ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറെയുണ്ടെങ്കിലും കസ്റ്റമറുടെ മനസില്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നവ കുറവാണ്. എന്നാല്‍ മാര്‍ക്കറ്റിങ്ങ് സിസ്റ്റത്തില്‍ സുതാര്യത വരുത്തി ഫുഡ് പ്രൊഡക്ടിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയാണ് കൊച്ചിയിലെ വൈബ്രത്തോണ്‍ എന്ന സ്റ്റാര്‍ട്ടപ്പ്. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പിന് ദി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍സ്ട്രി ഓഫ് ഇന്ത്യ (ASSOCHAM) കൊച്ചിയില്‍ നടത്തിയ ഇലവേറ്റര്‍ പിച്ച് സീരീസില്‍ രണ്ടാം സ്ഥാനം ലഭിച്ചു എന്നതില്‍ അതിശയം കൊള്ളേണ്ടതില്ല. കാരണം ഏവരും അധികം ശ്രദ്ധിക്കാത്ത മേഖലയിലാണ് വൈബ്രത്തോണ്‍ കൈവെച്ചത്.
വെളിച്ചെണ്ണ മുതല്‍ ആരംഭിക്കുന്ന മോണിറ്ററിങ്ങ്
വെളിച്ചെണ്ണ മുതലുള്ള ഫുഡ് പ്രൊഡക്ടുകളില്‍ വൈബ്രത്തോണിന്റെ സേവനം ലഭിക്കും. കര്‍ഷകര്‍, മാനുഫാക്ച്ചേഴ്സ്, റീട്ടെയ്ലേഴ്സ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷം വൈബ്രത്തോണ്‍ പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്ന പ്രൊഡക്ടിന്റെ വിശദാംശങ്ങളില്‍ ചേര്‍ക്കും. ഇത് ബ്രാന്‍ഡിന്റെ പാക്കറ്റില്‍ ഒട്ടിച്ചിരിക്കുന്ന ക്യു ആര് കോഡ് വഴി കസ്റ്റമര്‍ക്ക് റീഡ് ചെയ്യാന്‍ സാധിക്കും. പ്രൊഡക്ട് റോ മെറ്റീരിയലായിരിക്കുന്ന സമയം മുതല്‍ പാക്കിങ്ങ് സ്റ്റേജ് വരെ കടന്നു പോയ പ്രോസസുകള്‍ കസ്റ്റമര്‍ക്ക് ഞെടിയിടയില്‍ അറിയാന്‍ കഴിയുമെന്ന് വൈബ്രത്തോണ്‍ സിഇഒ അര്ജ്ജുന് ടി കലാധരന്‍ പറയുന്നു. ബ്ലോക്ക് ചെയിന്‍, IoT, AI ഇന്റഗ്രേഷന്‍ എന്നീ ടെക്നോളജിയാണ് വൈബ്രത്തോണ്‍ ഉപയോഗിക്കുന്നത്.
ക്ലയിന്റുകള്‍ ബംഗലൂരുവിലും
ബംഗലൂരുവിലുള്ള കൊക്കോ മാഷ് എന്ന പ്രൊഡക്ട് ഉള്‍പ്പടെ നിരവധി ക്ലയിന്റുകളാണ് വൈബ്രത്തോണിന്റെ സേവനം തേടിയെത്തുന്നത്. ബ്രാന്‍ഡില്‍ വിശ്വാസ്യത വന്നാല്‍ മാത്രമേ കൂടുതല്‍ കസ്റ്റമേഴ്സിനെ ലഭിക്കുകയുള്ളൂ എന്നും ഭക്ഷണത്തിന്റെ പരിശുദ്ധി ഉറപ്പാക്കിയാല്‍ മാത്രമേ ഇത്തരം പ്രൊഡക്ടുകള്‍ക്ക് നിലനില്‍പ്പുള്ളൂവെന്നും അര്ജ്ജുന് വ്യക്തമാക്കുന്നു. കൊച്ചി പാലാരിവട്ടത്തെ ഇന്‍ക്യു ടവറിലാണ് വൈബ്രത്തോണ്‍ ടെക്നോളജീസ് പ്രവര്‍ത്തിക്കുന്നത്.