Trending

വെറും ടിക്കന്റ് ഏജന്റായി തുടങ്ങിയ നരേഷ് ഗോയല്‍ ജെറ്റില്‍ നിന്ന് പടിയിറങ്ങുമ്പോള്‍

ടിക്കറ്റ് ഏജന്റായി കരിയര്‍ തുടങ്ങി, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്പനികളിലൊന്ന് പടുത്തുയര്‍ത്തിയ നരേഷ് ഗോയലിന്റെ ലൈഫ് ഏതൊരു എന്‍ട്രപ്രണറും ശ്രദ്ധയോടെ കാണേണ്ടതാണ്. വളര്‍ച്ചയും തളര്‍ച്ചയും പാഠമാണ്. ഇന്ത്യയിലെ ആദ്യ 100 സമ്പന്നരിലൊരാളായിരുന്ന ഗോയല്‍ എന്ന വ്യോമയാന ബിസിനസുകാരനെ, ജെറ്റ് എയര്‍വേസിലെ രാജിയോടെ തള്ളിക്കളയാനാകില്ലെങ്കിലും ജെറ്റിന്റെ ഒരു കാലഘട്ടം അവസാനിക്കുകയാണ്.

ഭക്ഷണത്തിന് പോലും വകയില്ലാതിരുന്ന കാലത്താണ് നരേഷ് ഗോയലിന്റെ കുടുംബം പാട്യാലയയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. 1967ലായിരുന്നു അത്. അന്ന് ഗോയലിന് വയസ് 18 മാത്രം. 300 രൂപ മാസ വരുമാനത്തില്‍ കോണാട്ട് പ്ലേസില്‍ അമ്മാവന്റെ ട്രാവല്‍ ഏജന്‍സിയില്‍ ഗോയല്‍ ജോലിക്ക് ചേര്‍ന്നു. അവിടെവെച്ച് ഇന്‍ഡസ്ട്രിയില്‍ ഒരുപാട് സൗഹൃദങ്ങള്‍ സമ്പാദിച്ചു, പ്രത്യേകിച്ച് വിദേശ എയര്‍ലൈനുകളുമായി. 1973ല്‍ Jet Air എന്ന പേരില്‍ സ്വന്തമായി ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി.

ട്രാവല്‍ ഏജന്‍സിക്ക് എയര്‍ലൈന്‍ എന്ന പേരുനല്‍കിയതിന്, എയര്‍ലൈന്‍ ഓഫീസുകളിലെ ആളുകള്‍ ഗോയലിനെ പരിഹസിക്കുക പതിവായിരുന്നു. ഒരിക്കല്‍ സ്വന്തമായി എയര്‍ലൈന്‍ സ്ഥാപിക്കുമെന്നായിരുന്നു പരിഹാസത്തിനുള്ള ഗോയലിന്റെ മറുപടി. ആ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു, 1992 ല്‍ ജെറ്റ് എയര്‍വേസിന്റെ ആദ്യ വിമാനം പറന്നുയര്‍ന്നു. ഗള്‍ഫ് എയര്‍, കുവൈറ്റ് എയര്‍ എന്നിവയുമായി കൈകോര്‍ത്തു. അതോടെ എയര്‍ഇന്ത്യയുടെ തൊട്ടുപുറകിലായി ജെറ്റ് എയര്‍വേസ് കുതിച്ചു. എന്നാല്‍ ഓരോ കാര്യത്തിലും ഇടപെടുന്ന അണ്‍പ്രൊഫഷണല്‍ സമീപനം മാനേജ്മെന്റില്‍ പുലര്‍ത്തിയ ഗോയല്‍ തന്നെ ജെറ്റിന്റെ പതനത്തിന് തിരികൊളുത്തി.

നരേഷ് ഗോയലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും പ്രൈവറ്റ് എയര്‍ലൈനെന്ന നിലയില്‍, വ്യോമയാന മേഖലയില്‍ ജെറ്റിന് വേണ്ടി നടത്തിയ നീക്കങ്ങളും, നരേഷിനെ ഇന്‍ഡസ്ട്രിയില്‍ ഒറ്റപ്പെടുത്തി. ആകാശവിപണിയില്‍ ജെറ്റിന്റെ സ്ഥാനം നിലനിര്‍ത്താന്‍ 2007ല്‍ 1450 കോടി രൂപയ്ക്ക് Air Sahara വാങ്ങി. അതൊരു പിഴച്ച തീരുമാനമായിരുന്നു. ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക നില പരുങ്ങലിലായി. ആ സാമ്പത്തിക ബാധ്യത പിന്നീട് ജെറ്റ് എയര്‍വേസിനെ വിട്ടൊഴിഞ്ഞില്ല.

ഇതേസമയം രാജ്യത്ത വ്യോമയാന രംഗത്ത് സ്‌പൈസും ഇന്‍ഡിഗോയും ശക്തമായ മത്സരവുമായി രംഗത്ത് വന്നു. കിംഗ്ഫിഷറിന്റെ വരവ് മത്സരത്തിന് ആക്കം കൂട്ടി. ജെറ്റ് എയര്‍വേസിന്റെ കടം കൂടി, ഓപ്പറേഷനുകള്‍ അവതാളത്തിലായി. ഇതിനിടയില്‍ ഇത്തിഹാദുമായുള്ള ഡീലും ജെറ്റിനെ രക്ഷിക്കാനായില്ല. ലീഡ് ലെന്‍ഡറായ എസ്ബിഐ അടക്കമുള്ള കണ്‍സോര്‍ഷ്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊള്ളാന്‍ നരേഷ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.

നിലവില്‍ 160 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്. ഗോയലും ഭാര്യയും ബോര്‍ഡില്‍ നിന്ന് രാജിവെച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുങ്ങുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടല്‍.

Leave a Reply

Close
Close