Startups വളരുന്നു, ഇന്ത്യയിലെ 5 വർഷത്തെ സ്റ്റാർട്ടപ്പ് വളർച്ച എങ്ങിനെ

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വേഗത്തിലാണ് വളരുന്നത്. ഇന്നവേഷനിലും നൂതന സൊല്യൂഷനുകളിലും

സ്റ്റാർട്ടപ്പുകൾ ലോകോത്തര നിലവാരം പുലർത്തുന്നു. കൃത്യതയുളള നയങ്ങളും അനുകൂലമായ ഫണ്ടുമായി സർക്കാരും സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നു. 2016നും 2022നുമിടയിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ 66,359 ആണ്. 2017 സാമ്പത്തിക വർഷത്തിനും 2022 സാമ്പത്തിക വർഷത്തിനുമിടയിൽ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത് 12,333 സ്റ്റാർട്ടപ്പുകൾ. കർണാടകയിൽ രജിസ്റ്റർ ചെയ്തത് 8,243 സ്റ്റാർട്ടപ്പുകളാണ്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ 7,914 ആണ്. 5,964, 4,378 സ്റ്റാർട്ടപ്പുകൾ വീതമുള്ള ഉത്തർപ്രദേശും ഗുജറാത്തും ആദ്യ അ‍ഞ്ചിൽ ഇടം കണ്ടു. ഈ വർഷം മാർച്ച് 21 വരെ ഇന്ത്യയിലെ മൊത്തം സ്റ്റാർട്ടപ്പുകളുടെ 58.5 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 2017 സാമ്പത്തിക വർഷത്തിൽ രജിസ്റ്റർ ചെയ്ത 726 എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിലെ 20,538 സ്റ്റാർട്ടപ്പുകൾ കാണിക്കുന്നത് 28 മടങ്ങ് വളർച്ചയാണ്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്ററമായി തുടരുകയുമാണ്.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും ഒരു അംഗീകൃത സ്റ്റാർട്ടപ്പെങ്കിലും ഉണ്ട്. അംഗീകൃത സ്റ്റാർട്ടപ്പുകളിൽ 50 ശതമാനവും Tier II, Tier III നഗരങ്ങളിൽ നിന്നുള്ളവയാണ്. അംഗീകൃത സ്റ്റാർട്ടപ്പുകൾ രാജ്യത്ത് 640 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. അംഗീകൃത സ്റ്റാർട്ടപ്പുകൾ 56 വൈവിധ്യമാർന്ന മേഖലകളിൽ വ്യാപിച്ചുകിടക്കുമ്പോൾ, 26 ശതമാനത്തിലധികം IT സർവീസ്, ഫിൻടെക്, ടെക്നോളജി ഹാർഡ് വെയർ, എന്റർപ്രൈസ് സോഫ്റ്റ് വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, നാനോ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ്. മികച്ച 10 മേഖലകളിൽ, IT സർവീസിൽ 8,820 സ്റ്റാർട്ടപ്പുകളും, ഹെൽത്ത് കെയർ, ലൈഫ് സയൻസസ് എന്നിവയിൽ 6,098 സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ മേഖലയിൽ 4,386 സ്റ്റാർട്ടപ്പുകളുമാണുളളത്. രാജ്യത്തെ സ്റ്റാർട്ടപ്പുകൾ 7 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മന്ത്രി പീയൂഷ് ഗോയൽ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ പത്തിൽ, ഐടി സർവീസിൽ 98,207 ജോലികളും , ഹെൽത്ത് കെയർ, ലൈഫ് സയൻസസ് മേഖലയിൽ 66,086 ജോലികളും, വിദ്യാഭ്യാസ മേഖലയിൽ 46,263 ജോലികളും സൃഷ്ടിക്കപ്പെട്ടു. 3,000-ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുകയും റിന്യുവബിൾ എനർജിയിലൂടെയും ഗ്രീൻ ടെക്നോളജിയിലൂടെയും സൊല്യുഷനുകൾ നൽകുകയും ചെയ്യുന്നു.

ഒരു സ്റ്റാർട്ടപ്പിന്റെ ബിസിനസ് സൈക്കിളിന്റെ വിവിധ ഘട്ടങ്ങളിൽ മൂലധനം നൽകാൻ സർക്കാർ നേരിട്ട് ഫണ്ട് നൽകുന്നില്ലെങ്കിലും വിവിധ സ്കീമുകൾ ഇതിനായി ആവിഷ്കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയും സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമും നടപ്പിലാക്കിയിട്ടുണ്ട്. proof of concept, prototype development, പ്രൊഡക്ട് ട്രയൽ, വിപണിയിലേക്കുള്ള പ്രവേശനം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകാനാണ് Startup India Seed Fund Scheme ലക്ഷ്യമിടുന്നത്.ഫണ്ടുകൾ അംഗീകൃത ഇൻക്യുബേറ്റേഴ്സ് വഴി സ്റ്റാർട്ടപ്പുകൾക്കായി അനുവദിക്കുന്നു. 2022 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തേക്ക് 945 കോടി രൂപ പദ്ധതിക്ക് കീഴിൽ അനുവദിച്ചിട്ടുണ്ട്.സ്റ്റാർട്ടപ്പുകളിൽ ഫണ്ട് ഓഫ് ഫണ്ട്സ് നേരിട്ട് നിക്ഷേപം നടത്തുന്നില്ലെങ്കിലും, സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപം നടത്തുന്നതിന് സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇതര നിക്ഷേപ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു. ചെറുകിട വ്യവസായ വികസന ബാങ്ക് SIDBI ആണ് ഫണ്ട് ഓഫ് ഫണ്ട്സിന്റെ പ്രവർത്തന ഏജൻസി. 2022 ഫെബ്രുവരി 28 വരെ, വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് SIDBI-ക്ക് 2791.29 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി.

പ്രാദേശിക സ്റ്റാർട്ടപ്പുകളെ ആഗോള തലത്തിലേക്ക് എത്തിക്കാനുളള ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിൽ, ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളുമായി ബന്ധപ്പെടാൻ സർക്കാർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുകയാണെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി. ഇതിനായി ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സ്റ്റാർട്ടപ്പ് ഫോറം, ദുബായ് എക്‌സ്‌പോ പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്റർനാഷണൽ സമ്മിറ്റ്, ഗ്ലോബൽ വെഞ്ച്വർ ക്യാപിറ്റൽ സമ്മിറ്റ് തുടങ്ങിയ ഗ്ലോബൽ ഇവന്റുകളിലൂടെയും രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് ഒരു ഗ്ലോബൽ വേദി സജ്ജീകരിക്കാൻ കേന്ദ്രം സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റം വലിയൊരു കുതിച്ചുചാട്ടത്തിന്റെ വക്കിലാണ്. അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണ്. രാജ്യത്തിന്റെ ഭാവിയെ അടയാളപ്പെടുത്തുന്ന വരുംകാലത്തിന്റെ മുഖമായി സ്റ്റാർട്ടപ്പുകൾ മാറുകയാണ്.

Also Read:

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version