\
ഫെയ്സ്ബുക്കിനെ ഇന്ത്യയില്‍ നയിക്കാന്‍ മലയാളി. കൊച്ചി സ്വദേശി അജിത് മോഹന്‍ ആണ് ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ എംഡിയായി നിയമിക്കപ്പെട്ടത്. Hotstar സിഇഒ ആയിരുന്നു അജിത് മോഹന്‍. യൂബര്‍ സൗത്ത് ഏഷ്യ ഹെഡ് ആയി കൊച്ചി സ്വദേശി പ്രദീപ് പരമേശ്വരന് നിയമിതനായതിന് പിന്നാലെയാണ് അജിത് ഫെയ്സ്ബുക്കിന്റെ അമരത്ത് എത്തുന്നത്. Hotstar ബില്‍ഡ് ചെയ്യുന്നതിലുള്‍പ്പെടെ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ഉമാങ് ബേദി സ്ഥാനമൊഴിഞ്ഞ ശേഷം ഫെയ്സ്ബുക്കിനെ ഇന്ത്യയില്‍ നയിക്കാന്‍ ആരുമില്ലായിരുന്നു. ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ഫിഷറിനാണ് അജിത് മോഹന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഡാറ്റാ പ്രൈവസി ഉള്‍പ്പെടെയുളള ഘടകങ്ങളില്‍ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത് മോഹന്റെ നിയമനം. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം സിംഗപ്പൂരിലെ നാന്യാംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലും പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലുമാണ് അജിത് മോഹന്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇക്കണോമിക്സിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും ബിരുദാനന്തര ബിരുദവും ഫിനാന്‍സില്‍ എംബിഎയും നേടിയിട്ടുണ്ട്.
മക്കിന്‍സെ ആന്‍ഡ് കമ്പനിയിലും വാള് സ്ട്രീറ്റ് ജേര്‍ണലില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. 2015 നവംബറില്‍ Hotstar പ്രസിഡന്റും 2016 നവംബറില്‍ സിഇഒയുമായി. സ്റ്റാര്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് മെസഞ്ചര്‍, വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ ലോകത്തെ കൂടുതല്‍ അടുപ്പിക്കുകയെന്ന ഫെയ്സ്ബുക്കിന്റെ ദൗത്യത്തില്‍ പങ്കുചേരുന്നതില്‍ സന്തോഷമുണ്ടെന്ന് അജിത് മോഹന്‍ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അജിത് ഇക്കാര്യം അറിയിച്ചത്.