിഡ് പ്രതിസന്ധിയിലായ സ്വകാര്യബസ്, കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങൾക്ക് ത്രൈമാസ നികുതിയിൽ 10 ശതമാനം ഇളവ്. - 60 ചതുരശ്രമീറ്ററിൽ താഴെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കെട്ടിടനികുതിയില്ല.
- വാങ്ങിയ ഭൂമി മൂന്നും ആറും മാസത്തിനുള്ളിൽ വീണ്ടും വിൽക്കുമ്പോഴുള്ള അധിക സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി.
The new financial year is about to begin. It is certain that it will start from April 1.