കഠിനാധ്വാനത്തിനുളള അംഗീകാരം. ഗീതാ ഗോപിനാഥിനെ അടുത്തറിയുന്നവര്‍ ഈ നേട്ടത്തെ അങ്ങനെയാണ് വിലയിരുത്തുന്നത്. പ്രീ യൂണിവേഴ്സിറ്റി കോഴ്സില്‍ സയന്‍സ് പഠിച്ച ശേഷം ബിരുദത്തിന് ഇക്കണോമിക്സ് തെരഞ്ഞെടുക്കുമ്പോള്‍ ഐഎഎസ് മോഹമായിരുന്നു ഗീത ഗോപിനാഥിന്റെ മനസില്‍. പക്ഷെ സാമ്പത്തിക ശാസ്ത്രത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാനായിരുന്നു ഗീതയുടെ നിയോഗം. കണ്ണൂര്‍ മയ്യില്‍ സ്വദേശി ടി.വി. ഗോപിനാഥിന്റെ മകള്‍ ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റായി എത്തുമ്പോള്‍ കേരളത്തിനും അത് മധുരനിമിഷമാണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ കൂടിയായ ഗീത. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയാണ് ഗീത ഗോപിനാഥ്.
ഇന്റര്‍നാഷണല്‍ ഫിനാന്‍സിലും മാക്രോ ഇക്കണോമിക്സിലും കറന്‍സി എക്സേസേഞ്ച് റേറ്റുകളിലുമുള്ള ഗീതാ ഗോപിനാഥിന്റെ അഗാധമായ അറിവും റിസര്‍ച്ചും ഒബ്സര്വേഷനുമൊക്കെ സാമ്പത്തിക മേഖലയില്‍ പോസിറ്റീവ് ഇഫക്ടു്ണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഐഎംഎഫ്. വികസ്വര രാഷ്ട്രങ്ങള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന കറന്‍സി എക്സ്ചേഞ്ച് റേറ്റുകളുടെ നിയന്ത്രണം ഉള്‍പ്പെടെയുള്ള സാമ്പത്തിക ഘടകങ്ങളാണ് ഐഎംഎഫില്‍ ഗീതാ ഗോപിനാഥ് നേരിടുന്ന പ്രധാന വെല്ലുവിളി. ഉല്പാദനവും, വായ്പയും മൂലധന നിക്ഷേപവുമൊക്കെ ത്വരിതപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വം പേറുന്ന പുതിയ നയങ്ങള്‍ക്കായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഉറ്റുനോക്കുന്നു.
ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് (2003-2006) ശേഷം ഇന്ത്യയില്‍ നിന്ന് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തുന്ന വ്യക്തിയാണ് ഗീതാ ഗോപിനാഥ്. 1971 ഡിസംബര്‍ 8 ന് കൊല്‍ക്കത്തയില്‍ ജനിച്ച ഗീതാ ഗോപിനാഥ് 1980 ല്‍ കുടുംബത്തിനൊപ്പം മൈസൂരിലേക്ക് താമസം മാറി. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയും സ്വന്തമാക്കി. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടിയ ശേഷമാണ് സാമ്പത്തിക മേഖലയില്‍ ഗൗരവകരമായ റിസര്ച്ചുകളിലേക്ക് ഗീത ഗോപിനാഥ് തിരിഞ്ഞത്.
സാമ്പത്തിക മേഖലയിലെ വൈദഗ്ധ്യം മാനിച്ച് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അംഗത്വം ഗീതാ ഗോപിനാഥിന് നല്‍കിയിരുന്നു. 2011 ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യംഗ് ഗ്ലോബല്‍ ലീഡര്‍ ബഹുമതി നേടിയ ഗീതാ ഗോപിനാഥ് 2014 ല്‍ ഐഎംഎഫ് തെരഞ്ഞെടുത്ത 45 വയസില്‍ താഴെയുള്ള ലോകത്തെ ടോപ്പ് 25 ഇക്കണോമിസ്റ്റുകളില്‍ ഒരാളായിരുന്നു. ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്കിലെ ഇക്കണോമിക് അഡൈ്വസറി പാനല്‍ അംഗമായ ഗീത അമേരിക്കന്‍ ഇക്കണോമിക് റിവ്യൂ കോ എഡിറ്റര്‍ കൂടിയാണ്.