ഇന്നവേഷൻ എന്നത് ഇന്നത്തെ കാലത്തിന്റെ ആവശ്യകതയും യുവ പ്രതിഭകൾക്ക് സക്സസ് മന്ത്രയുമാണ്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഒരു പോർട്ടബിൾ വീട് പണിത തമിഴ്നാട്ടിൽ നിന്നുളള N.G Arun Prabhu എന്ന യുവ ആർക്കിടെക്ടിന്റെ ജീവിതം മാറി മറിഞ്ഞത് ആനന്ദ് മഹീന്ദ്രയുടെ ‘connect me to him’, എന്ന ഒറ്റ ട്വീറ്റിൽ ആയിരുന്നു. പ്രഭു പിന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറി. തമിഴ്നാട്ടിലെ സേലത്തിനടുത്തുള്ള നാമക്കൽ സ്വദേശിയായ പ്രഭു ചെന്നൈയിൽ നിന്ന് B.Arc പൂർത്തിയാക്കി ബെംഗളൂരുവിൽ മറ്റു 5 പേർക്കൊപ്പം ഒരു Architectural firm ആരംഭിച്ചു. ഇനി പ്രഭുവിന്റെ വാക്കുകൾ ഇങ്ങനെ..
ഡിസൈനിംഗിലും സ്പേസ് പ്ലാനിംഗിലും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആണ് ഞങ്ങളുടെ സ്ഥാപനം ലക്ഷ്യമിടുന്നത്. കോംപാക്റ്റ് സ്പേസ് വാസയോഗ്യമാക്കുന്നതിനെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് പ്രവർത്തനം. അതിനാൽ പരീക്ഷണാത്മകവും ആശയപരവുമായ രൂപകൽപ്പനയാണ് എന്റെ Solo 0.1.
ഒരു വാസ സ്ഥലത്തിന് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ സ്ഥലം 6X6 അടി ആണെന്ന് പ്രഭു പറയുന്നു. ഒരു ക്യാബിന്റെ വലുപ്പമുളളിടം പോലും വാസയോഗ്യമാക്കാമെന്ന് ജനങ്ങളെ ബോധവാന്മാരാക്കുകയായിരുന്നു പ്രഭുവിന്റെ ലക്ഷ്യം.
ഒരു ബാത്ത് ടബ്, സോളാർ പാനലിലൂടെ വൈദ്യുതി, വാഷിംഗ്, ഡ്രൈയിംഗ് ഏരിയ, ഒരു ലിവിംഗ് റൂം, വർക്ക് സ്പേസ്, ഒരു കിടപ്പുമുറി,ഓട്ടോറിക്ഷയ്ക്ക് മുകളിൽ വെള്ളത്തിനായി 250 ലിറ്റർ വാട്ടർ ടാങ്ക് എന്നിവയുളള പോർട്ടബിൾ ഭവനം 1 BHKവീട് പോലെ മികച്ചതാണ്. ഒരു ലക്ഷം രൂപ ബജറ്റിലാണ് ഇത് നിർമ്മിച്ചത്.
മറ്റ് വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന അറ്റാച്ചുമെന്റാണ് ഇവയോരോന്നും. എന്നാൽ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ചിലവ് കുറഞ്ഞതിനാലാണ് ഓട്ടോറിക്ഷ തിരഞ്ഞെടുത്തത്. Solo 0.2 ആണ് ഇനി പ്രഭുവിന്റെ അടുത്ത ലക്ഷ്യം. ഇത്തവണ 2 കിടപ്പുമുറികളും രണ്ടിൽ കൂടുതൽ പേരെ ഉൾക്കൊള്ളാനുളള ശേഷിയുമാണ് പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് ഏറ്റവും അനുയോജ്യമാണ് Solo 0.1 പോലുളള വീടുകൾ.