ഷാർക്കായ ഗസൽ
സൗന്ദര്യ-ചർമ സംരക്ഷണ വിപണിയിൽ മികച്ച പ്രോഡക്റ്റുകളാണ് ബ്രാൻഡുകളെ നിലനിർത്തുന്ന ഘടകം. വിഷാംശങ്ങളില്ലാത്ത തികച്ചും നാച്വറലായ സ്കിൻ കെയർ ബ്രാൻഡെന്ന ലേബലാണ് Mamaearth മാർക്കറ്റിലെത്തിയത്. ആ വിജയത്തിന് പിന്നിൽ ഒരു വനിത സംരംഭകയുണ്ട്-Ghazal Alagh. സൗന്ദര്യ, ചർമ്മസംരക്ഷണ ബ്രാൻഡുകളുടെ വളരെ മത്സരാധിഷ്ഠിതമായ വിപണിയിൽ, വെറും അഞ്ച് വർഷത്തിനുള്ളിൽ ഗസലിന്റെ സൗന്ദര്യ ബ്രാൻഡ് നേടിയ സ്ഥാനം അത്ഭുതാവഹമാണ്. ഗസലിന്റെ ആസ്തി 17 മില്യൺ ഡോളറാണ്. Mamaearth ബ്രാൻഡിൽ നിന്നുള്ള വാർഷിക വരുമാനം 35 കോടി രൂപയിലധികം വരും. കമ്പനിയുടെ പ്രവർത്തന വരുമാനം 100 കോടി രൂപ കവിഞ്ഞു. 2020 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 സാമ്പത്തിക വർഷത്തിൽ 461 കോടി രൂപയുമായി വലിയ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹരിയാനയിലെ ഗുഡ്ഗാവിൽ കൈലാഷ് സൈനിയുടെയും സുനിത സൈനിയുടെയും മകളായി 1988 സെപ്റ്റംബർ 2 നാണ് ഗസൽ അലഗ് ജനിച്ചത്. ഗുഡ്ഗാവിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടി.ബിരുദം പൂർത്തിയാക്കിയ ശേഷം, ഗസൽ 2008-ൽ NIIT ലിമിറ്റഡിൽ കോർപ്പറേറ്റ് പരിശീലകയായി ചേർന്നു. 2012-ൽ അവർ Dietexpert.com എന്ന വെബ്സൈറ്റ് സ്ഥാപിച്ചു. ആരോഗ്യം, ഭാരം, പ്രായം എന്നിവയ്ക്കനുസരിച്ച് ഇഷ്ടാനുസൃത ഭക്ഷണക്രമം ഉപയോക്താക്കൾക്ക് നൽകുന്നതിലാണ്ശ്രദ്ധ കേന്ദ്രീകരിച്ചത്. 2015-ലാണ് ഭർത്താവ് വരുൺ ആലഗിനൊപ്പം ചേർന്ന് രാസവസ്തു രഹിത ഉല്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ശിശു സംരക്ഷണ ബ്രാൻഡ് സ്ഥാപിച്ചത്. ഡയറക്ട് ടു കൺസ്യൂമർ (d-2-c) ബ്രാൻഡ് എന്ന നിലയിലാണ് കമ്പനി ആരംഭിച്ചത്. ബേബികെയർ ഉൽപ്പന്നങ്ങൾ നൽകാനാണ് കമ്പനി ആദ്യം തീരുമാനിച്ചത്. പിന്നീടാണ് അത് വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളിലേക്ക് വഴിമാറിയത്.
Mamaearth ഇന്ന് ഇന്ത്യയിലെ പ്രമുഖ ബേബി കെയർ, പേഴ്സണൽ കെയർ ബ്രാൻഡുകളിലൊന്നാണ്. 5 വർഷത്തിനുള്ളിൽ അതിവേഗം വളരുന്ന എഫ്എംസിജി ബ്രാൻഡുകളിലൊന്നായി കമ്പനി മാറി. Mamaearth ഇന്ത്യൻ വിപണിയിൽ മാത്രമല്ല വിദേശ വിപണികളിലും ഒരുപോലെ സ്വീകാര്യമായി. 2018-2019 വർഷത്തെ മികച്ച ബ്രാൻഡിനുള്ള പുരസ്കാരം Mamaearth നേടി. 2021 ഡിസംബറിൽ ഭർത്താവിനൊപ്പം ഫോർബ്സ് മാസികയുടെ കവർ പേജിൽ അവർ ഇടംനേടി. അതേ വർഷം തന്നെ സൂപ്പർ സ്റ്റാർട്ടപ്പ് ഏഷ്യാ അവാർഡും അവർക്ക് ലഭിച്ചു.ഷാർക്ക് ടാങ്ക് ഇന്ത്യ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഷാർക്ക് ആയി. 2020-ൽ സ്ഥാപിതമായ Derma.com സ്കിൻകെയർ ആൻഡ് ഹെയർകെയർ ബ്രാൻഡിന്റെ കോ-ഫൗണ്ടർ കൂടിയാണ് ഗസൽ.