യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമും (യുഎൻഇപി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് ‘ദുരന്ത നിവാരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സംയോജനം’ എന്ന വിഷയത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി (DUK) രണ്ടാഴ്ചത്തെ വിജ്ഞാന ശിൽപശാല സംഘടിപ്പിക്കുന്നു. മെയ് 16 ന് ആരംഭിച്ച് 27ന് സമാപിക്കുന്ന ശിൽപശാല,ദുരന്ത നിവാരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അതിന് ആവശ്യമായ കഴിവുകളെന്താണെന്നും പരിശീലിപ്പിക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള അസിസ്റ്റന്റ് പ്രൊഫസർ Dr Sinnu Susan Thomas, സതാംപ്ടൺ യൂണിവേഴ്സിറ്റി പ്രൊഫസറായ Dr Edilson F Arruda തുടങ്ങിയ വിദഗ്ധരുടെ സഹകരണത്തോടെയാണ് ശില്പശാല.
എങ്ങനെ ഉപയോഗപ്പെടുത്താം ഡിജിറ്റൽ ടെക്നോളജി?
നാലാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കാവുന്ന ഡിജിറ്റൽ സാങ്കേതികവിദ്യ മറ്റെല്ലാ മേഖലകളിലേക്കും വ്യാപിച്ചെങ്കിലും ദുരന്ത നിവാരണത്തിന്റെ കാര്യമെടുത്താൽ ഇതുവരെയായും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അനന്ത സാദ്ധ്യതകളെ വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നാണ് യുഎൻഇപി വിലയിരുത്തുന്നത്.ദുരന്തനിവാരണത്തിനായി ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കാൻ താൽപര്യമുള്ള സർക്കാർ ജീവനക്കാർ,വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ചാകും ശില്പശാല.ശില്പശാലയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലടക്കം പരിശീലനം നൽകും.റെസ്ക്യൂ ഓപ്പറേഷനുകൾക്കായി റോബോട്ടുകളേയും ഡ്രോണുകളേയും എങ്ങനെ ഉപയോഗിക്കാം, ദുരന്തങ്ങളോട് പ്രതികരിക്കേണ്ട രീതികൾ തുടങ്ങിയവയിലാകും പ്രധാനമായും പരിശീലനം നൽകുന്നത്.