ഫ്യൂച്ചറിസ്റ്റ് ക്വാഡ്രുപെഡൽ റോബോട്ട് അഥവാ നാൽക്കാലി റോബോട്ട് നിർമ്മാണത്തിന് പേരുകേട്ട ബോസ്റ്റൺ ഡൈനാമിക്സ് കമ്പനിയെപ്പോലെ പേരെടുത്ത മറ്റൊരു കമ്പനിയാണ് ചൈനയിലെ യൂണിട്രി റോബോട്ടിക്സ്. ഇരുവരും വർഷങ്ങളായി ഈ മേഖലയിലുണ്ട്.
യൂണിട്രി ഈ ആഴ്ച അവരുടെ ഏറ്റവും പുതിയ പ്രോഡക്റ്റ് പുറത്തിറക്കി. Unitree Go1 എന്ന കരുത്തുറ്റ നാല് കാലുകളുള്ള റോബോട്ടാണത്. വിലയും ആകര്ഷണീയമാണ്. 2,700 ഡോളർ മുതൽ വിലയിൽ ഇവ വാങ്ങാൻ കിട്ടും. താരതമ്യം ചെയ്താൽ വിലവ്യത്യാസം മനസ്സിലാകും. ബോസ്റ്റൺ ഡൈനാമിക്സിന്റെ സ്പോട്ട് റോബോട്ടിന് 74,500 ഡോളറാണ് വില!. ഡെമോ വീഡിയോയിൽ, ഓടിക്കൊണ്ടിരിക്കുന്ന ഒരാളെ ഗോ 1, കുപ്പി വെള്ളവും ചുമന്ന് പിന്തുടരുന്നതാണ് കാണിക്കുന്നത്.
ശരിക്കും ഇത്തരത്തിലുള്ള യന്ത്രങ്ങളുടെ മികച്ച ആപ്ലിക്കേഷനുകൾ എന്തൊക്കെയെന്നുള്ള ഗവേഷണത്തിലാണ് റോബോട്ടിക് ഇൻഡസ്ട്രി ഇപ്പോഴും.
വ്യാവസായിക പരിശോധന, പോലീസ് രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിൽ നിലവിൽ സ്പോട്ട് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
യൂണിട്രിയാകട്ടെ സ്മാർട്ട്ഫോണുകളും ഡ്രോണുകളും പോലെ ക്വാഡ്രുപെഡൽ റോബോട്ടുകളെ അഫൊഡബിൾ പ്രൈസിൽ ജനപ്രിയമാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെനോക്കുമ്പോൾ ഗോ 1 ഡെമോ റീൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
ഓട്ടോമാറ്റിക്കായി വ്യക്തിയെ പിന്തുടരലും തടസ്സങ്ങൾ ഒഴിവാക്കിയുള്ള യാത്രയും എല്ലാ മോഡലുകളും നൽകുമെങ്കിലും വിലയേറിയ മോഡലുകളിൽ മാത്രമേ പരസ്യത്തിൽ പറയുന്നപോലെ മണിക്കൂറിൽ 17 കിലോമീറ്റർ വേഗത ലഭിക്കൂ. ബാറ്ററി ലൈഫിനെക്കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടുമില്ല. സ്പോട്ടിന് 90 മിനിറ്റ് പ്രവർത്തിക്കാനുള്ള ചാർജ് മാത്രമേ ശേഖരിച്ചു വയ്ക്കാനാകൂ എന്ന് അറിയുമ്പോൾ Go1 ഡെമോ വീഡിയോയിൽ അവകാശപ്പെടുന്ന “all-day companion” മോഡ് എന്നത് ഒരു അതിശയോക്തിയല്ലേ എന്ന് നമുക്ക് തോന്നാം
കാര്യങ്ങൾ എന്തുതന്നെയായാലും ക്വാഡ്രുപെഡൽ റോബോട്ടുകൾ അപൂർവ്വ വസ്തു എന്ന സങ്കല്പത്തിൽനിന്നും നിത്യോപയോഗ വസ്തു എന്ന യാഥാർഥ്യത്തിലേക്ക് വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ സ്റ്റാർട്ടപ്പുകളും അതിവേഗം വളരുകയാണ്.