ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഓഡി ഇലക്ട്രിക് SUV വിപണിയില്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്കോയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായ e-tron അവതരിപ്പിച്ചത്. 2025 ഓടെ 25 ഓളം ഇലക്ട്രിക്, ഹൈബ്രിഡ്-ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കാനാണ് ഓഡി പദ്ധതിയിടുന്നത്. ഇതില്‍ 12 എണ്ണം പൂര്‍ണമായി ഇലക്ട്രിക് ആയിരിക്കും. ഇപ്പോള്‍ പുറത്തിറക്കിയ e-tron മോഡല്‍ 2019 ല്‍ യുഎസ് മാര്‍ക്കറ്റില്‍ ലഭ്യമാക്കാനുളള നീക്കത്തിലാണ് ഓഡി.
എയ്റോഡൈനാമിക് എഫിഷ്യന്‍സി, വെര്‍ച്വല്‍ മിറര്‍, ടൂ ലെയേര്‍ഡ് ബോഡി തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് e-tron വിപണിയില്‍ എത്തുന്നത്. മികച്ച ആക്സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പ് നല്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ 5.5 സെക്കന്‍ഡുകള്‍ക്കുളളില്‍ വാഹനത്തെ 60 മൈല്‍ വരെ വേഗത്തിലെത്തിക്കും. 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ 30 മിനിറ്റുകള്‍ എടുക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ അടിയന്തര സാഹചര്യങ്ങളില്‍ 150 kilowatts വരെ ഫാസ്റ്റ് ചാര്‍ജിങ് കേപ്പബിലിറ്റി കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 മിനിറ്റ് വരെ ഈ ചാര്‍ജില്‍ യാത്ര ചെയ്യാം.
ആമസോണ്‍ ഹോം സര്‍വ്വീസ് വഴി ഹോം ചാര്‍ജിങ് ഇന്സ്റ്റലേഷന് കമ്പനി സൗകര്യമേര്‍പ്പെടുത്തുന്നുണ്ട്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ചാര്‍ജിങ് ഫെസിലിറ്റി ലഭ്യമാക്കും. 2020 ഓടെ 400 ഹൈ പവര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്.
നാല് വര്‍ഷം മുന്‍പ് തുടങ്ങിയ ഡിസൈന്‍ വര്‍ക്കുകളാണ് ഫൈനല്‍ മോഡലിലെത്തിച്ചതെന്ന് e-tron ലോഞ്ചില്‍ ഓഡി CEO ബ്രാം സ്കോട്ട് വ്യക്തമാക്കി. ഓഡി കൂടി ഇലക്ട്രിക് വേര്‍ഷനില്‍ എത്തുന്നതോടെ ലക്ഷ്വറി ബ്രാന്‍ഡുകളില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ കടുത്ത മത്സരത്തിനാകും വേദിയാകുക.