Used Mobile Phone-കൾക്കായി ‘Sell Back Program’ അവതരിപ്പിച്ച് Flipkart
ഉപയോഗിച്ച ഫോണിന് ഒരു പ്ലാറ്റ്ഫോം
യൂസ്ഡ് മൊബൈൽ ഫോണുകൾക്കായി ഫ്ലിപ്പ്കാർട്ട് ‘സെൽ ബാക്ക് പ്രോഗ്രാം’ അവതരിപ്പിക്കുന്നു. ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ വ്യാപാരം സാധ്യമാക്കുന്നതിനായി പുതിയ ‘സെൽ ബാക്ക് പ്രോഗ്രാം’ അവതരിപ്പിച്ചതായി ഇ-കൊമേഴ്‌സ് പ്രമുഖനായ ഫ്ലിപ്പ്കാർട്ട് അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ ഉപയോഗിച്ച മൊബൈൽ ഫോണുകൾ വിൽക്കാനുളള ഒരു പ്ലാറ്റ്ഫോമാണ് പ്രദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ഉപയോഗിച്ച മൊബൈൽ ഫോണുകൾ വിൽക്കാനും ഫ്ലിപ്കാർട്ട് ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചർ നേടാനും കഴിയും. ഇലക്‌ട്രോണിക്‌സ് റീ-കൊമേഴ്‌സ് സ്ഥാപനമായ യന്ത്ര അടുത്തിടെ ഏറ്റെടുത്തതിന് പിന്നാലെയാണ് ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ സെൽ ബാക്ക് പ്രോഗ്രാമിന്റെ ലോഞ്ച്. ഈ വർഷം ജനുവരിയിലാണ് ഏറ്റെടുക്കൽ പ്രഖ്യാപിച്ചത്.
48 മണിക്കൂറിനുളളിൽ വില ലഭിക്കും
ഉപഭോക്താക്കൾക്ക് അവരുടെ ഉപയോഗിച്ച സ്മാർട്ട്‌ഫോണുകൾ വിൽക്കുന്നതിന്, ഫ്ലിപ്പ്കാർട്ട് ആപ്പ് സന്ദർശിച്ച് താഴത്തെ ബാറിലെ ഓപ്‌ഷനുകളിൽ നിന്ന് “സെൽ ബാക്ക്” തിരഞ്ഞെടുക്കാം. മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകി അവർ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ മൂല്യം വിലയിരുത്താം. ഉപഭോക്തൃ സ്ഥിരീകരണത്തിന് ശേഷം, ഫ്ലിപ്പ്കാർട്ട് എക്സിക്യൂട്ടീവ് 48 മണിക്കൂറിനുള്ളിൽ അവരുടെ വീട്ടിലെത്തി ഫോൺ ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. വെരിഫിക്കേഷൻ പൂർത്തിയായാൽ സെൽ ബാക്ക് മൂല്യം അനുസരിച്ച്, അവർക്ക് ഫ്ലിപ്പ്കാർട്ട് വൗച്ചർ നൽകും. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയാലും ഇല്ലെങ്കിലും എല്ലാ മൊബൈൽ ഫോണുകൾക്കും ഈ പ്രോഗ്രാം ബാധകമായിരിക്കും.ഡൽഹി, കൊൽക്കത്ത, പട്‌ന തുടങ്ങിയ നഗരങ്ങളിൽ 1,700 പിൻ കോഡുകളിലുടനീളം പ്രോഗ്രാം ലഭ്യമാണ്.
അസംഘടിതമായ വിപണി ലക്ഷ്യമിടുന്നു
ഉപഭോക്താക്കളെ ഏറ്റവും പുതിയതും ആവശ്യമുള്ളതുമായ ഉൽപ്പന്നങ്ങൾ ഫ്ലിപ്പ്കാർട്ടിൽ, മികച്ച വിലയ്ക്ക് വാങ്ങാൻ സഹായിക്കുന്നതിന് സ്മാർട്ട് ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ കൊണ്ടുവരുന്നതിനായി തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന് ഫ്‌ളിപ്കാർട്ടിന്റെ സീനിയർ വൈസ് പ്രസിഡന്റും ഗ്രോത്ത് ചാർട്ടർ മേധാവിയുമായ പ്രകാശ് സിക്കാരിയ പറഞ്ഞു. ഫ്ലിപ്പ്കാർട്ടിന്റെ സെൽ ബാക്ക് പ്രോഗ്രാമിലൂടെ അസംഘടിതമായ പുനർവിൽപന വിപണിയെ സംഘടിതമാക്കാൻ സഹായിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് വ്യവസായം ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ, ഈ പരിപാടി ഇ-മാലിന്യങ്ങളുടെ ഉൽപ്പാദനം കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും – ഇത് ഒരു സുസ്ഥിര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ്, പ്രകാശ് സിക്കാരിയ പറഞ്ഞു