അൺലോക്ക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായുള്ള പുതിയ ഇളവുകളും മാർഗ്ഗനിർദ്ദേശങ്ങളും രാജ്യത്ത് വന്നുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശമനുസരിച്ച് സ്കൂളുകളും സിനിമാ തീയറ്ററുകളും തുറക്കാൻ അനുമതിയായി. കണ്ടെയ്മെന്റ് സോണിന് പുറത്ത് തീയറ്ററുകൾ, മൾട്ടിപ്ലക്സുകൾ, വിനോദ പാർക്കുകൾ, കായിക പരിശീലന നീന്തൽക്കുളങ്ങൾ എന്നിവ തുറക്കാൻ ഈ അൺലോക്കിൽ അനുവദിച്ചിട്ടുണ്ട്
ബിസിനസ് ടു ബിസിനസ് എക്സിബിഷനുകൾ നടത്തുന്നതിനും അനുമതി കൊടുത്തിട്ടുണ്ട്. സോഷ്യൽ, അക്കാദമിക്, സ്പോർട്സ്, എന്റർടെയ്ൻമെന്റ്, കൾച്ചറൽ, റിലീജിയസ്, പൊളിറ്റിക്കൽ ചടങ്ങുകളിൽ ആളുകൾ ഒത്തുചേരുന്നതിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി. ഔട്ട്ഡോർ പരിപാടികളിൽ സംഖ്യാ പരിധിയില്ല. അടച്ചിട്ട ഇടങ്ങളിൽ ആളുകളുടെ പരിധി 200 അല്ലെങ്കിൽ വേദിയുടെ ശേഷിയുടെ പകുതി എന്നായി നിജപ്പെടുത്തി. രണ്ടിടങ്ങളിലും മാസ്കുകൾ, social distancing, സാനിറ്റൈസർ, തെർമൽ സ്കാനിംഗ് എന്നിവ നിർബന്ധമായും ഉറപ്പ് വരുത്തണമെന്നാണ് നിർദ്ദേശം.
സ്കൂളുകൾ വീണ്ടും തുറക്കുന്നതിലും സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അവ തുറക്കാൻ തീരുമാനിക്കുന്ന സംസ്ഥാനങ്ങൾക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തുറക്കാവുന്നതാണ്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്, മിനിസ്ട്രി ഓഫ് ഹെൽത്ത് അഫയേഴ്സ് ചില മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈനോ ഡിസ്റ്റൻസ് ലേണിംഗോ തന്നെയാണ് മുൻഗണന. സ്കൂളുകളിൽ നേരിട്ടെത്താൻ വൈഷമ്യമുളള കുട്ടികൾക്ക് ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിയും. അറ്റൻഡൻസ് എന്നത് നിർബന്ധമായി അടിച്ചേൽപ്പിക്കാൻ പാടില്ല. മാതാപിതാക്കളുടെ സമ്മതത്തെ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഹാജർ തീരുമാനിക്കേണ്ടത്. സ്കൂളിൽ കുട്ടി പോകാൻ തയ്യാറായാൽ രക്ഷാകർത്താക്കളുടെ രേഖാമൂലമുള്ള സമ്മതം ഉണ്ടായിരിക്കണം.
കണ്ടെയ്ൻമെന്റ് സോണുകളൊഴികെ പ്രാദേശിക ലോക്ക്ഡൗണുകൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേക അനുവാദമില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഇത്തരം കാര്യങ്ങളിൽ നിർബന്ധമാക്കി. എന്നിരുന്നാലും, ഒരു കണ്ടെയ്മെന്റ് സോൺ എവിടെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടമാണ്. കൂടാതെ കർശനമായ അതിർത്തി നിയന്ത്രണം നിലനിർത്തുന്നതിനും അവശ്യ സേവനം മാത്രം അനുവദിക്കുന്നതിനും ചുമതല ജില്ലാ ഭരണാധികാരികൾക്കാണ് . കണ്ടെയ്ൻമെന്റ് സോണുകൾക്കുള്ളിൽ താമസിക്കുന്നവർക്ക് ചുറ്റുവട്ട നിയന്ത്രണം എപ്പോഴും ബാധകമാകും.