പ്രതിസന്ധിയും അനിശ്ചിതത്വവും നിറഞ്ഞ 2020, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വന്തം ശക്തി തിരിച്ചറിയാനുള്ള അവസരം കൂടിയായിരുന്നു. നാടിന്റെ സാമ്പത്തികാടിത്തറ കോവിഡ് ഇളക്കിത്തുടങ്ങിയ അവസരത്തിൽ തകർന്നടിയാതെ പല കുടുംബങ്ങൾ രക്ഷപെട്ടത് സ്ത്രീകൾ അവരുടെ സമ്പത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതിനാലാണ്. ഇന്ന്, തങ്ങളുടെ പണത്തിന്റെയും സാമ്പത്തിക ഭാവിയുടെയും ‘ഉടമസ്ഥാവകാശം’ ഏറ്റെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ താക്കോലാണെന്ന് 60 ശതമാനം വനിതകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അവർക്കിന്ന് സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സജീവ പങ്കാളിത്തമുണ്ട്. മാത്രമല്ല, റിസ്ക് എടുക്കാൻ താത്പര്യമില്ലെന്ന് സ്വയം സമ്മതിച്ചിരുന്നവർ പോലും നിക്ഷേപങ്ങൾ നടത്താൻ മുന്നോട്ട് വരുന്നു.
സ്ക്രിപ്ബോക്സ് എന്ന ഡിജിറ്റൽ വെൽത് മാനേജ്‌മന്റ് പ്ലാറ്റ്ഫോമാണ് പഠനം നടത്തി മേൽപ്പറഞ്ഞ കാര്യങ്ങൾ കണ്ടെത്തിയത്. വാർഷിക റിപ്പോർട്ടിൽ സ്ത്രീകളുടെ സമ്പദ് വിനിയോഗത്തിൽ വ്യക്തമായ പുരോഗതിയാണ് കണ്ടത്. വരുമാനത്തിന്റെ വലിയഭാഗവും മിച്ചംപിടിച്ച് സമ്പാദ്യശീലരായി തുടരുമ്പോൾ തന്നെ സജീവമായി നിക്ഷേപം നടത്തുന്ന സ്ത്രീകളുടെ എണ്ണം 10 ശതമാനം ഉയർന്നിട്ടുണ്ട്.
സാമ്പത്തിക അനിശ്ചിതത്വം സ്ത്രീകളെ തങ്ങളുടെ പണം എങ്ങനെ ഉപയോഗിക്കണം എന്ന് സ്വയം തീരുമാനിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കൊടുത്തു. മുമ്പ്, ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത് കുടുംബത്തിലെ ഏതെങ്കിലും പുരുഷ അംഗമോ പങ്കാളികളോ ആയിരുന്നു.
21 ശതമാനം സ്ത്രീകൾ ഇപ്പോൾ സ്വതന്ത്രമായി പണം കൈകാര്യം ചെയ്യുന്നവരാണ്. പങ്കാളിയ്‌ക്കൊപ്പം സാമ്പത്തികവിഷയങ്ങളിൽ തുല്യമായ അവകാശമുണ്ടെന്ന് പറയുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 33 ശതമാനത്തിൽ നിന്ന് ഇരട്ടിച്ച് ഇക്കൊല്ലം 67 ശതമാനമായി. സാമ്പത്തികഭദ്രമായ ഒരു റിട്ടയർമെന്റ് ജീവിതം എന്നത് ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ നമ്പർ 1 ലക്ഷ്യമായി മാറി.
റിട്ടയർമെന്റ്,-58 ശതമാനം, കുട്ടികളുടെ വിദ്യാഭ്യാസം- 52 ശതമാനം, അടിയന്തര ഫണ്ട്- 50 ശതമാനം എന്നിവയാണ് സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾ.
അവിവാഹിതരായ സ്ത്രീകളുടെ ഏറ്റവും വലിയ ലക്‌ഷ്യം യാത്രകൾക്കായി പണം സമ്പാദിക്കലാണ്. 62 ശതമാനം വിവാഹിതരായ സ്ത്രീകൾക്കും റിട്ടയർമെന്റ് തന്നെയാണ് ഏറ്റവും വലിയ ലക്‌ഷ്യം
അവിവാഹിതരിൽ സ്വന്തമായി ഒരു വീടെന്ന ആഗ്രഹവും മുന്നിട്ട് നിൽക്കുന്നു.
60% സ്ത്രീകൾ ഓരോ മാസവും വരുമാനത്തിന്റെ 20 ശതമാനത്തിലധികം സേവ് ചെയ്യുന്നു. ഇതിൽ തന്നെ 16 ശതമാനം പേർ വരുമാനത്തിന്റെ 50 ശതമാനത്തിലധികം മിച്ചം പിടിക്കുന്നു. കഴിഞ്ഞ വർഷം സ്ത്രീകൾ മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ നിക്ഷേപിച്ചു.
മറ്റൊരു സന്തോഷം തരുന്ന വാർത്ത പുറത്തുവിട്ടത് ‘വിമൻ ഇൻ ബിസിനസ്സ് 2021’ റിപ്പോർട്ട് ആണ്. ഇന്ത്യയിൽ സീനിയർ മാനേജ്‌മന്റ് ലെവലിലുള്ള 39% തൊഴിലാളികളും സ്ത്രീകളാണ്. ആഗോള ശരാശരിയായ 31% മാത്രമാണെന്നോർക്കണം. ഇത് തൊഴിലെടുക്കുന്ന സ്ത്രീകളോടുള്ള ബിസിനെസ്സ് മേഖലയുടെ സമീപനം മാറുന്നതിന്റെ ലക്ഷണമായി കണക്കാക്കാം. നേതൃത്വ സ്ഥാനങ്ങളിലെ സ്ത്രീകളുടെ അനുപാതത്തിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഫിലിപ്പീൻസിനും ദക്ഷിണാഫ്രിക്കയുമാണ് ആദ്യരണ്ടു സ്ഥാനങ്ങളിൽ.
സീനിയർ മാനേജ്മെൻറ് റോളിൽ ഒരു സ്ത്രീയെങ്കിലും ഉള്ള ബിസിനസുകൾ ആഗോളതലത്തിൽ 90% ആയി ഉയർന്നു. എന്നാൽ ഇന്ത്യയിൽ ഇത് 98% ആണ്. വാസ്തവത്തിൽ, ഇന്ത്യയിലെ 47% മിഡ് മാർക്കറ്റ് ബിസിനസുകളും നിയന്ത്രിക്കുന്നത് വനിതാ സിഇഒമാരാണ്.
ഇന്നൊവേറ്റീവ് ആകുക, മാറാൻ സന്നദ്ധരാകുക, റിസ്ക് എടുക്കാൻ ധൈര്യം കാണിക്കുക – ഈ കാലത്തെ മികച്ച നേതൃത്വഗുണങ്ങളാണിവ. ഇവ ഓരോന്നിലും സ്ത്രീകൾക്കുള്ള മികവ് കാലം ഇന്ന് മറനീക്കി കൊണ്ടുവരികയാണ്. തീർച്ചയായും ലിംഗസമത്വത്തിൽ ഊന്നിയുള്ള ഒരു സാമ്പത്തികക്രമത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്