കേരളത്തിലെ ഐടി, സൈബര്‍ പാര്‍ക്കുകളില്‍ ഇടംതേടി കൂടുതല്‍ കമ്പനികള്‍ എത്തുന്നു. രണ്ട് വര്‍ഷത്തിനിടെ ഐടി പാര്‍ക്കുകളില്‍ 45 ലക്ഷം സ്ക്വയര്‍ഫീറ്റാണ് കമ്പനികള്‍ സ്വന്തമാക്കിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇരുന്നൂറോളം കമ്പനികളാണ് വരാനിരിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയ ബില്‍ഡിംഗിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സഹ്യയിലും കൂടുതല്‍ കമ്പനികള്‍ ഇടംപിടിച്ചുകഴിഞ്ഞു. കുറഞ്ഞ നാളുകള്‍ക്കുള്ളിലാണ് ഇരു കെട്ടിടങ്ങളിലും അന്‍പത് ശതമാനത്തോളം സ്ഥലം ഐ.ടി കമ്പനികള്‍ ഏറ്റെടുത്തത്.
ജ്യോതിര്‍മയയില്‍ നിലവില്‍ 22 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു നിലകളും മൂന്നു ലക്ഷം ചതുരശ്ര അടിയുമുള്ള സഹ്യയില്‍ എട്ടു കമ്പനികള്‍ എത്തിക്കഴിഞ്ഞു. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ യു.എസില്‍ നിന്നുള്ള ഓണ്‍ടാഷ് ഇന്ത്യ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് 50 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. വൈഫൈ കാമ്പസ് ആകാനൊരുങ്ങുകയാണ് സൈബര്‍ പാര്‍ക്ക്. ഇവിടെ 50,000 ചതുരശ്രഅടിയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാനും അനുമതിയായിക്കഴിഞ്ഞു.
കൂടുതല്‍ കമ്പനികള്‍ എത്തുന്നതനുസരിച്ച് ഐടി പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. പള്ളിപ്പുറം ടെക്നോസിറ്റിയില്‍ ഏപ്രില്‍ 2019 ഓടെ രണ്ടു ലക്ഷം ചതുരശ്രഅടി സ്ഥലം തയ്യാറാകും. ടെക്നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിംഗിന് മുകളിലായി 25,000 സ്ക്വയര്‍ഫീറ്റ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി നല്‍കിക്കഴിഞ്ഞു. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ടെക്നോളജി ഹബിനും ഇന്‍ഫോപാര്‍ക്കില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിനും ടെക്നോസിറ്റിയില്‍ ഫിനാന്‍സ്, സൈബര്‍ സ്പേസ്, ബ്ളോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി എന്നിവയ്ക്കും പ്രധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.