മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ. തെക്കൻ അമേരിക്കൻ രാജ്യമായ വെനസ്വലയ്ക്ക് മേലുള്ള ഉപരോധത്തിൽ താത്കാലിക ഇളവ് വരുത്താനുള്ള യുഎസിന്റെ തീരുമാനമാണ് ഇന്ത്യയ്ക്ക് അനുകൂലമായത്.
വെനസ്വലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസ് 2 സൂപ്പർടാങ്കുകൾ ബുക്ക് ചെയ്തെന്നാണ് റിപ്പോർട്ട്. ഡിസംബർ-ജനുവരി മാസങ്ങളിൽ സി ഏർണസ്റ്റ്, സി ജീനിയൻ എന്നീ കപ്പലുകളിലായിരിക്കും ഇന്ത്യയിലേക്ക് എണ്ണ എത്തിക്കുക. ഈ കപ്പലുകളിലായി ഏകദേശം 6 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തുമെന്നാണ് കണക്ക്.
വെനസ്വലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തെ എണ്ണ വിലയിൽ എന്ത് മാറ്റമാണ് കൊണ്ടുവരികയെന്നാണ് ഉപഭോക്താക്കൾ നോക്കുന്നത്. എണ്ണ വില കുറയ്ക്കാൻ നീക്കം ഉപകരിക്കുമോയെന്ന് കണ്ടറിയാം.
ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസിന്റെ ഉപരോധം വരുന്നതിന് മുമ്പ് വെനസ്വലയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയിരുന്ന രാജ്യം കൂടിയാണ് ഇന്ത്യ. 2020ലാണ് ഇന്ത്യ അവസാനമായി വെനസ്വലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. വെനസ്വലയിൽ നിന്ന് ഏകദേശം 10 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ മാസത്തിൽ വാങ്ങിയിരുന്നത്.
ചൈനയ്ക്ക് തിരിച്ചടി
വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനയിലെ റിഫൈനറികൾക്ക് അത്ര സന്തോഷ വാർത്തയല്ല. ക്രൂഡ് ഓയിൽ റിഫൈനിംഗിലേക്ക് ഇന്ത്യ തിരിച്ചെത്തുന്നത് ചൈനയുടെ ക്രൂഡ് ഓയിൽ മാർക്കറ്റിന് തിരിച്ചടിയാകും.
ഇന്ത്യ മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ചൈനയുടെ ക്രൂഡ് ഓയിലിന് നൽകിയിരുന്നു ഇളവുകൾ പിൻവലിച്ച് തുടങ്ങിയിരുന്നു. ചൈനയിലെ സ്വകാര്യ റിഫൈനറികളാണ് വെനസ്വലയിൽ നിന്നുള്ള ക്രൂഡ് ഓയലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ. എന്നാൽ ഒക്ടോബർ പകുതിയോടെ ചൈനയുടെ എണ്ണ ശുദ്ധീകരണ ശാലകളിൽ നിന്ന് കാര്യമായ ഉത്പന്നം വിപണിയിലെത്തിയിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു. വെനസ്വലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെയാണിത്.