രാജ്യത്തെ സ്റ്റാർട്ടപ്പുകൾ സ്മാർട്ടാണ്; ഏത് വെല്ലുവിളിയും നേരിടുമെന്ന് നിതി ആയോഗ് CEO

വെല്ലുവിളി നേരിടാൻ സ്റ്റാർട്ടപ്പുകൾ തയ്യാറാണ്

രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയും പരിഹരിക്കാൻ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് കഴിയുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. സ്റ്റാർട്ടപ്പുകളെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയായാണ് അമിതാഭ് കാന്ത് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക വളർച്ചാ തന്ത്രത്തിൽ സ്റ്റാർട്ടപ്പുകൾ നിർണായക പങ്ക് വഹിക്കുന്നു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പോലുള്ള സ്കീമുകളിലൂടെ സർ‍ക്കാർ ഇവർക്ക് പിന്തുണ നൽകുന്നു. സ്റ്റാർട്ടപ്പ് ഫൗണ്ടർമാരും ഡൈനാമിക് ടീമുകളും എല്ലാ വളർച്ചാ അവസരങ്ങളേയും ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. വ്യാപാര-വ്യവസായ മേഖലകളിലെ പരമ്പരാഗതരീതികളെ മാറ്റിക്കൊണ്ട് പുതിയ രീതികൾ പരീക്ഷിക്കാനും വലിയ പരിശ്രമങ്ങളാണ് സ്റ്റാർട്ടപ്പുകൾ നടത്തുന്നത്. ബാറ്ററി നിർമാണം തൊട്ട് ഇലക്‌ട്രിക് വാഹന നിർമ്മാണം വരെയുള്ള മേഖലകൾ ഇതിലുൾപ്പെടുന്നുണ്ട്.

സ്റ്റാർട്ടപ്പുകളുടെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിൽ

2016-ൽ ആരംഭിച്ച Startup India സംരംഭത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് NITI Aayog CEO പറയുന്നു. ചെലവ് കുറഞ്ഞ Internet Data പ്ലാനുകൾ, കഴിവുള്ള പ്രൊഫഷണലുകൾ, മൊബൈൽ ഫോണുകളുടെ ഉപയോഗത്തിലുണ്ടായ വർദ്ധനവ്, സർക്കാർ നൽകുന്ന നയപരമായ പിന്തുണ എന്നിവയൊക്കെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. സ്റ്റാർട്ടപ്പ് സെഗ്‌മെന്റിൽ ഇന്നൊവേഷൻ നടക്കുന്നതും വളർച്ചയുടെ വേഗതയും വളരെ ഉയർന്നതാണ്. ആഭ്യന്തര പേറ്റന്റ് രജിസ്ട്രേഷനുകളുടെ എണ്ണം 2015-16ൽ 12,000 ആയിരുന്നത് 2020-21ൽ 25,000 ആയി ഉയർന്നു. ഇന്നൊവേഷൻ വലിയ തോതിൽ വികസിച്ചുവെന്ന് ഇത് കാണിക്കുന്നു,അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 11 യൂണികോണുകൾ ഉണ്ടായി. യഥാർത്ഥത്തിൽ, എല്ലാ മാസവും 3-4 യൂണികോണുകൾ ഉണ്ടാകുന്നുണ്ട്. 2016ൽ കുറച്ച് സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിക്ഷേപങ്ങൾ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ എന്നിവയുടെ കാര്യത്തിൽ വളരെ പരിമിതമായ പിന്തുണ മാത്രമേ ലഭ്യമായിരുന്നുള്ളൂ.അതിനുശേഷം ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ ഇക്കോസിസ്റ്റങ്ങളിലൊന്നായി ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പക്വത പ്രാപിക്കുക മാത്രമല്ല, പലമടങ്ങ് വളരുകയും ചെയ്തു, അമിതാഭ്കാന്ത് പറഞ്ഞു.

വളർച്ചക്ക് വേഗമേകി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ

ലളിതമായ രജിസ്ട്രേഷൻ പ്രക്രിയ, മൂന്ന് വർഷത്തേക്ക് നികുതി ആനുകൂല്യങ്ങൾ, സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനുള്ള യോഗ്യത, പേറ്റന്റ് ഫയലിംഗ് ചെലവ് കുറയ്ക്കൽ എന്നിവ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന പിന്തുണയിൽ ഉൾപ്പെടുന്നു. ആഗോള സ്റ്റാർട്ടപ്പ് ലാൻഡ്‌സ്‌കേപ്പിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സഹായിച്ചതായും അമിതാഭ്കാന്ത് പറഞ്ഞു.ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകൾ ഇന്ത്യയിലാണ്. ഇത് സ്‌മാർട്ട്‌ഫോൺ ഉപകരണങ്ങളുടെ ഉയർന്ന അഡോപ്ഷൻ സാധ്യമാക്കി. ഡിജിറ്റൽ കണക്റ്റിവിറ്റി ഇന്ത്യയിലെ സ്റ്റാർട്ടപ്പ് പ്രസ്ഥാനത്തിന് വലിയ ഉത്തേജനം നൽകിയതായും നിതി ആയോഗ് സിഇഒ പറഞ്ഞു. നിലവിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിസിറ്റി ആന്റ് ഇന്റേണൽ ട്രേഡ് ഔദ്യോഗികമായി അംഗീകരിച്ച 67,000 സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version