തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പൽ ഷെൻ ഹുവ 15 കഴിഞ്ഞ ദിവസമാണ് അണഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പേർ ചേർന്ന് കപ്പലിനെ വരവേറ്റു. ഓരോ ദിവസവും എന്തെങ്കിലും പുതിയ വാർത്ത വിഴിഞ്ഞതിന് പറയാനുണ്ടാകും.
വിഴിഞ്ഞം ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന് 20,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അദാനി പോർട്‌സ് തീരുമാനിച്ചതാണ് അതിൽ ഏറ്റവും പുതിയത്. 2030-ഓടെ വിഴിഞ്ഞം ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ നിക്ഷേപം നടത്തുമെന്ന് അദാനി പോർട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ കരൺ അദാനി അറിയിച്ചു.
അദാനിയുടെ സ്വപ്ന പദ്ധതി
7,700 കോടി രൂപ തുറമുഖ നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ നിക്ഷേപം ലഭിച്ചതായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് ഝാ (Rajesh Jha) പറഞ്ഞിരുന്നു. 2,500-3000 കോടി കമ്പനിയും ബാക്കി വരുന്ന തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുമാണ് ചെലവഴിക്കുന്നത്. വയബിളിറ്റി ഗ്യാപ് ഫണ്ടിങ്ങും ഇതിൽ ഉൾപ്പെടും.
അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ വളർച്ചയെ (APSEZ) ത്വരിതപ്പെടുത്താൻ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്തിലെ 13 ടെർമിനലുകളുടെ നടത്തിപ്പ് അദാനിക്കാണ്. വർഷത്തിൽ 580 മില്യൺ ടൺ കാർഗോ ശേഷി ഈ ടെർമിനലുകൾക്ക് ഉണ്ട്. 2030ഓടെ 1 ബില്യൺ കാർഗോ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്റായി മാറാനാണ് അദാനിയുടെ ശ്രമം. വിഴിഞ്ഞം തുറമുഖത്തിലൂടെ ഇത് നടപ്പാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.
വിഴിഞ്ഞത്തിന് ഇത്രയധികം പ്രധാന്യം അദാനി കൊടുക്കുന്നത് ഇതൊരു ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ടായത് കൊണ്ടാണ്. മറ്റു തുറമുഖങ്ങളെ അപേക്ഷിച്ച് മേഖലയിൽ മികച്ച അടിത്തറയുണ്ടാക്കാൻ വിഴിഞ്ഞം കൊണ്ട് അദാനിക്ക് കഴിയും. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന്റെ അടുത്തായതും നേട്ടമാണ്. വിഴിഞ്ഞത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആങ്കർ ഷിപ്പിങ് ലൈൻ കമ്പനികളുമായി ചർച്ചകളും അദാനി ഗ്രൂപ്പ് തുടങ്ങി കഴിഞ്ഞു. മറ്റു തുറമുഖങ്ങളെക്കാൾ മികച്ച അടിസ്ഥാന സൗകര്യവും മറ്റു വ്യാപാര പാതകളിലേക്കുള്ള ബന്ധവും ഉറപ്പിക്കാൻ വിഴിഞ്ഞത്തിന് സാധിക്കുമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഓരോ വർഷവും 5,000-6,000 കോടി കാപ്പിറ്റൽ എക്‌സ്‌പെൻഡീച്ചർ നിക്ഷേപിക്കാനാണ് അദാനി പോർട്ട് ഉദ്ദേശിക്കുന്നത്.
ഇനിയും വളരും
അടുത്ത വർഷം മേയ്-ഡിസംബർ മാസങ്ങളിൽ വിഴിഞ്ഞം തുറമുഖം പൂർണ പ്രവർത്തന സജ്ജമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പ്. 18 മീറ്റർ ആഴമുള്ള ഇന്ത്യയിലെ ഒരേയൊരു ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ടാണ് വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽ മാർഗങ്ങളിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രമാണ് വിഴിഞ്ഞത്ത് നിന്നുള്ള ദൂരം.
ഇതെല്ലാം വിഴിഞ്ഞത്തേക്ക് വലിയ കപ്പലുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 10 വർഷത്തിനുള്ളിൽ അന്താരാഷ്ട്ര ചരക്കു കപ്പലുകളുടെ വലിപ്പം ഇപ്പോൾ ഉള്ളതിനേക്കാൾ കൂടും. ഇതും കൂടി മുന്നിൽ കണ്ടാണ് വിഴിഞ്ഞതിന്റെ നിർമാണം. 20,000 ടിഇയു (TEU) ശേഷി വിഴിഞ്ഞത്തിന് കൈകാര്യം ചെയ്യാൻ പറ്റും. ചൈനയുടെ നിയന്ത്രണത്തിലുള്ള ശ്രീലങ്കയിലെ കൊളംബോ പോർട്ടിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിഴിഞ്ഞം തുറമുഖം സഹായിക്കും.