ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാകാൻ ഒരു സാധാരണക്കാരന് എത്ര വർഷമെടുക്കും? എന്തു ചോദ്യമാണെന്ന് തിരിച്ചു ചോദിക്കാൻ വരട്ടെ, ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായി മാറാൻ വെറും രണ്ടു വർഷം മാത്രമമെടുത്ത ഒരാളെ കുറിച്ചാണ് ഇനി പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ Binance ന്റെ ഫൗണ്ടറാണ് നമ്മുടെ കഥാനായകനായ Changpeng Zhao. അപ്പാർട്ട്മെന്റ് വിൽക്കുന്നത് മുതൽ ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതും ലോകത്തിലെ ഏറ്റവും ധനികന്മാരിൽ ഒരാളായി മാറുന്നതും വരെ, Zhaoയുടെ ജീവിതം പ്രചോദനവും ആവേശകരവുമാണ്. Zhangpeng Zhaoയുടെ യാത്ര എവിടെ, എങ്ങനെ ആരംഭിച്ചു, ആദ്യകാല ജീവിതവും Binance സിഇഒ എന്ന നിലയിലെ ഇപ്പോഴത്തെ ജീവിതവും ഒന്നു നോക്കാം.

1977 സെപ്റ്റംബർ 10-ന് ചൈനയിലെ Jiangsu പ്രവിശ്യയിൽ ആണ് Zhangpeng Zhao ജനിച്ചത്. മാതാപിതാക്കൾ അധ്യാപകരായിരുന്നു. 1980-കളുടെ അവസാനത്തോടെ കുടുംബം കാനഡയിലെ വാൻകൂവറിലേക്ക് മാറി.

കാനഡയിലെ കൗമാരത്തിൽ, Zhao കുടുംബചെലവുകൾക്കായി പാർട്ട് ടൈം ജോലി ചെയ്യാൻ തുടങ്ങി. മക്ഡൊണാൾഡ്സിലും ഏതാനും പെട്രോൾ പമ്പുകളിലും ജോലി ചെയ്തിരുന്നു. പിന്നീട് മോൺ‌ട്രിയലിലെമക്‌ഗിൽ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടി. ബിരുദം നേടിയ ശേഷം ടോക്കിയോയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇന്റേൺ ആയി ജോലി ആരംഭിച്ചു. പിന്നീട് 2001-ൽ ബ്ലൂംബെർഗ് ട്രേഡ്ബുക്കിൽ ചേർന്നു. 4 വർഷത്തെ പ്രവർത്തനത്തിന് ശേഷം 2005-ൽ ഷാവോ, ഫ്യൂഷൻ സിസ്റ്റംസ് എന്ന പേരിൽ ഒരു കമ്പനി സ്ഥാപിച്ചു. ഐടി സൊല്യൂഷനുകളും മറ്റ് ബിസിനസ് കൺസൾട്ടൻസി സേവനങ്ങളും നൽകുന്നതിൽ കമ്പനി ഏർപ്പെട്ടു.

2013 അവസാനമാണ് ക്രിപ്‌റ്റോയുടെ ലോകത്തേക്ക് Zhao പ്രവേശിക്കുന്നത്. 2014-ലാണ് ബിറ്റ്‌കോയിനിനെക്കുറിച്ച് അറിയുന്നതും Zhao അതിൽ നിക്ഷേപം നടത്തുന്നതും. ബിറ്റ്കോയിനുകൾ വാങ്ങാൻ അദ്ദേഹം വീട് പോലും വിറ്റു. വിവിധ കമ്പനികളിൽ ജോലി ചെയ്യുമ്പോഴും ക്രിപ്റ്റോയിലുളള താല്പര്യം Zhaoയെ വിടാതെ പിന്തുടർന്നിരുന്നു. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നൽകുന്ന കമ്പനിയായിരുന്നു Blockchain.com. 2011 നും 2020 നും ഇടയിൽ ബിറ്റ്കോയിൻ ഇടപാടുകളുടെ ഏതാണ്ട് 28% കൈകാര്യം ചെയ്തിരുന്ന ഒരു ക്രിപ്‌റ്റോകറൻസി വാലറ്റ്. ക്രിപ്‌റ്റോ വാലറ്റുകളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനായി Zhao ഈ കമ്പനിയിൽ പ്രവർത്തിച്ചു. ഒരു വർഷത്തോളം ബ്ലോക്ക്‌ചെയിനിൽ ജോലി ചെയ്ത ശേഷം, കമ്പനിയിൽ നിന്ന് രാജിവച്ച് OKCoin എന്ന കമ്പനിയിൽ ചീഫ് ടെക്‌നിക്കൽ ഓഫീസറായി Zhao. OKCoin, Binance പോലെ, ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനിയായിരുന്നു. എന്നാൽ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിന് OKCoin അനുയോജ്യമല്ലെന്ന് ഷാവോയ്ക്ക് തോന്നി. അങ്ങനെ OKCoin-ൽ നിന്ന് പുറത്തുവന്ന്, Bijie Tech എന്ന പേരിൽ ഒരു കമ്പനി സ്ഥാപിച്ചു. 2015 മുതൽ 2017 വരെയുള്ള രണ്ട് വർഷക്കാലം ഈ കമ്പനി ഷാങ്ഹായിൽ ക്രിപ്റ്റോ എക്സ്ചേഞ്ച് സേവനങ്ങൾ നൽകി. പിന്നീട് ബിജി ടെക് പതുക്കെ അപ്രത്യക്ഷമാകുകയും ആ സ്ഥാനത്ത് Binance എന്ന ശക്തമായ ഒരു കമ്പനി ഉയർന്ന് വരികയും ചെയ്തു. 2017-ൽ Binance രൂപീകൃതമായതുമുതൽ Changpeng Zhao കമ്പനിയുടെ CEO ആയി തുടരുന്നു. പ്രവർത്തനമാരംഭിച്ച് 180 ദിവസങ്ങൾക്കുള്ളിൽ ബിനാൻസ് ഷാവോയെ കോടീശ്വരനാക്കിയത് ചരിത്രം.

Binance ന്റെ വളർച്ചയുടെ ആദ്യ വർഷങ്ങളിൽ Zhao നിരവധി വെല്ലുവിളികൾ നേരിട്ടു. ക്രിപ്‌റ്റോ സംബന്ധിച്ച ചൈനയുടെ കർശനമായ നയങ്ങൾ, ആസ്ഥാനം ചൈനീസ് ഭൂമിയിൽ നിന്ന് Caymen ദ്വീപുകളിലേക്ക് മാറ്റാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. യുഎസിൽ Binance നെതിരെ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുളള കുറ്റങ്ങൾക്ക് അന്വേഷണമുണ്ടായി. അതുപോലെ, ജർമ്മനി, യുകെ തുടങ്ങിയ മറ്റ് പല രാജ്യങ്ങളും കമ്പനിക്കെതിരെ നിയമ നടപടികളോ മുന്നറിയിപ്പുകളോ സ്വീകരിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കമ്പനി എല്ലാ നഷ്ടങ്ങളും നികത്തുമെന്നും ഉപഭോക്താക്കളെ ഒരിക്കലും നിരാശരാക്കില്ലെന്നും ഉറപ്പുവരുത്തിയാണ് Zhao തന്റെ പ്രയാണം തുടർന്നത്.

CZ എന്നറിയപ്പെടുന്ന Zhangpeng Zhao ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ 20 പേരിലൊരാളാണ് ഇന്ന്. 5 വർഷത്തിനുള്ളിൽ ഒരു ബിസിനസ്സ് ആരംഭിച്ച് ലോകത്തെ ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നാക്കി മാറ്റാൻ കഴിയുമെന്ന് Zhao കാണിച്ചു തന്നു. വൻശക്തികളായ രാജ്യങ്ങൾ ഒന്നിച്ചെതിർത്താലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്താൻ കഴിയുമെന്നും തെളിയിച്ചു. Zhao ഒരു പ്രചോദനമാണ്. ലോകമെങ്ങുമുളള ഒരുപാട് പേർക്ക്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version