ന്യൂയോര്‍ക്കിലെ ഒരു പിസ്സയുടെ വിലയില്ല ഇന്ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്. എണ്ണവില ബാരലിന് 12 ഡോളറിലെത്തിയതോടെ മിക്ക എണ്ണക്കമ്പനികളും പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ്. ജനുവരിയില്‍ 60 ഡോളറുണ്ടായിരുന്ന എണ്ണയാണ് ഇന്ന് അഞ്ചിലൊന്നാ വിലയില്‍ എത്തി നില്‍ക്കുന്നത്. വാസ്തവത്തില്‍ കൊറോണയും ലോക്ഡൗണും മാത്രമല്ല, എണ്ണയെ വിലയില്ലാതാക്കിയത്. എണ്ണഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയിലെ മത്സരവും റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള പോരും ലോകത്ത് ആവശ്യം വേണ്ടതിലും അധികം എണ്ണ മാര്‍ക്കറ്റിലെത്താന്‍ ഇടയായി.
എണ്ണ ഉല്‍പാദനത്തിലെ മത്സരം തകര്‍ത്ത കൊറോണ
കൊറോണ വൈറസ് ബാധയില്‍ ഫ്‌ളൈറ്റുകളും, വാഹനങ്ങളും ഷെഡ്ഡില്‍ കയറിയതോടെ അക്ഷരാര്‍ത്ഥത്തില്‍ എണ്ണ സൂക്ഷിക്കാന്‍ സ്ഥലമില്ലാതായിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍, 1. റഷ്യ, 2. സൗദി അറേബ്യ, 3 അമേരിക്ക അതോ കൊറോണ വൈറസോ. വാസ്തവത്തില്‍ കൊറോണ എന്ന മഹാമാരി വരുത്താന്‍ പോകുന്ന ഡാമേജ് അളക്കാന്‍ പറ്റാതെ, റഷ്യയെ പാഠം പഠിപ്പിക്കാന്‍ സൗദി തുനിഞ്ഞതുള്‍പ്പെടെ ഈ സാഹചര്യത്തിന് കാരണമായി. വില താഴാതിരിക്കാന്‍ പ്രൊഡക്ഷന്‍ കുറയ്ക്കണമെന്ന് ഒപെക്ക് തീരുമാനം റഷ്യ വകവെക്കാതിരുന്നതോടെയാണ്, ഉല്‍പ്പാദനം ഗണ്യമായി കൂട്ടി മോസ്‌ക്കോയെ ഒരു പാഠം പഠിപ്പിക്കാന്‍ സൗദി തീരുമാനിച്ചത്. ഈ മത്സര എണ്ണ ഒഴുകി വന്നതിനിടയിലാണ് കൊറോണ ലോകം മുഴുവന്‍ പൂട്ടിട്ട് കളഞ്ഞത്.
30 ലക്ഷം ബാരല്‍ ഉല്‍പാദനം കുറച്ച് യുഎസ്
എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായിരിക്കുന്നു. ഓയില്‍ കമ്പനികള്‍ ഡ്രില്ലിംഗ് നിര്‍ത്തിയാല്‍ നീണ്ട കാലത്തേക്ക് ഉല്‍പ്പാദത്തെ അത് ബാധിക്കും. ഷെല്‍ ഓയില്‍ പ്രൊഡ്യൂസ് ചെയ്യുന്ന അമേരിക്കയാകും ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഇരയാകാന്‍ പോകുന്നത്. കാരണം ട്രഡീഷണല്‍ ഓയില്‍ വെല്ലിനേക്കാള്‍ ചിലവ് കൂടുതലാണ് ഷെല്‍ ഓയില്‍ പ്രൊഡക്ഷന്. ഇപ്പോള്‍ തന്നെ പ്രതി ദിനം 30 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ അമേരിക്ക കുറച്ചുകഴിഞ്ഞു. വാസ്തവത്തല്‍ എമേര്‍ജിംഗ് മാര്‍ക്കറ്റുകളായ രാജ്യങ്ങള്‍ക്ക് എണ്ണയുടെ ഈ പരമ്പരാഗത സ്വാധീനം കുറയുന്നത് ഗുണകരമാകും. കാരണം കൊറോണയുടെ പിടിയില്‍ നിന്ന് മറ്റ് മാര്‍ക്കറ്റുകള്‍ കരകയറുന്നതിനേക്കാള്‍ സമയം എടുക്കും എണ്ണ പഴയപോലെയൊന്ന് കത്താന്‍.