സ്റ്റാര്‍ട്ടപ്പ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ പിന്നെ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് യൂണികോണുകളുടെ പട്ടികയില്‍ ഇടം പിടിക്കണമെന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ ആ യാത്രയില്‍ സപ്പോര്‍ട്ട് സിസ്റ്റം ഒരുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ മൈക്രോസോഫ്റ്റ് നടത്തുന്ന സഹായപദ്ധതി കേരളത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തിന്റെ മികച്ച ലിസ്റ്റില്‍ 12 സ്റ്റാര്‍ട്ടപ്പുകളുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൈവേ ടു എ ഹണ്‍ഡ്രഡ് യൂണികോണ്‍സ്’ എന്ന പരിപാടിയില്‍ ആണ് മികച്ച പെര്‍ഫോമേന്‍സുള്ള സ്റ്റാര്‍ട്ടപ്പുകളെ നെക്സ്റ്റ് ലെവലിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. (കൂടുതലറിയാന്‍ വീഡിയോ കാണാം)
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം പ്രതീക്ഷ തരുന്നവയെന്ന് മൈക്രോസോഫ്റ്റ്
സാധാരണ ഗതിയില്‍ 10 സ്റ്റാര്‍ട്ടപ്പുകളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ്‌സ് മേധാവി ലതിക എസ് പൈ പറഞ്ഞു. പക്ഷെ കേരളത്തിലെ സംരംഭങ്ങള്‍ വലിയ പ്രതീക്ഷ തരുന്നവയാണ്. അതു കൊണ്ടാണ് ‘എമെര്‍ജ് 10’ എന്ന പേര് മാറ്റി ‘എമെര്‍ജ് എക്സ്’ എന്നാക്കി 12 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ തെരഞ്ഞെടുത്തതെന്നും ലതിക വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയിലേക്ക് പ്രവേശിക്കാനും സാന്നിധ്യം ഉറപ്പാക്കാനും സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിനു വേണ്ടി പരിചയസമ്പന്നരായ വിദഗ്ധരെയാണ് മൈക്രോസോഫ്റ്റ് എത്തിച്ചതെന്നും ലതിക പറഞ്ഞു.
മൈക്രോസോഫ്റ്റ് പദ്ധതി കേരളത്തിന് ഗുണം ചെയ്യും
സ്റ്റാര്‍ട്ടപ്പ്-സംരംഭക ആശയങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ നടപ്പാക്കുന്ന കേരളത്തില്‍ ഏതെങ്കിലും സിറ്റികളെ കേന്ദ്രീകരിച്ചല്ല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഐടി സെക്രട്ടറി ഡോ.ശിവശങ്കര്‍ ഐഎഎസ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോയെങ്കിലും തിമാറ്റിക്ക് ആക്‌സിലറേഷനാണ് ഇനി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റ് കേരളത്തിലേക്കെത്തിയത് ശരിയായ സമയത്താണെന്നും മൈക്രോസോഫ്റ്റിന്റെ സഹകരണം ഇതിന്റെ മേല്‍ക്കൂരയായി വര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മ്മിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയില്‍ അധിഷ്ഠിതമായ നിരവധി സംരംഭങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച 5 ഘട്ടങ്ങളില്‍
അഞ്ച് ഘട്ടങ്ങളിലായാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്നതെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാന സൗകര്യം, ഇന്‍കുബേഷന്‍, നിക്ഷേപ സമാഹരണം, ദീര്‍ഘകാല വളര്‍ച്ചാ പദ്ധതികള്‍ എന്നിവയിലൂടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ കടന്നു പോകുന്നത്. മൈക്രോസോഫ്റ്റിന്റെ സഹകരണം ഓരോ മേഖലയിലും മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീണ്ട പ്രൊസസിന് ശേഷമാണ് കേരളത്തില്‍ നിന്ന് മൈക്രോസോഫ്റ്റ് 12 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തതെന്ന് ഡോ.സജി ഗോപിനാഥ് വ്യക്തമാക്കി.
സാധ്യതകളുടെ ജാലകം തുറന്ന് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ്
അന്താരാഷ്ട്രവിപണിയിലേക്കെത്താന്‍ ആവശ്യമായ ഗൈഡന്‍സ്, മാര്‍ക്കറ്റിംഗ്-ഫണ്ടിംഗ് സാധ്യതകള്‍ക്കായുള്ള മെന്ററിംഗ്, ഇന്‍ഡസ്ട്രി കണക്ട് എന്നിവ മൈക്രോസോഫ്റ്റിന്റെ പരിപാടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. 200 ഓളം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. രണ്ടാം നിര നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആശയങ്ങള്‍ ആഗോള തലത്തിലേക്കെത്തിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയിലൂടെ മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പരിപാടിയ്ക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് കേരളത്തിലേക്കെത്തുന്നത്. മൈക്രോസോഫ്റ്റ്-മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഹൈവേ ടു എ ഹണ്‍ഡ്ര് യൂണികോണ്‍സ് പരിപാടി നടത്തി വരുന്നത്. (കൂടുതലറിയാന്‍ വീഡിയോ കാണാം)