മലബാറിലെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്ക് ടെക്നിക്കല്‍ സപ്പോര്‍ട്ടും മെന്ററിംഗും ഒരുക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നാലാമത്തെ ഇന്‍കുബേഷന്‍ ഫെസിലിറ്റി കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നാണ് സെന്റര്‍ ആരംഭിച്ചത്. ആദ്യമായാണ് തദ്ദേശ സ്ഥാപനവുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കുന്നത്. ഇന്‍കുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുകയെന്ന വലിയ ചുവടുവെയ്പിനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഇതോടെ തുടക്കം കുറിച്ചത്.
സ്കൂള്‍ വിദ്യാര്‍ഥികളിലെ സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്ന ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കാസര്‍കോട് ജില്ലയുടെ മികവിനെ പുറത്തേക്ക് കൊണ്ടുവരാന്‍ ഇന്‍കുബേഷന്‍ സെന്ററിലൂടെ സാധിക്കുമെന്ന് ഇന്‍കുബേഷന്‍ സെന്ററും ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയും ഉദ്ഘാടനം ചെയ്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. മികച്ച സംരംഭകരുടെ നാടായ കാസര്‍ഗോഡിന്റെ എന്‍ട്രപ്രണര്‍ കള്‍ച്ചറില്‍ പുതിയ വഴിത്തിരിവാകും ഇന്‍കുബേഷന്‍ സെന്ററെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള ഓഫീസ് സ്പേസും മറ്റ് സംവിധാനങ്ങളുളള ഇന്‍കുബേഷന്‍ സെന്റര്‍ ജില്ലാ പഞ്ചായത്തിന്റെ ബില്‍ഡിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. സംരംഭകര്‍ക്ക് ആവശ്യമായ മെന്ററിംഗ് സപ്പോര്‍ട്ട് അടക്കമുളള സഹായങ്ങളും ലഭിക്കും. താല്പര്യമുള്ള സംരംഭകര്‍ കേരളസ്റ്റാര്‍ട്ടപ് മിഷന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ കളക്ടര്‍ ജീവന് ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഇജിസി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സെക്രട്ടറി നന്ദകുമാര്‍, അംഗം ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു നേരത്തെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍കുബേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.