യുവതലമുറയ്ക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ പാഠങ്ങള്‍ പകരുകയാണ് ബൂട്ട് ക്യാമ്പ്. ചാനല്‍അയാം ഡോട്ട് കോം ഓപ്പണ്‍ഫ്യുവലുമായി ചേര്‍ന്ന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ക്യാംപസുകളില്‍ നടത്തുന്ന ബൂട്ട് ക്യാമ്പിന് കൊച്ചിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കെഎസ്ഐഡിസിയുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും പങ്കാളിത്തത്തോടെയാണ് ഔട്ട് ഓഫ് സിലബസ് എന്ന പേരില്‍ ബൂട്ട് ക്യാമ്പുകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരംഭക സ്വഭാവം പ്രോത്സാഹിപ്പിക്കാനും എന്‍ട്രപ്രണര്‍ഷിപ്പിന്റെ പാഠങ്ങള്‍ പകരാനും ലക്ഷ്യമിട്ടാണ് പരിപാടി.
രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്, എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് എന്നിവിടങ്ങളില്‍ നടന്ന ബൂട്ട് ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമായത്. പരാജയങ്ങളില്‍ നിന്ന് എങ്ങനെ വിജയം നേടാമെന്നതടക്കം വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ ബൂട്ട് ക്യാമ്പിലൂടെ പങ്കുവെച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് മനസില്‍ കരുതിയിരുന്ന സങ്കല്പങ്ങളെ തന്നെ മാറ്റിയെഴുതുന്നതായിരുന്നു ബൂട്ട് ക്യാമ്പെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വിജയം കൊയ്തവരുടെ സക്സസ് സ്റ്റോറീസും മികച്ച സ്റ്റാര്‍ട്ടപ്പ് മോഡലുകളും ബൂട്ട് ക്യാമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ട്ടപ്പ് ഐഡിയ എങ്ങനെ ഇംപ്ലിമെന്റ് ചെയ്യണമെന്ന് ഈ സ്റ്റോറികളിലൂടെ മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്യാംപസുകളില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുതിയ ഒരു സംരംഭക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് ബൂട്ട് ക്യാമ്പ് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങളിലൊന്ന്.
ആദ്യഘട്ടമായി കേരളത്തിലെ പ്രഫഷണല്‍ കോളജുകളും പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെടെ 23 ക്യാംപസുകളിലാണ് ബൂട്ട് ക്യാമ്പുകള്‍ നടന്നുവരുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഓപ്പണ്‍ ഫ്യുയലിന്റെ രോഹിത് രാധാകൃഷ്ണന് ആണ് channeliam.com നൊപ്പം ക്യാംപസുകളില്‍ ബൂട്ട് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്കി സഞ്ചരിക്കുന്നത്. സെപ്റ്റംബര്‍ 12 ന് കൊച്ചിയില്‍ നടക്കുന്ന കെഎസ്ഐഡിസി യംങ്ങ് എന്‍ട്രപ്രണേഴ്സ് സമ്മിറ്റ് (യെസ്) നെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് വിശദീകരിക്കും.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെുള്ള കോളേജുകളില്‍ ബൂട്ട് ക്യാമ്പ് സാന്നിധ്യമറിയിക്കുന്നുണ്ട്.