പലപ്പോഴും യാത്രകളാണ് പുതിയ ആശയങ്ങളും അനുഭവങ്ങളും പകര്‍ന്നു നല്‍കുന്നത്. എഫ്എംസിജി സെക്ടറില്‍ 12 വര്‍ഷത്തെ എക്സ്പീരയന്‍സുണ്ടായിരുന്ന വിനയ് കോത്താരിയെ Go Desi Foods എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പിന്റെ സംരംഭകനാക്കിയതും അത്തരമൊരു യാത്രയാണ്. ചില ഗ്രാമപ്രദേശങ്ങളില്‍ മാത്രം കിട്ടുന്ന പലഹാരങ്ങളെയും മിഠായികളെയും റീട്ടെയില്‍ മാര്‍ക്കറ്റിലെത്തിച്ച് ലാഭമുണ്ടാക്കാന്‍ ചെറുകിട സംരംഭകരെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Go Desi.

പരമ്പരാഗത പ്രാദേശിക ഉല്‍പ്പന്നങ്ങള്‍

മറ്റ് എഫ്എംസിജി കമ്പനികളില്‍ നിന്ന് Go Desi പ്രൊഡക്ടുകളെ വ്യത്യസ്തമാക്കുന്നത് അവ നിര്‍മ്മിക്കുന്നത് ചെറുകിട സംരംഭകരും കര്‍ഷകരും സഹകരണ സംഘങ്ങളുമാണെന്നുള്ളതാണ്. നിരവധി മൈക്രോ യൂണിറ്റുകള്‍ ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും Go Desi ആരംഭിച്ചിട്ടുണ്ട്. ക്രാഫ്റ്റ് ഫുഡ്സ് പോലുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളുമായാണ് Go Desi മത്സരിക്കുന്നത്. പരമ്പരാഗത പ്രാദേശിക ഉല്‍പ്പന്നങ്ങളാണ് അവര്‍ വില്‍പ്പന നടത്തുന്നതെന്ന് തന്നെയാണ് ഗോ ദേസിയെ മറ്റുള്ള കമ്പനികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.

യാത്ര നല്‍കിയ ആശയം

ഒരിക്കല്‍ പശ്ചിമഘട്ട മലനിരകളിലേക്ക് വിനയ് കോത്താരി നടത്തിയ യാത്രയാണ് Go Desi സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ അവസരമൊരുക്കിയത്. യാത്രക്കിടെ ഒരു ചെറിയ കടയില്‍ നിന്ന് വിനയ് കോത്താരി ജാക്ക്ഫ്രൂട്ട് ബാര്‍സും ഇംലി പോപ്പും കഴിയ്ക്കാന്‍ ഇടയായി. പ്രിസര്‍വേറ്റീവ്സോ നിറങ്ങളോ പഞ്ചസാരയോ ചേര്‍ക്കാത്ത പലഹാരങ്ങളായിരുന്നു അത്. വിനയ് അതിലൊരു സംരംഭക സാധ്യത കണ്ടു. തിരിച്ചുള്ള യാത്രയില്‍ 30 കിലോയോളം വിവിധ പ്രാദേശിക പലഹാരങ്ങളും മിഠായികളും കൊണ്ടുപോയി, തൊട്ടടുത്ത ആഴ്ചയില്‍ ബംഗലൂരുവില്‍ നടന്ന എക്സിബിഷനില്‍ വിനയ് വില്‍പ്പന നടത്തി. അതായിരുന്നു Go Desiയുടെ തുടക്കം.

വൈറലായി ഇംലി പോപ്പ്

ഇംലി പോപ്പാണ് Go Desi ഫുഡ്സിന്റെ ഫ്ളാഗ്ഷിപ്പ് പ്രൊഡക്ട്. നോര്‍ത്ത് കര്‍ണാടകയിലെ പ്രാദേശിക ചെറുകിട സംരംഭകയായ സുമിത്രയാണ് ഇംലി പോപ്പ് നിര്‍മ്മിക്കുന്നത്. പുളി, ശര്‍ക്കര, മുളക്, കറിവേപ്പില എന്നിവ ഉപയോഗിച്ചാണ് ലോലിപോപ്പ് രൂപത്തില്‍ ഇംലി പോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, Qtrove തുടങ്ങിയവയിലെല്ലാം ഇംലി പോപ്പ് വൈറലായിക്കഴിഞ്ഞു. ബംഗലൂരുവിലെയും ഹൈദരാബാദിലെയും ഔട്ട്ലെറ്റുകളില്‍ നിന്ന് പ്രതിമാസം രണ്ട് ലക്ഷത്തിലധികം ഇംലി പോപ്പുകളാണ് വിറ്റഴിയുന്നത്.

തൊഴിലാളികളായി സ്ത്രീകള്‍

ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സോഷ്യല്‍ എന്റര്‍പ്രൈസിന് എട്ടിലധികം മാനുഫാക്ചേഴ്സാണ് നോര്‍ത്ത് കര്‍ണാടകയിലുള്ളത്. 60ലധികം സ്ത്രീകള്‍ക്ക് ജോലി നല്‍കാനും 8 മൈക്രോ എന്റര്‍പ്രൈസുകള്‍ക്ക് പിന്തുണ നല്‍കാനും Go Desiയ്ക്ക് സാധിക്കുന്നു. സ്ത്രീകള്‍ മാത്രമാണ് ഗോ ദേസിയിലെ തൊഴിലാളികള്‍. കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ Go Desi ഫുഡ്സിന് ഡിസ്ട്രിബ്യൂട്ടേഴ്സുമുണ്ട്.

ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഉയര്‍ത്താന്‍ ലക്ഷ്യം

അടുത്ത വര്‍ഷമാകുമ്പോഴേക്കും ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് 30,000 ഔട്ട്ലെറ്റായി ഉയര്‍ത്താനും മൈക്രോ യൂണിറ്റുകളില്‍ സ്ത്രീ തൊഴിലാളികളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയുമാണ് ഗോ ദേസിയുടെ ലക്ഷ്യം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version