കേരളത്തിന്റെ സംരംഭക, വ്യാവസായിക, ഐ ടി , സാമൂഹിക വളർച്ചാകുതിപ്പുകൾ എണ്ണിപറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ.
“സ്വാതന്ത്ര്യത്തിന്റെ 100 ാം വർഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കി കേരളത്തെ മാറ്റാനാണ്, വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനാണ് ഈ സർക്കാർ യത്നിക്കുന്നത്. നേട്ടങ്ങളെല്ലാം എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്തുകയുമാണ്.”
തിരുവനന്തപുരത്തു സ്വാതന്ത്ര്യപരേഡിൽ അഭിവാദ്യം സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
സംരംഭക വർഷം മിഷൻ തൗസൻഡ് പദ്ധതിയിലേക്ക്
സംരംഭകവർഷം പ്രതീക്ഷിച്ചതിനേക്കാൾ വിജയമെന്ന് മുഖ്യമന്ത്രി
“വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർച്ച എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ആകെ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണ്.
കുതിപ്പിന്റെ പാതയിൽ IT മേഖല
കേരളത്തിലെ ഐ ടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു. ഐ ടി സ്പേസിന്റെ കാര്യത്തിലാകട്ടെ ഇക്കാലയളവിൽ 75 ലക്ഷത്തോളം ചതുരശ്രയടിയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കളെ തൊഴിൽ നൈപുണ്യം സിദ്ധിച്ചവരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം എന്നിവ നടപ്പാക്കിവരികയാണ്.
മുന്നേറി കിഫ്ബി
അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു നമ്മൾ 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമുക്കു കഴിഞ്ഞു. 2016 മുതൽ 2023 വരെയുള്ള 7 വർഷങ്ങൾ കൊണ്ട് ആകെ 81,000 ത്തോളം കോടി രൂപയുടെ 1,057 വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
ആഭ്യന്തര ഉത്പാദനം വർധിച്ച കേരളം
2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വർഷംകൊണ്ട് 84 ശതമാനം വർദ്ധനവ്. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു. 54 ശതമാനത്തിലധികം വർദ്ധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിധത്തിൽ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതിനടിസ്ഥാനം നൽകുന്ന വികസന പ്രവർത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രമല്ല, ക്ഷേമ മേഖലയിലും സവിശേഷമായ ഇടപെടലുകൾ നടത്തിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. 2016 മുതൽക്കിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ നാല് ലക്ഷത്തിലധികം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങിയവയെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്.
ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം ഇത്തരമൊരു മുൻകൈയ്യെടുക്കുന്നത്. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരരായി കണ്ടെത്തിയിട്ടുള്ളത്. അവർക്കുള്ള സർക്കാർ രേഖകൾ ഇതിനോടകം ലഭ്യമാക്കിക്കഴിഞ്ഞു. അവരുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനുള്ള മൈക്രോപ്ലാനുകളുടെ രൂപീകരണവും പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലുകളിലൂടെ 2025 ഓടെ കേരളത്തിൽ നിന്നും അതിദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉൾക്കൊള്ളലും ഉൾച്ചേർക്കലും മുഖമുദ്ര ആയിട്ടുള്ള നവകേരളം യാഥാർത്ഥ്യമാക്കുകയാണ്.
വിവിധ മേഖലകളിൽ കേരളം ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണ് നമ്മൾ നവകേരളം ഒരുക്കുക. അതിന് ഓരോ കേരളീയന്റെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാവണം. സ്വാതന്ത്ര്യ സമരകാലത്ത് മറ്റെന്തിനേക്കാളും രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു പ്രാധാന്യം കൊടുത്തവരാണ് നമ്മുടെ പൂർവ്വികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമ്മിതിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്.