70 കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റ്മെന്റുമായി സീഡിംഗ് കേരള സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ ദിശ നല്കുമ്പോള് ഇന്‍വെസ്റ്റ്മെന്റ് ലഭിച്ച 6 കമ്പനികള്‍ ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതോടെ ഇരട്ടിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച സീഡിംഗ് കേരളയില്‍ എച്ച്എന്‍ഐ നിക്ഷേപത്തെക്കുറിച്ചുള്ള സാധ്യതകള്‍ പരിചയപ്പെടാനും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ്, എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് എന്നിവരുമായി സംവദിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുങ്ങി. ഇതിനൊപ്പമാണ് 6 സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം നേടിയതും.
നിക്ഷേപം നടത്തിയത് യുഎസില്‍ നിന്നടക്കമുള്ള കമ്പനികള്‍
ഗുഡ് കാപ്പിറ്റല്‍ വെഞ്ച്വര്‍ഫണ്ട്, ബെംഗലൂരുവിലെ സീഫണ്ട്, മാട്രിമോണി ഡോട്ട് കോം, അമേരിക്കയിലെ ഇക്വിഫിന്‍ വെഞ്ച്വേഴ്സ് തുടങ്ങിയവയാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത്. നിക്ഷേപ തിളക്കം ലഭിച്ച ആസ്ട്രോവിഷന്‍, ബംബറി, ഐ ലവ് 9 മന്ത്സ്, സാപ്പിഹയര്‍, എന്‍ട്രി, സ്പോര്‍ട്ട്ഹുഡ് എന്നീ കമ്പനികളുടെ പ്രോഡക്ട് മികവ് മറ്റ് സ്റ്റാര്‍ട്ടപ്പ് സെക്ടറുകളുമായി കിടപിടിക്കുന്നതാണെന്ന് നിക്ഷേപകരും പറയുന്നു
പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്ത, റീയൂസബിളായ ക്ലോത്ത് ഡയപ്പറാണ് ബംബറി. 6 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബംബെറി എന്ന ബ്രാന്റ് പിറക്കുന്നത്. മികച്ച പ്രതികരണം ലഭിച്ച് മുന്നേറുന്ന ഈ ബ്രാന്റിന്റെ ഇന്ത്യയിലെ ആദ്യ മാനുഫാക്ചറിംഗ് യൂണിറ്റ് 2018ല്‍ കൊച്ചിയില്‍ ആരംഭിച്ചു. ബംബൂ കോട്ടണ്‍ പാഡ്, പോക്കറ്റ് ഡയപ്പര്‍ എന്നിങ്ങനെ രണ്ട് മെറ്റീരിയലുകളിലാണ് ബംബെറി ഡയപ്പറുകള്‍ ലഭ്യമാകുന്നത്. അമേരിക്കന്‍ അക്കാദമി പീഡിയാട്രിക് ഗൈഡലൈന്‍ ഫോളോ ചെയ്യുന്ന ബംബറിയിലേക്ക് കേരളാ ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്കാണ് നിക്ഷേപം നടത്തിയത്.
ഐ ലൗവ് 9 മന്ത്സ് & എന്‍ട്രി ആപ്പ്
ഫിറ്റന്സ് ആന്റ് വെല്‍നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അമ്മയും, എന്‍ട്രപ്രണറാകാന്‍ ആഗ്രഹിച്ച മകളും ചേര്‍ന്നപ്പോള്‍ പിറന്നതാണ് Ilove9months.com എന്ന, സോഷ്യലി റെലവന്റായ മെറ്റേര്‍ണിറ്റി വെല്‍നസ് സ്റ്റാര്‍ട്ടപ്പ്. ഗംഗ രാജ് മകള്‍ അഞ്ജലി രാജ് എന്നിവരും ഗംഗയുടെ സഹോദരി സുമയുമാണ് സ്റ്റാര്‍ട്ടപ്പിന്റെ സാരഥികള്‍. ഗര്‍ഭിണികള്‍ക്ക് വഴികാട്ടിയും സഹായിയുമാകുകയാണ് I love9months എന്ന സ്റ്റാര്‍ട്ടപ്പ്. യുഎസ് ആസ്ഥാനമായ ഇക്വിഫിന്‍ വിസിയാണ് ഐ ലൗ 9 മന്ത്സില്‍ നിക്ഷേപം നടത്തിയത്. പിഎസ്സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകളുടെ പഠന സഹായിയാണ് എന്‍ട്രി ആപ്പ്. എന്‍ട്രിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് സംവിധാനം കൂടുതല്‍ മികവുറ്റതാക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. മുഹമ്മദ് ഹിസാമുദ്ദീനാണ് എന്‍ട്രിയുടെ സ്ഥാപക സിഇഒ. വിവിധ വിഷയങ്ങളിലെ വളരെയേറെ ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ ലഭ്യമാകും. ഗുഡ് ക്യാപിറ്റലാണ് എന്‍ട്രിയ്ക്കായി നിക്ഷേപം നടത്തുന്നത്.
സാപ്പി ഹയര്‍ & ആസ്ട്രോവിഷന്‍
കമ്പനികള്‍ക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സാപ്പിഹയര്‍’ എന്ന സ്റ്റാര്‍ട്ട് അപ്പ്. എറണാകുളം സ്വദേശി കെ.എസ്. ജ്യോതിസും ആലപ്പുഴ സ്വദേശി ദീപു സേവ്യറുമാണ് ഈ സംരംഭത്തിന്റെ അമരക്കാര്‍. ഇന്‍ഫോസിസില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇവര്‍. സാപ്പിഹയറുമായി സഹകരിക്കുന്ന എല്ലാ കമ്പനികളുടെയും റിക്രൂട്ട്മെന്റ് ഓട്ടോമേറ്റ് ചെയ്യും. സ്മാര്‍ട്ട് സ്പാര്ക്ക്്സ് ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്കാണ് സാപ്പിഹയറില് ഇന്‍വെസ്റ്റ് ചെയ്യുക. പത്തു ഭാഷകളില്‍ വേദാധിഷ്ഠിത ജാതക സേവനങ്ങള്‍ നല്കുന്ന സ്റ്റാര്‍ട്ടപ്പാണ് ആസ്ട്രോവിഷന്‍. മാട്രിമോണി ഡോട്ട്കോമാണ് കമ്പനിയില്‍ നിക്ഷേപം നടത്തുന്നത്. 110 മില്യണ്‍ ഹോറോസ്കോപ്പ് റിസ്ള്ട്ടുകളാണ് കമ്പനി ഇതിനോടകം ജനറേറ്റ് ചെയ്ത്.
സ്പോര്‍ട്ട് പ്രേമികള്‍ക്ക് സ്പോര്‍ട്ട്ഹുഡ്
സ്പോര്‍ട്ട്സ് പ്രേമികളെ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ടപ്പാണ് ബെംഗലൂരൂ ആസ്ഥാനമായ സ്പോര്‍ട്ട്ഹുഡ്. സീ ഫണ്ടാണ് സ്പോര്‍ട്ട് ഹുഡിലേക്ക് നിക്ഷേപം നടത്തുന്നത്. രാഹുല്‍ ആന്റണി തോമസ്, അരുണ്‍ വി നായര്‍, നിഖിലേഷ് എം ആര്, വിക്രം ദേവാരെ എന്നിവര്‍ സ്ഥാപിച്ച സ്പോര്ട്ഹുഡിന് 30,000 കുട്ടികളുള്‍പ്പെടെ വലിയകമ്മ്യൂണിറ്റിയുണ്ട്. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ 21 സ്പോര്‍ട്സ് ക്ലബ്ബുകളും സ്പോര്‍ട്ട്ഹുഡ് സ്ഥാപിച്ചിട്ടുണ്ട്.