ടാറ്റയുടെ എയർ ഇന്ത്യയെ നയിക്കാൻ ഏവിയേഷൻ രംഗത്തെ പ്രമുഖനായ അലക്‌സ് ക്രൂസ് വന്നേക്കും
അലക്സ് ക്രൂസ് -ബ്രിട്ടീഷ് എയർവേസ് മുൻ ചെയർമാൻ
ഏവിയേഷൻ രംഗത്തെ പ്രമുഖനായ അലക്‌സ് ക്രൂസിനെ എയർ ഇന്ത്യ സിഇഒ ആയി ടാറ്റ ഗ്രൂപ്പ് നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം അഞ്ച് വർഷത്തോളം ബ്രിട്ടീഷ് എയർവേയ്‌സിന്റെ ചെയർമാനും സിഇഒയും ആയിരുന്നു അലക്‌സ് ക്രൂസ്.പാൻഡെമിക് കാലത്ത് 2020 ഒക്ടോബറിൽ എയർലൈൻ 13,000 ജോലികൾ വെട്ടിക്കുറച്ചപ്പോഴാണ് ക്രൂസ് ബ്രിട്ടീഷ് എയർവേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിഞ്ഞത്. സ്പാനിഷ് ലോ-കോസ്റ്റ് എയർലൈൻ വ്യൂലിംഗിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.
IESE ബിസിനസ് സ്‌കൂളിലെ പ്രൊഫസർ
സെൻട്രൽ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ക്രൂസ് എഞ്ചിനിയറിംഗ് ബിരുദം നേടിയത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ MS ബിരുദം നേടിയിട്ടുണ്ട്. ക്രൂസിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ കാണിക്കുന്നത് അദ്ദേഹം നിലവിൽ ചില കമ്പനികളിലെ നിക്ഷേപകനും ബോർഡ് അംഗവും ഉപദേശകനുമാണെന്നാണ്. ക്രൂസ് IESE ബിസിനസ് സ്‌കൂളിലെ പ്രൊഫസർ കൂടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു.
വിസ്താര പ്രത്യേക സ്ഥാപനമായി തുടരും
ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ തന്നെയാണ് പുതിയ എയർ ഇന്ത്യ ബോർഡിന് നേതൃത്വം നൽകുന്നത്. എയർലൈൻ ഘടനയെക്കുറിച്ചുള്ള തങ്ങളുടെ പദ്ധതികൾ ടാറ്റ ഗ്രൂപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടാറ്റ ഗ്രൂപ്പ് ഇപ്പോൾ AI, AI എക്സ്പ്രസ്, വിസ്താര, എയർഏഷ്യ ഇന്ത്യ എന്നിവ പ്രവർത്തിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, 49 ശതമാനം ഓഹരി ഉടമയായ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയുമായുള്ള ലയനത്തിന് സമ്മതിക്കുന്നതുവരെ വിസ്താര ഒരു പ്രത്യേക സ്ഥാപനമായി തുടരും.