രാജ്യത്ത് വളർന്നുവരുന്ന 26 സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ പട്ടികയിൽ തിരുവനന്തപുരത്തെയും കൊച്ചിയെയും ഉൾപ്പെടുത്തി നാസ്‌കോം.
ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച ഒരു സർവേ റിപ്പോർട്ട് പ്രകാരം, ഗുണനിലവാരമുള്ള മാനവവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കാരണം ഈ രണ്ട് ടയർ-2 നഗരങ്ങളും ഭാവിയിലെ ഐടി വികസനത്തിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കാര്യമായ ഉത്തേജനം നൽകുന്ന കണ്ടെത്തലാണിത്.
‘സാങ്കേതിക കേന്ദ്രങ്ങളുടെ അടുത്ത തരംഗം’-‘next wave of technology hubs’- എന്നറിയപ്പെടുന്ന 26 നഗരങ്ങളെ പരിധിയിൽ പെടുത്തിയായിരുന്നു സർവേ. വിവിധ ടയർ-2 നഗരങ്ങളിലെ ഊർജ്ജസ്വലമായ ടെക് ഹബുകളുടെ ആവിർഭാവം പരിശോധിക്കുകയും, സാങ്കേതിക വ്യവസായത്തിന്റെ വളർച്ചയുടെ പാതയിലേക്ക് വെളിച്ചം വീശുകയും ചെയ്തു. റിപ്പോർട്ട് പ്രകാരം തിരുവനന്തപുരത്തും കൊച്ചിയിലും സ്റ്റാർട്ടപ്പ് സാന്ദ്രത കൂടുതലാണ്. ഇരു നഗരങ്ങളിലും ഗണ്യമായ എണ്ണം സയൻസ് ആൻഡ് ടെക്‌നോളജി, മാനേജ്‌മെന്റ്, മറ്റ് ബിരുദധാരികൾ എന്നിവയുണ്ട്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, മെച്ചപ്പെട്ട സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യവിഭവങ്ങളുടെ ലഭ്യത എന്നിവയാൽ തിരുവനന്തപുരം വേറിട്ടുനിൽക്കുന്നു.
കൊച്ചിയും തിരുവനന്തപുരവും മികച്ച റിയൽ എസ്റ്റേറ്റ് ആകർഷണവും ശക്തമായ ഇന്റർ-സിറ്റി ഇന്റർസിറ്റി കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കൊച്ചി പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് ലഭ്യതയിൽ മികവ് പുലർത്തുന്നു, അതേസമയം തിരുവനന്തപുരം “good” വിഭാഗത്തിൽ പെടുന്നു. റിയൽ എസ്റ്റേറ്റ് ചെലവുകൾ സംബന്ധിച്ച്, രണ്ട് നഗരങ്ങളും അനുകൂലമായി റേറ്റുചെയ്തിരിക്കുന്നു. എഡ്‌ടെക്, ഹെൽത്ത് ടെക്, ഫിൻടെക് തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐഒടി, റോബോട്ടിക്‌സ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെയും വികസനത്തിന്റെ കാര്യത്തിൽ തിരുവനന്തപുരത്തിന് നേരിയ നേട്ടമുണ്ട്. എന്നിരുന്നാലും, മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിന്റെ കാര്യത്തിൽ രണ്ട് നഗരങ്ങളെയും മിതമായതായി -moderate – തരം തിരിച്ചിരിക്കുന്നു.
ടയർ-1 നഗരങ്ങളിലെ പല കമ്പനികളും കൊച്ചിയിലും തിരുവനന്തപുരത്തും പ്രവർത്തനം ആരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി നാസ്‌കോമിലെ കേരള റീജിയണൽ കൗൺസിൽ ചെയർമാൻ വിജയ് കുമാർ പറഞ്ഞു.
“പഠനമനുസരിച്ച്, കേരളത്തിലെ ടാലന്റ് പൂളിന്റെ ബാഹുല്യമാണ് അതിനെ ഉൾപ്പെടുത്തുന്നതിൽ പ്രധാന ഘടകം. കേരളം ക്രമസമാധാന പ്രശ്‌നങ്ങൾ കുറവുള്ള സംസ്ഥാനവും സുരക്ഷിതവുമാണ്. ടയർ-1 നഗരങ്ങളിൽ തിരക്ക് കൂടുതലാണ്, നിരവധി ആളുകൾ ചെറിയ നഗരങ്ങളിലേക്ക് മാറാൻ താൽപ്പര്യപ്പെടുന്നു. അടുത്തിടെ, ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു MNC, കേരളത്തിൽ ഈ രണ്ട് നഗരങ്ങളിൽ ഒന്നിൽ പ്രവർത്തനം ആരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സ്റ്റാർട്ട്-അപ്പ് മിഷൻ സിഇഒ അനൂപ് അംബിക, സർവേയുടെ പാരാമീറ്ററുകളിൽ ഈ രണ്ട് നഗരങ്ങളുടെയും പ്രാധാന്യം കേരളത്തിലെ അപാരമായ ടാലന്റ് പൂളിന്റെ മികവാണെന്നു ചൂണ്ടിക്കാട്ടി.
“ഇത് ശാസ്ത്ര സാങ്കേതിക മേഖലയിൽ സംസ്ഥാനത്തിന്റെ ശക്തമായ സാന്നിധ്യത്തിന് ഊന്നൽ നൽകി. ഞങ്ങളുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രധാനമായും ശാസ്ത്ര സാങ്കേതിക മേഖലയിലേക്ക് നീങ്ങുകയാണ്. ഞങ്ങളുടെ മികച്ച മാനവ വിഭവശേഷിയും താങ്ങാനാവുന്ന വിലയുമാണ് ഞങ്ങളെ പട്ടികയുടെ മുകളിൽ എത്തിച്ചത്. ബഹിരാകാശ മേഖല, ആരോഗ്യ പരിപാലനം, കൃഷി എന്നിവയിലും ഞങ്ങൾക്ക് മികച്ച ഗവേഷണ ശക്തികളുണ്ട്. അതുകൊണ്ട് നിക്ഷേപകർക്ക് മുന്നിൽ നമ്മുടെ കഴിവുകൾ മുതലാക്കേണ്ടതുണ്ട്”.
ടെക്‌നോപാർക്ക് സിഇഒ സഞ്ജീവ് നായർ, കൊച്ചിയും തിരുവനന്തപുരവും ടെക്‌നോളജി ഹബ്ബുകളായി ഉയർന്നുവരുന്നതിനെ പ്രശംസിച്ചു,
“നൂതനാശയങ്ങളും സാങ്കേതികവിദ്യാധിഷ്‌ഠിത വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധത ഈ റിപ്പോർട്ട് അടിവരയിടുന്നു.
ഈ പരിവർത്തനം സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും മാത്രമല്ല, ആഗോളതലത്തിൽ സാങ്കേതികമായി വികസിത ലക്ഷ്യസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് “.