ലോകത്തെ ഏറ്റവും ഇന്‍ഫ്ളുവന്‍ഷ്യലായ വ്യക്തി, ടെക്നോളജിയുടെ അവസാന വാക്കുകളിലൊന്ന്, നിരീക്ഷണങ്ങള്‍ക്കും കമന്റുകള്‍ക്കുമായി ലോകം കാതോര്‍ക്കുന്ന മനുഷ്യന്, ഭൂമിയുടെ നെറുകയില്‍ നില്‍ക്കുന്നൊരാള്‍. ഗുഗിള്‍ സിഇഒ, സുന്ദര്‍ പിച്ചെ. ചെന്നെയിലെ ഒരു സാധാരണ വാടകവീട്ടില്‍, പരിമിതമായ സ്ഥലത്ത് വായനയേയും ക്രിക്കറ്റിനേയും സ്നേഹിച്ചുകഴിഞ്ഞ പഴയ ബാല്യകാലമായിരുന്നു ഏറ്റവും സുന്ദരമെന്ന് സുന്ദര്‍ പിച്ചെ പറയുന്നു. അത് സിംപിളായിരുന്നു, മനോഹരവും. ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിക്കവേയാണ്, ലോകം ആരാധിക്കുന്ന ടെക് ജയന്റ് ഇല്ലായ്മയുടെ ബാല്യകാല സ്മരണകളെ ഇന്നത്തെ തന്റെ പ്രശസ്തമായ ജീവിതത്തേക്കാള്‍ ഇഷ്ടപ്പെടുന്നത്.
ചെന്നെയില്‍ നിന്ന് ആദ്യമായി കാലിഫോര്‍ണിയയില്‍ എത്തിയ അനുഭവമടക്കം പിച്ചെ അഭിമുഖത്തില്‍ വിവരിക്കുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് പോകുമ്പോള്‍ അമേരിക്കയെന്ന പുതിയ ആകാശത്തേക്ക് നോക്കിയപ്പോള്‍ തോന്നിയത്, വൗ ഇറ്റ് ഈസ് സോ ബ്രൗണ്‍ ഹിയര്‍ എന്നാണ്. വളരെ ഐഡിയലിസ്റ്റിക്കും ഒപ്റ്റിമിസ്റ്റിക്കുമായ പ്ലെയ്സ് എന്നായിരുന്നു ഗൂഗിളില്‍ ആദ്യം ജോയിന്‍ ചെയ്യുമ്പോള്‍ തോന്നിയ ഫീലിംഗ്. ഒരുപാട് ഫെയിലിയര്‍ സംഭവിച്ചിട്ടുണ്ടാകാം. പക്ഷെ ഏറെ ഐഡിയലിസവും ഒപ്റ്റിമിസവും ഇന്നും ഗൂഗിളില്‍ കാണാം.
ടെക്നോളജി സൗകര്യങ്ങള്‍ തരുന്നുണ്ട്. മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ ടെക്നോളജി കൊണ്ട് പരിഹരിക്കാവില്ല. ചെന്നെയില്‍ ഇടത്തരം വാടകക്കെട്ടിടത്തിലെ ലിവിംഗ് റൂമിലായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത്. മറ്റ് വീടുകളില്‍ റഫ്രിജറേറ്ററുണ്ടായിരുന്നു. ഞങ്ങള്‍ ഏറെ കഴിഞ്ഞ് ഒരെണ്ണം വാങ്ങി. അക്കാലത്ത് വലിയ വരള്‍ച്ച വന്നു. ഒരിറ്റ് കുടിവെള്ളം കിട്ടാനില്ലാത്ത നാളുകള്‍ ഓര്‍ക്കുമ്പോള്‍ ഭയപ്പാടുണ്ടാക്കുന്നു. ഇന്നും ബെഡ്ഡിനടുത്ത് ഒരു കുപ്പി വെള്ളം കരുതാതെ എനിക്ക് ഉറങ്ങാനാകില്ല.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും സ്റ്റാന്ഫോഡിലേയും, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെയും പഠനശേഷം 2004 ലാണ് സുന്ദര്‍ പിച്ചെ ഗൂഗിളില്‍ ജോയിന്‍ ചെയ്യുന്നത്. ഗൂഗിള്‍ ക്രോം ഡെവലപ്ചെയ്യുന്നതിലും സെര്‍ച്ചും, ആഡും, ആന്‍ഡ്രോയിഡും ഗൂഗിള്‍ പ്ലാറ്റ്ഫോമിലെത്തിക്കുന്നതിലും ലീഡ് റോള്‍ വഹിച്ച പിച്ചെ, 2015 ലാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവാകുന്നത്.
സെക്ഷ്വല്‍ ഹരാസ്മെന്റിനെതിരെ ജീവനക്കാര്‍ ഓഫീസിന് പുറത്തിറങ്ങി ശബ്ദം ഉയര്‍ത്തുകയും, രഹസ്യ സെര്‍ച്ച് പ്രൊഡക്റ്റുകള്‍ ചൈനയ്ക്കായി നിര്‍മ്മിച്ചു നല്കി എന്ന ആരോപണത്തില്‍ മുതിര്‍ന്ന എക്സിക്യൂട്ടീവ്സ് സംശയനിഴലില്‍ നില്‍ക്കുകയും സൈനിക ആവശ്യങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊഡക്ടുകള്‍ ഗൂഗിള്‍ ഉണ്ടാക്കുന്നുവെന്നും ഒക്കെയുള്ള വലിയ കോണ്ട്രവേഴ്സിക്കിടയിലാണ് ജീവിതത്തിന്റെ ഏറ്റവും ലളിതമായ ബാല്യമായിരുന്നു ഏറെ സുന്ദരം എന്ന് സുന്ദര്‍ പിച്ചെ പറയുന്നത്.