മഴയും വെയിലും ഇനി കര്‍ഷകര്‍ക്ക് വെല്ലുവിളിയാകില്ല. പാടത്തിന്റെ കരയിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി ട്രാക്ടര്‍ പ്രവര്‍ത്തിപ്പിച്ച് നിലം ഉഴാം. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ വികസിപ്പിച്ച വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തും. ടാബിലെ റിമോട്ട് കണ്‍ട്രോള്‍ വഴി ഈസിയായി നിയന്ത്രിക്കാവുന്ന വാഹനം കാര്‍ഷിക മേഖലയില്‍ ടെക്‌നോളജി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ തെളിവാണ്. ജിപിഎസ് ഉള്‍പ്പെടെയുളള അത്യാധുനീക ഫീച്ചറുകള്‍ കൂട്ടിയിണക്കിയാണ് മഹീന്ദ്ര ട്രാക്ടര്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കയും ജപ്പാനും ഉള്‍പ്പെടെയുളള ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലും വാഹനം അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് കമ്പനി.
തികച്ചും ഹൈടെക്
ജിപിഎസ് വഴി പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റീര്‍ ഫീച്ചര്‍ സംവിധാനം നേര്‍രേഖയില്‍ നിലം ഉഴുന്നതിന് സാധിക്കും. വിത്ത് വിതയ്ക്കുമ്പോഴും ഇതിന്റെ പ്രയോജനം കര്‍ഷകന് ലഭിക്കും. ഓട്ടോ ഹെഡ്‌ലാന്‍ഡ് ടേണും സ്‌കിഡ് പാസിംഗ് ഫീച്ചറും ആവശ്യമനുസരിച്ച് സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നു. നിലത്തിന്റെ ഏത് കോണിലേക്കും ട്രാക്ടര്‍ തിരിക്കാം. ഫലത്തില്‍ മുക്കിനും മൂലയിലും വരെ കൃത്യമായി ഈ ട്രാക്ടര്‍ എത്തും. നിലം ഉഴുതുമറിക്കുന്ന ലിഫ്റ്റ് ആവശ്യമനുസരിച്ച് ഓട്ടോമാറ്റിക്ക് ആയി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഓട്ടോ ഇംപ്ലിമെന്റ് ലിഫ്റ്റ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത. അനായായം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് റിമോട്ട് കണ്‍ട്രോള്‍ ഇന്റര്‍ഫെയ്‌സ് തയ്യാറാക്കിയിരിക്കുന്നത്.
തടസങ്ങള്‍ ഒഴിവാക്കാം അതിര് കടക്കില്ല
ഗ്രൗണ്ടിലെ തടസങ്ങള്‍ മനസിലാക്കി അത് ഒഴിവാക്കാനുളള ഒബ്സ്റ്റാക്കിള്‍ ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡബിള്‍ ഫീച്ചര്‍ ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. തടസങ്ങള്‍ സെന്‍സര്‍ ചെയ്തയാല്‍ വഴിമാറി സഞ്ചരിച്ച് ജോലി തുടരും. ഡിജിസെന്‍സ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫെന്‍സ് ലോക്ക്. മുന്‍കൂട്ടി നിശ്ചയിച്ച അതിരുകള്‍ക്ക് പുറത്തേക്ക് പോകുന്നതില്‍ നിന്നും വാഹനത്തെ വിലക്കുന്നു.
കര്‍ഷകര്‍ക്ക് എന്ത് പ്രയോജനം
കാലാവസ്ഥയിലെ മാറ്റം വിളവിറക്കാനും നിലം ഉഴാനും കര്‍ഷകര്‍ക്ക് വെല്ലുവിളിയാകില്ല. ഇത് കൂടുതല്‍ ഉല്‍പാദനക്ഷമത ഉറപ്പു നല്‍കും. കൃഷിയിടങ്ങളില്‍ വിദഗ്ധ തൊഴിലാളികളുടെ കുറവ് മൂലം വിഷമം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കൂടിയാണ് മഹീന്ദ്രയുടെ നീക്കം