ആരും തുണയില്ലാതെ ഒറ്റയ്ക്ക് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഒരു വനിതയ്ക്ക് സാധിക്കുമോ ? എത്ര പ്രതിസന്ധിയുണ്ടെങ്കിലും തീര്‍ച്ചയായും അതിന് കഴിയും എന്ന് ഓര്‍മ്മിപ്പെടുത്തുന്ന ഹോളിവുഡ് ചിത്രമാണ് ജോയ്. ജോയ് മന്‍ഗാനോയായി ജെന്നിഫര്‍ ലോറന്‍സ് വേഷമിട്ട ചിത്രം വനിതാ സംരംഭകര്‍ക്ക് എന്നും ഒരു പ്രചോദനമാകുമെന്നുറപ്പ്. 1990കളിലെ ന്യൂയോര്‍ക്കിന്റെ പശ്ചാത്തലത്തിലാണ് ജോയ് തുടങ്ങുന്നത്. ജോയ് മനാഗോ എന്ന എയര്‍ലൈന്‍ ബുക്കിങ്ങ് ഏജന്റ് രണ്ട് മക്കളും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഏറെ കഷ്ടപ്പെടുന്നു. മുത്തച്ഛന് ടോണിയുടെ സഹോദരി പെഗ്ഗി തന്റെ ദാമ്പത്യത്തില്‍ സംഭവിച്ച തകര്‍ച്ചയെ പറ്റി പറഞ്ഞ് ജോയിയെ വേദനിപ്പിക്കുന്നു. പിതാവ് റൂഡിയുടെ മൂന്നാം വിവാഹ മോചനവും ജോയിയെ ഏറെ തളര്‍ത്തുന്നു. ഇത്രയധികം വിഷമങ്ങള്‍ നേരിടുന്ന വേളയിലും ജോയിയുടെ മുത്തശ്ശി മിമിയും ഉറ്റ സുഹൃത്ത് ജാക്കിയും അവളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നില്ക്കുന്നു.
മോപ്പ് ബിസിനസ് വഴിത്തിരിവായപ്പോള്‍
സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന മോപ്പുകളില്‍ നിന്നും വ്യത്യസ്തമായി സ്വയം പിഴിഞ്ഞ് വൃത്തിയാക്കുന്ന ഒരു മോപ്പ് ജോയി വികസിപ്പിക്കുന്നു. കിച്ചണിലും മറ്റും അന്ന് സ്ത്രീകള്‍ നേരിട്ടിരുന്ന ഒരു പ്രോബ്ളത്തിന് സൊല്യൂഷനൊരുക്കുകയായിരുന്നു ജോയ് എന്ന എന്‍ട്രപ്രണര്‍. ഇറ്റലി സ്വദേശിയായ ട്രൂഡി ജോയിയുടെ പ്രൊഡക്ടിന് വേണ്ടി ഇന്‍വെസ്റ്റ് ചെയ്യാമെന്നും മോപ്പിന്റെ ഭാഗങ്ങള്‍ വില കുറച്ച് നിര്‍മ്മിക്കുന്നതിന് കലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിയുമായി കരാര്‍ എഴുതുന്നതിനും സഹായിക്കുന്നു.
ശേഷം ഹോങ്കോങ്ങിലും സമാനമായ പ്രോഡക്ടുണ്ടെന്നും റോയല്‍റ്റി എന്ന നിലയില്‍ 50,000 ഡോളര്‍ അടയ്ക്കേണ്ടി വരുമെന്നും ട്രൂഡി ജോയിയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇതിനിടെ ടിവി ആഡിലൂടെ പ്രോഡക്ടിന്റെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തി ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് ആയിരക്കണക്കിന് ഡോളറിന്റെ വ്യാപാരം ജോയിക്ക് ടെലിവിഷനിലും മറ്റും നല്കിയ പ്രൊമോഷനിലൂടെ ലഭിക്കുന്നു. ബിസിനസ് പച്ച പിടിച്ചെങ്കിലും മുത്തശ്ശിയുടെ മരണം ജോയിയെ തളര്‍ത്തി.
നിക്ഷേപകരെ വരെ സ്പോണ്സര് ചെയ്ത ‘വിജയ നിമിഷം’
ട്രൂഡിയില് നിന്നും താന്‍ നേരിട്ടത് ചതിയാണെന്ന് വൈകാതെ ജോയ് മനസിലാക്കുകയും കൊടുത്ത പണം തിരികെ പിടിക്കുകയും ചെയ്യുന്നു. ഒടുവില്‍ ഇന്വേസ്റ്റേഴ്സിനെ വരെ സ്പോണ്സര് ചെയ്യുന്ന ബിസിനസ് വുമണായി ജോയി മാറുന്നു. ഡേവിഡ് ഒ റസ്സല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ജെനിഫറിനൊപ്പം റോബര്‍ട്ട് ഡി നീറോ, എഡ്ഗാര്‍ റാമിറെസ്, ഡിയാനെ ലാഡ്, വിര്‍ജിനീയ മാഡ്സണ്‍, ഇസബെല്ല റോസ്സെലിനി എന്നീ താരനിരയുമുണ്ട്. ബിസിനസില്‍ ചീറ്റിംഗ് ഉണ്ടായാല്‍ എപ്രകാരം പിടിച്ച് നില്‍ക്കണമെന്നും വനിതകള്‍ക്ക് തങ്ങളുടെ ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാന്‍ ആത്മവിശ്വാസവും അര്‍പ്പണബോധവുമാണ് കൈമുതലായി വേണ്ടതെന്നും ജോയ് എന്ന ചിത്രം പറയുന്നു.