ഫുട്ബോളും ക്രിക്കറ്റും സ്വന്തമാക്കിയ എജ്യുടെക് സ്റ്റാർട്ടപ്പ്; BYJU’s സമാനതകളില്ലാത്ത വിജയഗാഥ

2022ലെ ഫിഫ ലോകകപ്പിന്റെ ആദ്യ ഇന്ത്യൻ സ്‌പോൺസറായി BYJU’s മാറിയത് മലയാളികളെ സംബന്ധിച്ച് ഏററവും അഭിമാനകരമായ ഒരു മുഹൂർത്തമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക ടൂർണമെന്റുകളിലൊന്നിന്റെ ഔദ്യോഗിക സ്പോൺസറായി ഒരു മലയാളിയുടെ കമ്പനി എത്തുന്നത് സമാനതകളില്ലാത്ത വിജയഗാഥ കൂടിയാണ്. സ്പോർട്സ് ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്, ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു,ഫുട്ബോൾ കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതുപോലെ, ഈ പങ്കാളിത്തത്തിലൂടെ ഓരോ കുട്ടിയുടെയും ജീവിതത്തിൽ പഠിക്കാനുള്ള താല്പര്യം പ്രചോദിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് BYJU’s ന്റെ അമരക്കാരനായ ബൈജു രവീന്ദ്രൻ കുറിച്ചു.

സ്പോർട്സ് സ്പോൺസർഷിപ്പുകൾ BYJU’S-ന് പുതുമയല്ല. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരമായ ഫിഫ ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ ബ്രാൻഡായി ബൈജൂസ് മാറിയത് വിസ്മയം നിറഞ്ഞ പ്രഖ്യാപനമായിരുന്നു. ക്രിക്കറ്റിനേക്കാൾ ആഗോളതലത്തിൽ വ്യാപരിച്ചിട്ടുളളള ഫുട്‌ബോളുമായി ബൈജൂസ് ബന്ധപ്പെടുന്നതും ഇതാദ്യമാണ്.2019 മുതൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഷർട്ട് സ്‌പോൺസറാണ് കമ്പനി. 2023 ഏകദിന ലോകകപ്പ് വരെ സ്‌പോൺസർമാരായി ബൈജൂസ് തുടരും. ബൈജൂസ് കോ ഫൗണ്ടറും സിഇഒയുമായ ബൈജൂ രവീന്ദ്രൻ ഒരു സംരംഭകനും അധ്യാപകനും എന്നതിലുപരി, വ്യത്യസ്ത കായിക ഇനങ്ങളിൽ തത്പരനായ ഒരു കായികതാരം കൂടിയാണ്.യൂണിവേഴ്സിറ്റി തലത്തിൽ ഫുട്ബോൾ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നിവ കളിച്ചിട്ടുളള ബൈജു രവീന്ദ്രൻ എന്തുകൊണ്ട് ഇത്രയേറെ സ്പോർട്സ് സ്പോർണർഷിപ്പുകൾ ഏറ്റെടുക്കുന്നു എന്നതിൽ അതുകൊണ്ടു തന്നെ അതിശയിക്കേണ്ട കാര്യവുമില്ല.


മെഗാ ഫുട്ബോൾ ടൂർണമെന്റിന്റെ റെക്കോർഡ് വ്യൂവേഴ്‌ഷിപ്പും മൂല്യവും ബൈജൂസിന് ആഗോളതലത്തിൽ പ്രചാരം കൂട്ടാൻ സഹായകമാകുമെന്ന് ഉറപ്പാണ്. FIFA പങ്കാളിത്തത്തിലൂടെ, 2022-ലെ FIFA ലോകകപ്പുമായി ബന്ധപ്പെട്ടുളള പ്രമോഷനുകൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുമായി ബൈജൂസിനെ ബന്ധിപ്പിക്കും. ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് Lloyd Mathias-ന്റെ അഭിപ്രായത്തിൽ, ഫിഫ ലോകകപ്പ് സ്പോൺസർ ചെയ്യുന്നത് ആഗോളതലത്തിൽ ദൃശ്യപരത നേടാനുള്ള ബൈജുസിന്റെ ഒരു അത്ഭുതകരമായ നീക്കമാണ്. പ്രത്യേകിച്ച് ഖത്തറിലും ഇന്ത്യൻ പ്രവാസികളിൽ ഒരു പ്രധാന ഭാഗം താമസിക്കുന്ന മിഡിൽ ഈസ്റ്റിലും ഫുട്ബോൾ ഒരു വികാരമാണ്. അതേ സമയം, ക്രിക്കറ്റ് ഒന്നാം നമ്പർ കായിക ഇനമായി തുടരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഫിഫയുടെ കാൽപ്പാടുകൾ വികസിപ്പിക്കാനും ഈ സ്പോൺസർഷിപ്പ് സഹായിക്കും.
ഫിഫയുമായി പങ്കാളിയാകുന്ന ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് പരസ്യമേഖലയിലും വലിയ സ്വാധീനം ചെലുത്തും. കൂടുതൽ ഇന്ത്യൻ ബ്രാൻഡുകളെ, പ്രത്യേകിച്ച് യൂണികോണുകളെ, ആഗോളതലത്തിൽ അതിവേഗം വിപുലീകരിക്കാൻ ഈ പാത സ്വീകരിക്കാൻ ഇത് പ്രേരിപ്പിക്കും.
ഫിഫ ഓഡിറ്റ് അനുസരിച്ച്, 3.572 ബില്യൺ ആളുകൾ അതായത് ലോകത്തിലെ പകുതിയോളം ആളുകൾ – 2018 ലെ ഫിഫ ലോകകപ്പ് വീട്ടിൽ ടിവിയിലോ മറ്റു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ വീക്ഷിച്ചു. ലോകമെമ്പാടുമുള്ള 1.12 ബില്യൺ വ്യുവേഴ്സാണ് ഫൈനൽ തത്സമയം കണ്ടത്.
സ്പോൺസർഷിപ്പ് ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഗണ്യമായ ഒരു തുകയായിരിക്കുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.

ആഗോളവിപുലീകരണം ലക്ഷ്യമിട്ട് മുൻ ഫേസ്ബുക്ക് ടെക് ലീഡ് Majid Yazdani യെ വൈസ് പ്രസിഡന്റായി കഴിഞ്ഞ ദിവസമാണ് ബൈജൂസ് പ്രഖ്യാപിച്ചത്. മുൻ വാർണർ മീഡിയ എക്സിക്യൂട്ടീവ് Shawn Smith ആദ്യത്തെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഹെഡ് എന്ന നിലയിലും എഡ്‌ടെക് പ്ലാറ്റ്‌ഫോമിന്റെ ആഗോള സ്വപ്നങ്ങളുടെ ചുക്കാൻ പിടിക്കുന്നു.

അധ്യാപനത്തോടുള്ള ഒരു എഞ്ചിനീയറുടെ അഭിനിവേശമാണ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്-ടെക് കമ്പനി ആരംഭിക്കുന്നതിലേക്ക് നയിച്ചത് . 2006-ൽ CAT കോച്ചിംഗ് ക്ലാസായി ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേർന്ന് തുടക്കമിട്ട സംരംഭം 2011-ൽ ഒരു സ്റ്റാർട്ടപ്പായി, ഇന്ന് ഒരു ഡെക്കാകോണായി വളർന്നിരിക്കുന്നു. 2015ലാണ് ബൈജൂസ് – ദി ലേണിംഗ് ആപ്പിന് തുടക്കം കുറിച്ചത്. ആദ്യ വർഷം തന്നെ 5.5 ദശലക്ഷത്തിലധികം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു.സ്കൂൾ തലവും മത്സര പരീക്ഷാ തയ്യാറെടുപ്പുകളും തൊട്ട് കോഡിംഗും പ്രൊഫഷണൽ അപ്‌സ്കില്ലിംഗ് വരെയുള്ള കോഴ്‌സുകളും വരെ അതിവേഗം വിപുലീകരിച്ചു. 80 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 5.5 ദശലക്ഷം സബ്സ്ക്രൈബേഴ്സും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.മാർക്ക് സക്കർബർഗും ടെൻസെന്റും ഉൾപ്പെടെയുളള പ്രമുഖ നിക്ഷേപകരും ബൈജുവിന്റെ വളർച്ചക്ക് കരുത്തായി. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച എഡ്യൂടെക് സ്ഥാപനങ്ങളിലൊന്നായി മാറുന്നതിനുള്ള ഈ യാത്രയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ശ്രദ്ധേയമായ അക്വിസിഷനുകളും നടത്തി. വൈറ്റ്ഹാറ്റ് ജൂനിയർ, ഓസ്ട്രിയൻ സ്റ്റാർട്ടപ്പ് ജിയോജിബ്ര, അമേരിക്കൻ കോഡിംഗ് സ്റ്റാർട്ടപ്പ് ടിങ്കർ തുടങ്ങി പ്രമുഖമായ പല പേരുകളും ബൈജൂസിന്റെ ഭാഗമായി. ഫോർബ്‌സിന്റെ ഇന്ത്യയിലെ ശതകോടീശ്വര പട്ടിക പ്രകാരം 3.06 ബില്യൺ ഡോളർ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനുമാണ് ഈ അഴീക്കോടുകാരൻ.

ഫിഫ ലോകകപ്പിന് ശേഷം ബൈജൂസ് എന്ന എഡ്ടെക് കമ്പനിയുടെ ഗ്രാഫ് കൂടുതൽ കുതിച്ചുയരുമെന്ന് വ്യവസായലോകം വിലയിരുത്തുന്നു. അഭിമാനിക്കാം ഓരോ മലയാളിക്കും. ഫിഫ ലോകകപ്പിലും ഒരു മലയാളി ടച്ച് വന്നിരിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version