ഐടിയില്‍ കേരളം രാജ്യത്തിനാകെ വികസന മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തെ അനുസരിച്ചായിരിക്കും രാജ്യത്തിന്റെ ഫ്യൂച്ചര്‍ ഇക്കണോമിയും എംപ്ലോയ്മെന്റ് ക്രിയേഷനും നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസാണ് കേരളമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ടെക്നോസിറ്റിയില്‍ സര്‍ക്കാരിന്റെ ആദ്യ ഐടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കവേയാണ് കേരളത്തിന് അഭിമാനമാകുന്ന രാഷ്ട്രപതിയുടെ വാക്കുകള്‍.
ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായിട്ടാണ് ടെക്നോസിറ്റി ക്യാംപസ് സ്ഥാപിക്കുന്നത്. ക്യാംപസിലെ ആദ്യ ബില്‍ഡിംഗ് 2019 ല്‍ പ്രവര്‍ത്തനസജ്ജമാകും. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ടെക്നോസിറ്റി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇ മൊബിലിറ്റിയും സ്പെയ്സ് സയന്‍സും സൈബര്‍ സെക്യൂരിറ്റിയും ബ്ലോക്ക് ചെയിനും ഉള്‍പ്പെടെ ഫ്യൂച്ചര്‍ ടെക്നോളജീസിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി തിരുവനന്തപുരം മാറും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഐടി സെക്ടറില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഐടി എക്സ്പോര്‍ട്ടിലും ഐടി അധിഷ്ഠിത സര്‍വ്വീസ് കമ്പനികളിലും എട്ടാം സ്ഥാനത്താണ് കേരളം. ഐടി സെക്ടറില്‍ മാത്രം ഒരു ലക്ഷം പേര്‍ക്കാണ് കേരളം തൊഴില്‍ നല്‍കുന്നത്. യുഎഇയുടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയില്‍ കേരളത്തില്‍ നിന്നുളളവരുടെ കഠിനാധ്വാനം ഉണ്ട്. അവിടെ നിന്നുളള പണം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും നിര്‍ണായകമായിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കേരളത്തില്‍ നിന്നുളളവരുടെ കര്‍മ്മശേഷി പ്രകടമാണ്. ഐടി ടൂറിസം ആരോഗ്യമേഖലകളിലാണ് കേരളത്തിന്റെ കരുത്ത്. രാജ്യത്തെ നഴ്സിംഗ് മേഖലയില്‍ കേരളത്തില്‍ നിന്നുളളവര്‍ നല്കുന്ന സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.