- വിഴിഞ്ഞം കൊണ്ട് ഗുണം ആർക്ക്?
- വിഴിഞ്ഞം പദ്ധതി തിരുവന്തപുരത്തിന്റെ സമഗ്ര വികസനത്തിന് മാതൃകയാകും എന്നൊരു വാദമുണ്ട്.
അങ്ങനെ മാത്രം ആണോ?
ഒരു ജില്ലയുടെ വികസനത്തിൽ മാത്രം ഒരുങ്ങുന്നതാണോ വിഴിഞ്ഞം പദ്ധതി? ഇന്ത്യ മഹാരാജ്യത്തിനു മുഴുവൻ സാമ്പത്തിക ലാഭം ഉണ്ടാക്കികൊടുക്കാനുള്ള ശേഷിയും കഴിവുമായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരുങ്ങുന്നത്. രാജ്യത്തെ വിവിധ തുറമുഖങ്ങൾ, റെയിൽ ചരക്കു നീക്കം , റോഡ് ഗതാഗതം എന്നിവ വഴി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ലാഭിക്കാൻ പോകുന്നത്, അനവധി കോടികളാണ്.
കാരണം, ഇനി രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ചരക്കു നീക്കത്തിന്റെ 80%വും നടക്കാൻ പോകുന്നത് വിഴിഞ്ഞം വഴിയാകും. വിഴിഞ്ഞത്ത് എത്തുന്ന മദർ ഷിപ്പുകളിലെ ചരക്കുകൾ ഇനി കേരളത്തിലൂടെ റോഡ് മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകും.
രാവും പകലും ധൃതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം മാറും. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ പോർട്ടാവും വിഴഞ്ഞം. ഇപ്പോൾ, കൊളംബോയ്ക്ക് ഉൾപ്പെടെ നൽകുന്ന വകയിൽ വർഷം 4000 കോടി രൂപ ലാഭിക്കാനുമാവും.
മദർഷിപ്പിന് അടുക്കാനാകുമോ?
സിംഗപ്പൂരിലും ദുബൈയിലും ഒക്കെ ഇന്ത്യക്കു വേണ്ടി അടുപ്പിച്ചിരുന്ന മദർഷിപ്പുകൾ ഇനി നേരെ വിഴിഞ്ഞത്തെത്തും . സിംഗപ്പൂരിൽ നിന്നും ദുബായ് തുറമുഖത്തു നിന്നും ഇന്ത്യയിലേ തുറമുഖങ്ങളിലേൽക്കു വന്നിരുന്ന ചെറു ഷിപ്പുകൾ ഇനി കണ്ടൈനർ ചരക്കുമായി യാത്ര തുടങ്ങുക വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നുമാകും . അവിടെ നിന്നും നേരെ കണ്ടല , മുംബൈ അടക്കം തുറമുഖങ്ങളിലേക്കു ചെന്ന് ചരക്കിറക്കും. പിന്നെ വിഴിഞ്ഞം വരെ നീട്ടുന്ന തീവണ്ടി ഗുഡ്സ് ട്രെയിനുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എന്തിന് കാശ്മീർ വരെ ചരക്കു കൊണ്ട് പോകും. തീർന്നില്ല. വിഴിഞ്ഞത്തു നിന്നും ആരംഭിക്കുന്ന ദേശിയ പതിയിലേക്കു കണക്ട് ചെയ്യുന്ന ആറുവരി ബൈപാസ് റോഡുകളിലൂടെ റോഡ് മാർഗം കണ്ടെയ്‌നറുകൾ നീങ്ങും. അപ്പോൾ ലാഭം ആർക്കാണ്. ഇന്ത്യക്കു തന്നെ.
ഇനി അദാനിയുമായുള്ള 40 വർഷ കരാർ തീരുമ്പോൾ വിഴിഞ്ഞം, രാജ്യത്തിന് നേടി കൊടുക്കുന്ന ആകെ വരുമാനം ഏറ്റവും കുറഞ്ഞത് 28,000 കോടിയാകും. ഇതിൽ സംസ്ഥാനത്തിന് 4,700 കോടിയും, പിന്നെ നികുതി ആയി 2,700 കോടിയും ലഭിക്കും.
അദാനിക്ക് ലാഭം 2,391 കോടി രൂപയായിരിക്കും.
കഴിഞ്ഞ വർഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടി ഡോളറിന്റെ കയറ്റുമതിയുമാണ് ഇന്ത്യ നടത്തിയത്. ഇതിനായി കൊച്ചി അടക്കം സർക്കാരിന്റെ പന്ത്രണ്ട് പോർട്ടുകളും അദാനിയുടെ പന്ത്രണ്ടു പോർട്ടുകളും പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്.
തോട്ടണ്ടി നേരിട്ട് ഇങ്ങെത്തും!
ചരക്കു കണ്ടെയ്‌നറുകളുടെ ഹാൻഡ്‌ലിംഗ് ചാർജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. പതിനായിരത്തോളം പേർക്ക് നേരിട്ട് തൊഴിലും ലഭിക്കും. ഇനി ഇന്ത്യയിലേക്ക് നിലവിൽ വന്നുകൊണ്ടിരിക്കുന്ന ഉത്പന്നങ്ങൾ ഏതൊക്കെയെന്നു നോക്കാം.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി, കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെത്തിച്ചശേഷം ഫീഡർ കപ്പലുകളിൽ കൊച്ചിയിലും തൂത്തുക്കൂടിയിലും എത്തിക്കുകയായിരുന്നു ഇതുവരെ. ഇനി ഇതിനു പകരം തോട്ടണ്ടി നേരിട്ട് വിഴിഞ്ഞത്ത് ഇറക്കും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സാധനങ്ങളും ഇതുപാേലെ എത്തും. പ്ളൈവുഡ്, ഓട്, കളിമൺ പാത്രം, ചെരുപ്പ്, തുണിത്തരങ്ങൾ, ചെമ്മീൻ, സംസ്കരിച്ച കശുവണ്ടി തുടങ്ങിയവ കേരളത്തിന്റേതായി ഇവിടെ നിന്ന് നേരിട്ട് കയറ്റി അയയ്ക്കും. ചരക്കു നീക്കത്തിന് ഷാങ്ഹായിൽ നിന്നുള്ള എട്ടു കൂറ്റൻ ക്രെയിനുകളാണ് അദാനി വാങ്ങി വിഴിഞ്ഞത്ത് കൊണ്ടുവരുന്നത്. 80 കോടി രൂപയാണ് ഒരു ക്രെയിനിന്റെ വില. അടുത്ത മെയ് മാസം ഇവ കേരളത്തിലെത്തിയേക്കും.
പ്രാദേശിക വികസനം സാധ്യമാകാതെ വിഴിഞ്ഞം തുറമുഖത്തിന് നിലനിൽപ്പില്ല. അത് സ്വാഭാവികമാണ്.
ക്രെയിൻ സർവീസ് സെന്ററുകൾ, കണ്ടെയ്‌നർ സ്റ്റോറേജുകൾ, റഫ്രിജറേഷൻ കേന്ദ്രങ്ങൾ, ഇലക്‌ട്രോണിക്‌സ് സ്ഥാപനങ്ങൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ ഇവയൊക്കെ വിഴിഞ്ഞം തുറമുഖ നഗരത്തെ ചുറ്റിപറ്റി ഉയർന്നു വരും. പരോക്ഷമായി പതിനായിരങ്ങൾക്ക് ഇവിടങ്ങളിൽ തൊഴില്സാധ്യത തുറക്കും.
ക്രൂയിസ് ഷിപ്പുകളും വരും
വിഴിഞ്ഞത്തു വരിക ചരക്കുമായി മദർ ഷിപ്പുകൾ മാത്രമാണോ. അല്ല, ഇടയ്ക്കിടെ ക്രൂയിസ് ചെയ്ഞ്ചിനായി വിഴിഞ്ഞത്തു ഉല്ലാസ കപ്പലുകൾ വരുന്നുണ്ട്. ഇനി ഇന്ത്യ കാണാനെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ ഉല്ലാസ കപ്പലുകൾ നേരിട്ട് വിഴിഞ്ഞത്താകും അടുപ്പിക്കുക. അവരുടെ ഭാരത ദർശനം ഇവിടെ തുടങ്ങും. അവർ മടങ്ങുന്നതും ഇവിടെ നിന്ന് തന്നെയാകും.
സിംഗപ്പൂരിലും ദുബൈയിലും ഒകെ നാം കാണുകയും അറിയുകയും ചെയ്തിട്ടുള്ള കൂറ്റാൻ തുറമുഖങ്ങളെ പോലും വെല്ലുന്ന ഒരു തുറമുഖം വിഴിഞ്ഞത്തു പ്രവർത്തനം തുടങ്ങിയാൽ എന്തൊക്കെ മാറ്റങ്ങൾ രാജ്യത്തെ ഓരോ മുക്കിലും മൂലയിലും ഉണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് രാജ്യത്തിൻറെ സാമ്പത്തിക വ്യാപാര വാണിജ്യ മേഖലകളിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റം എത്രവലുതാണ്. ഇതോടെ തുറുമുഖ നഗരം എന്ന നില്ക്കും വാണിജ്യ തലസ്ഥാനം എന്ന നിലയ്ക്കും കൊച്ചി എഞ്ചോയ് ചെയ്തിരുന്ന പല പ്രിവിലേജും തിരുവനന്തപുരത്തേക്ക് പോകുമോ എന്നതാകും കൊച്ചിയുടെ ആശങ്ക! നിങ്ങൾ എന്ത് പറയുന്നു?