കർണാടക സർക്കാർ ബെംഗളൂരുവിൽ കാർപൂളിംഗ് നിരോധനം
ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നിയമലംഘകർക്ക് 10,000 രൂപ വരെ പിഴ ചുമത്തുമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നതോടെ അങ്കലാപ്പിലായതു ഐ ടി, ടെക്ക് മേഖലയാണ്. കാരണം വിവരിക്കാൻ പോലും സാധിക്കാത്ത വിധം തിരക്കേറിയ ബംഗളുരു മെട്രോ നഗരത്തിൽ കാർ പൂളിങ് ടെക്ക് മേഖലക്ക് ഒരു അനുഗ്രഹമാണ്. നിരവധി സ്റ്റാർട്ടപ്പുകളും, സംരംഭങ്ങളും കാർ പൂളിംഗിനായി ആപ്പ് അടക്കം കർണാടകയിലും, രാജ്യമൊട്ടാകെയും വിവിധ സേവനങ്ങളും നൽകി വരികയാണ്. എന്നാൽ ഇതിനെതിരെ ബംഗളുരുവിലെ കാബ് ഓപ്പറേറ്റർമാർ രംഗത്തെത്തിയിരിക്കുന്നു. കനത്ത പ്രതിഷേധത്തിനിടയിൽ അത്തരത്തിൽ നിരോധനമൊന്നും ഇത് വരെ കാർ പൂളിങ് സംവിധാനത്തിന് ഏർപ്പെടുത്തിയിട്ടില്ല എന്ന് കർണാടക സർക്കാരും, ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. എന്നിട്ടും കാർ പൂളിങ് ആപ്പുകൾക്കെതിരെ കാബ് ഓപ്പറേറ്റർമാർ പ്രതിഷേധത്തിലാണ്. വിഷയത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ പത്തു ദിവസത്തെ സാവകാശം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ട കർണാടക സർക്കാരാകട്ടെ അതുവരെ ആപ്പ് നിരോധിക്കില്ലെന്നും, കാർ പൂളിങ് തടയിലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബംഗളൂരുവിലെ കാർപൂളിംഗുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനു കാരണം രാജ്യത്തിന്റെ സാങ്കേതിക തലസ്ഥാനമായ ഇവിടെ 75.2 ലക്ഷം ഇരുചക്രവാഹനങ്ങളും 22.9 ലക്ഷം കാറുകളും ഉൾപ്പെടെ 1.1 കോടിയിലധികം വാഹനങ്ങളുണ്ട് എന്നത് തന്നെയാണ്. ഈ വർഷം ഫെബ്രുവരിയിൽ ഡച്ച് ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം പ്രസിദ്ധീകരിച്ച ട്രാഫിക് സൂചികയിൽ 2022-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമാണ് ബെംഗളൂരുവെന്നാണ് പറയുന്നത്.
കാർപൂളിംഗ് നിരോധിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടിട്ടുണ്ടോ?
ഇതുവരെ അങ്ങനെയൊരു സർക്കാർ ഉത്തരവ് ഉണ്ടായിട്ടില്ല. ക്വിക്ക് റൈഡ് പോലുള്ള പ്രധാന കാർപൂളിംഗ് അഗ്രഗേറ്ററുകൾ തങ്ങൾക്ക് ഗതാഗത വകുപ്പിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ കാർപൂളിങ്ങിന് 10,000 രൂപ പിഴ ചുമത്തിയിട്ടില്ലെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്താണീ വ്യത്യാസം വൈറ്റ് ബോർഡും മഞ്ഞ ബോർഡും ഉള്ള വാഹനങ്ങൾ തമ്മിൽ?
മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച്, മഞ്ഞ ബോർഡ് ഉള്ളവ ഗതാഗത വാഹനങ്ങളായി പ്രവർത്തിക്കാൻ അനുവാദമുണ്ട്. മഞ്ഞ ബോർഡ് വാഹനങ്ങൾക്ക്, ഡ്രൈവർമാർ പൊതു സേവന വാഹന ബാഡ്ജ് (മഞ്ഞ ബാഡ്ജ്) നേടണം, ടാക്സി പെർമിറ്റ് ഫീസ് അടയ്ക്കണം, രണ്ട് വർഷം കൂടുമ്പോൾ വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കണം, ഉയർന്ന ഇൻഷുറൻസ് പ്രീമിയങ്ങൾ, ത്രൈമാസ നികുതികൾ, അന്തർസംസ്ഥാന യാത്രകൾക്ക് പ്രത്യേക പെർമിറ്റ് ഫീസ് എന്നിവ നൽകണം. കൂടാതെ, ഓരോ അഞ്ച് വർഷത്തിലും ഒരു വാണിജ്യ വാഹനം പ്രവർത്തിപ്പിക്കുന്നതിന് അവരുടെ ലൈസൻസ് പുതുക്കേണ്ടതുണ്ട്.
വൈറ്റ് ബോർഡ് വാഹനങ്ങൾ സ്വകാര്യ ഉപയോഗത്തിന് മാത്രമുള്ളതാണ്.
വൈറ്റ് ബോർഡ് വാഹനങ്ങൾക്ക്, ഉടമകൾ ആജീവനാന്ത നികുതിയും ഇൻഷുറൻസും അടയ്ക്കുകയും വേണം. ഇവർക്ക് അന്തർസംസ്ഥാന യാത്രയ്ക്ക് അധിക പെർമിറ്റ് അടക്കേണ്ടി വരുന്നില്ല. കാരണം ഇത് വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. വാണിജ്യ വാഹനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കുകയും യാത്രക്കാരെ കയറ്റുകയും ചെയ്യുന്നതിനാൽ, വാഹനങ്ങളുടെ ഫിറ്റ്നസ് പ്രധാനമാണ്.
പെർമിറ്റ് ലംഘനങ്ങൾക്കെതിരെ കേസെടുത്തു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ
‘പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ’ കൈകാര്യം ചെയ്യുന്ന മോട്ടോർ വെഹിക്കിൾ (എംവി) നിയമത്തിലെ സെക്ഷൻ 192 എ പ്രകാരം, ആദ്യ തെറ്റിന് 5,000 രൂപ വരെയും തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 10,000 രൂപ വരെയും പിഴ ചുമത്താവുന്നതാണ്. എംവി ആക്ട് അനുസരിച്ച്, ഈ വകുപ്പ് പ്രകാരം പെർമിറ്റ് ലംഘനങ്ങൾക്കെതിരെ കേസുകൾ ബുക്ക് ചെയ്യാമെന്നും എന്നാൽ കാർപൂളിംഗ് ലംഘിക്കുന്നവർക്ക് പ്രത്യേക പിഴയൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംവി നിയമങ്ങൾ അനുസരിച്ച്, ഭക്ഷണത്തിനും ഇ-കൊമേഴ്സ് ഡെലിവറി സേവനങ്ങൾക്കും ഉപയോഗിക്കുന്ന വൈറ്റ് ബോർഡ് നമ്പർ പ്ലേറ്റ് ഇരുചക്രവാഹനങ്ങൾ നിയമവിരുദ്ധമാണ്.
എന്നിട്ടും ഇത് ബംഗളൂരുവിൽ ഒരു വിഷയമായി മാറിയത് എങ്ങിനെ ?
കാർപൂളിംഗ് സേവനങ്ങൾ നിരോധിക്കുക, മൊബിലിറ്റി അഗ്രഗേറ്ററുകൾ നിയന്ത്രിക്കുക തുടങ്ങിയ വിവിധ നടപടികൾ ആവശ്യപ്പെട്ട് സെപ്റ്റംബർ 11 ന് 32 ട്രാൻസ്പോർട്ട് യൂണിയനുകൾ ഏകദിന പണിമുടക്ക് നടത്തി. ഇതിനെത്തുടർന്ന്, ഒരു ക്യാബ് ഡ്രൈവർമാരുടെ യൂണിയൻ അംഗങ്ങൾ ബെംഗളൂരുവിലെ നാഗവാരയിലെ മാന്യത എംബസി ബിസിനസ് പാർക്കിൽ ക്വിക്ക് റൈഡ് ഉപയോക്താക്കളെ കൈകാര്യം ചെയുകയും കാർപൂളിംഗ് നിയമവിരുദ്ധമാണെന്ന് അവകാശപ്പെടുകയും ചെയ്തു, ഇത് സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇടയാക്കി. വാണിജ്യ ആവശ്യങ്ങൾക്ക് വൈറ്റ് ബോർഡ് വാഹനങ്ങൾ ഉപയോഗിക്കുന്നതായി ആരോപിച്ച് സെപ്റ്റംബറിൽ കർണാടക സ്റ്റേറ്റ് ടാക്സി ഡ്രൈവേഴ്സ് കൗൺസിൽ ക്വിക്ക് റൈഡിനെതിരെ ഗതാഗത വകുപ്പിന് പരാതി നൽകി. പരാതി നിയമാനുസൃതം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കർണാടകയിൽ മാത്രമല്ല ഈ വിഷയം
കാർപൂളിംഗ് അഗ്രഗേറ്ററുകളും ക്യാബ് ഡ്രൈവർമാരും തമ്മിലുള്ള ഈ സംഘർഷം മറ്റ് സംസ്ഥാനങ്ങളിലും നിലവിലുണ്ട്. കാർപൂളിങ്ങിനായി നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഉപയോഗിക്കുന്നത് മഹാരാഷ്ട്ര നിരോധിച്ചു. എന്നിരുന്നാലും, ഐടി തലസ്ഥാനമായും നിരവധി സ്റ്റാർട്ടപ്പുകളുടെ ആസ്ഥാനമായും അറിയപ്പെടുന്ന ബെംഗളൂരു, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാർപൂളിംഗിൽ ഗണ്യമായ വളർച്ച കൈവരിച്ചു, പ്രത്യേകിച്ച് ഔട്ടർ റിംഗ് റോഡ്, ഇലക്ട്രോണിക്സ് സിറ്റി, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിൽ. ക്വിക്ക് റൈഡിന് മാത്രം 13 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ബെംഗളൂരുവിൽ 1.85 കോടി കാർപൂൾ യാത്രകൾ നടത്തി. നഗരത്തിലെ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനുമായി ബെംഗളൂരു ട്രാഫിക് പോലീസ് നേരത്തെ കാർപൂളിംഗ് സംരംഭങ്ങൾ നിർദ്ദേശിച്ചിരുന്നു.
ക്വിക്ക് റൈഡിന്റെ സ്ഥാപകനും സിഇഒയുമായ കെഎൻഎം റാവു, വിദേശ നഗരങ്ങളിലേതിന് സമാനമായ മാർഗനിർദേശങ്ങൾ സൃഷ്ടിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കത്ത് നൽകി. ക്വിക്ക് റൈഡിൽ നിന്നുള്ള കത്തിൽ നിതി ആയോഗിന്റെ ശുപാർശകൾക്ക് അനുസൃതമായി കാർപൂളിംഗ് (വാഹനങ്ങളും ചെലവുകളും ലാഭമില്ലാതെ പങ്കിടുന്നത്) ഒരു വാണിജ്യേതര പ്രവർത്തനമായി കണക്കാക്കാനും അത് ബെംഗളൂരുവിൽ തുടരാൻ അനുവദിക്കാനും നിർദ്ദേശിച്ചു. അവരുടെ റോഡ്, ഗതാഗത നിയമങ്ങളിൽ കാർപൂളിംഗ് ഇളവുകൾ നിർവചിച്ചിട്ടുള്ള സിംഗപ്പൂരിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഒരു ചട്ടക്കൂടിനുള്ളിൽ കാർപൂളിംഗ് മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും നിർവചിക്കാനും നിർദ്ദേശിച്ചു. കാർപൂളിംഗ് ഗതാഗത തിരക്കും മൊത്തത്തിലുള്ള ഇന്ധന ഉപഭോഗവും കുറയ്ക്കുന്നു, ഓരോ കാർപൂളിലും കുറഞ്ഞത് രണ്ട് സഹപ്രവർത്തകരും റോഡിൽ ഒരു വാഹനം കുറവും എന്നതാണ്ക സ്ഥിതിയെന്നു ക്വിക്ക് റൈഡ് വാദിച്ചു.
എന്തിനാണ് ക്യാബ് ഡ്രൈവർമാർ സമരം ചെയ്യുന്നത്?
കോവിഡ് -19 ന് ശേഷം ക്യാബ് ഡ്രൈവർമാർ കാര്യമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, കൂടുതൽ ടെക് കമ്പനികൾ വർക്ക് ഫ്രം ഹോം ക്രമീകരണങ്ങളിലേക്ക് മാറിയിരിക്കുന്നു. നമ്മ മെട്രോ ശൃംഖലയുടെ വിപുലീകരണവും അഗ്രഗേറ്റർമാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കുറച്ചതും അവരെ ബാധിച്ചു. വിലക്കയറ്റവും വാടകയും വർധിക്കുന്നതിനാൽ കാർപൂളിംഗും ബൈക്ക് ടാക്സി സേവനങ്ങളും തങ്ങളുടെ വരുമാനം കവർന്നെടുക്കുന്നതായി ഡ്രൈവർമാർ അവകാശപ്പെടുന്നു.
കാർ പൂളിംഗ് ഉപഭോക്താക്കൾക്ക് അനുഗ്രഹം
ബംഗളൂരുവിലെ കാർപൂളിംഗ് ഉപയോക്താക്കളിൽ ഈ വിവാദം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വെരിഫൈഡ് ഉപയോക്താക്കളുമായി കണക്റ്റുചെയ്യുന്നതിനും അവരുടെ ജോലിസ്ഥലത്തേക്കുള്ള യാത്രാ ചെലവുകൾ പങ്കിടുന്നതിനും ഏറെ പേരും ഈ ആപ്പുകളെ ആശ്രയിക്കുന്നു. തിരക്കേറിയ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും അവയുടെ അപൂർവ്വമായ സർവീസുകളും, മെട്രോ നെറ്റ്വർക്കിന്റെ പരിമിതമായ വിപുലീകരണവും കണക്കിലെടുത്ത്, വർദ്ധിച്ചുവരുന്ന ആളുകൾ ഒരു ബദൽ ഗതാഗത മാർഗ്ഗമായി കാർപൂളിംഗ് ആപ്പുകളിലേക്ക് തിരിയുന്നു. താങ്ങാനാവുന്ന നിരക്ക്, മികച്ച ഗതാഗത സൗകര്യം എന്നീ ഗുണങ്ങളാണ് കാർപൂളിംഗ് വാഗ്ദാനം ചെയ്യുന്നത്.
നിയമവിധേയം കാർ പൂളിങ് ആപ്പുകൾ
കാർപൂൾ റൈഡർമാർക്ക് അവരുടെ റൈഡ് ഉറപ്പാക്കാൻ ‘പോയിന്റ്’ ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ട്, കാർപൂൾ ദാതാക്കൾക്ക് ഈ പോയിന്റുകൾ സ്വീകരിക്കാനാകും. ഈ പോയിന്റുകൾ Paytm പോലുള്ള ഡിജിറ്റൽ വാലറ്റുകളിൽ സംഭരിച്ചിരിക്കുന്നു, അവിടെ ഒരു പോയിന്റ് 1 രൂപയ്ക്ക് തുല്യമാണ്. എന്നിരുന്നാലും, യഥാർത്ഥ പണം ചെലവഴിച്ച് ഈ പോയിന്റുകൾ നേടേണ്ടതുണ്ട്. കാർപൂളിംഗ് ആപ്പുകൾ ഉപയോക്താക്കളിൽ നിന്ന് 6-9 ശതമാനം പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നു. കൂടാതെ, കാർപൂളിംഗിൽ നിന്നുള്ള വരുമാനം ട്രാൻസ്പോർട്ട് അല്ലെങ്കിൽ കൺവെയൻസ് അലവൻസുകൾക്കായി ആദായനികുതി നിയമം നിശ്ചയിച്ചിട്ടുള്ള പരിധി കവിയുന്നുവെങ്കിൽ, ഉപയോക്താക്കൾ ഈ വരുമാനത്തിന് നികുതി അടയ്ക്കുകയും ചെയ്യേണ്ടതുണ്ട്. അധിക പ്രീമിയം അടച്ച് യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനും കാർ ഉടമകൾ ബാധ്യസ്ഥരാണ് . ഈ വിവാദത്തെ തുടർന്ന് നിരവധി വ്യക്തികൾ കാർപൂളിംഗ് ആപ്പുകളെ ആശ്രയിക്കാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കാർപൂളിംഗ് സംവിധാനങ്ങൾ രൂപീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ കാർ പൂളിംഗിന് അനുകൂലം
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റേഴ്സ് മാർഗ്ഗനിർദ്ദേശങ്ങൾ 2020 ലെ ക്ലോസ് 15 ഇങ്ങനെ പറയുന്നു: “ഗതാഗതക്കുരുക്കും വാഹന മലിനീകരണവും, ആസ്തികളും കുറയ്ക്കുന്നതിനും, ഗതാഗത ഇതര വാഹനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യങ്ങളുടെ പുരോഗതിക്കായി. സംസ്ഥാന സർക്കാർ നിരോധിക്കാത്ത പക്ഷം അഗ്രിഗേറ്ററുകൾക്ക് പൂളിംഗ് നൽകാവുന്നതാണ്. പൂളിങ്നിരോധിക്കുകയാണെങ്കിൽ അത്തരം നിരോധനത്തിന്റെ യുക്തി രേഖാമൂലം വ്യക്തമാക്കുകയും സംസ്ഥാന ഗവൺമെന്റിന്റെ ഗതാഗത പോർട്ടലിൽ ലഭ്യമാക്കുകയും വേണം.
അന്തിമ തീരുമാനം ഇനി കർണാടക സർക്കാരിന്റേത്
റിപ്പോർട്ടുകൾ നിഷേധിച്ചുകൊണ്ട് കാർപൂളിംഗിന് നിരോധനമില്ലെന്ന് ഒക്ടോബർ 2ന് കർണാടക സർക്കാർ വ്യക്തമാക്കി. സുഹൃത്തുക്കൾക്കോ അയൽക്കാർക്കോ സഹപ്രവർത്തകർക്കോ കാർപൂൾ ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എന്നിരുന്നാലും, പണ ആനുകൂല്യങ്ങൾക്കായി ഒരു ആപ്പ് ഉപയോഗിച്ച് കാർപൂളിംഗിന് ലൈസൻസ് നേടുകയും മഞ്ഞ ബോർഡ് ഉപയോഗിച്ച് പ്രവർത്തിക്കുകയും വേണം.
കാർപൂൾ അഗ്രഗേറ്റർമാരുടെ ആവശ്യങ്ങൾ പരിശോധിച്ച് 10 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കർണാടക ഗതാഗത മന്ത്രി റെഡ്ഡി പറഞ്ഞു. അതുവരെ, കാർപൂളിംഗ് ആപ്പുകൾ പ്രവർത്തിക്കുന്നത് തുടരാം.
As of February this year, Bengaluru, India’s Silicon Valley, earned the dubious distinction of being the second-most congested city worldwide, according to the TomTom traffic index. With a vehicular population exceeding 1.1 crore, including an astounding 75.2 lakh two-wheelers and 22.9 lakh cars, traffic woes in this tech mecca had reached unprecedented levels.