ഒരു തവണ മാത്രം ഉപയോഗിക്കാനാകുന്ന, പുനരുപയോഗ സാദ്ധ്യത ഒട്ടുമേയില്ലാത്ത പ്ലാസ്റ്റിക്ക് കൊണ്ട് നിങ്ങൾക്കെന്തുണ്ടാക്കാനാകും? നല്ല സ്വയമ്പൻ വാച്ചുണ്ടാക്കാനാകുമെന്നാണ് ജനപ്രിയ വാച്ച് ബ്രാൻഡുകളിലൊന്നായ ടൈമെക്സ് കാണിച്ചു തരുന്നത്. വാച്ചിന്റെ പേര് വാട്ടർബറി ഓഷ്യൻ. 165 വർഷത്തിലേറെയായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ച് ബ്രാൻഡായ ടൈമെക്സിന്റെ പുതിയ പരീക്ഷണം ആണിത്.
ടൈമെക്സിന്റെ വാച്ച് രൂപകല്പന, മികച്ച ഈടുനിൽപ്പ് എന്നീ സവിശേഷതകളെ ഉയർത്തിക്കാട്ടുന്നതാണ് വാട്ടർബറി ഓഷ്യന്റെ നൂതനമായ ശേഖരം. ഫർണ്ണിച്ചറുകളിൽ തുടങ്ങി കാർപ്പെറ്റുകളിൽ വരെ ഉപയോഗിക്കുന്ന ടൈഡ് ഓഷ്യൻ മെറ്റീരിയൽ ഉപയോഗിച്ചാണ് വാട്ടർബറി നിർമ്മിക്കുന്നത്. കടൽത്തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ആദ്യം പ്ലാസ്റ്റിക് ശേഖരിക്കുന്നു, അത് തരംതിരിച്ച് വൃത്തിയാക്കി സൗരോർജ്ജത്തിന്റെ ഉൾപ്പെടെ സഹായത്തോടെ പുനരുപയോഗ സാദ്ധ്യതയുള്ള മെറ്റീരിയലായി മാറ്റിയെടുക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നു, മത്സ്യത്തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നു, സമുദ്രത്തിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നു തുടങ്ങി ഏറെ ഗുണങ്ങളുണ്ട് ഈ വാച്ച് നിർമ്മാണത്തിൽ.
സ്വന്തം പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം തന്നെ പ്രകൃതി സംരക്ഷണത്തിനായി പ്രവർത്തിക്കുക കൂടിയാണ് വാട്ടർബറിയിലൂടെ ടൈമെക്സ് ചെയ്യുന്നതെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് സിൽവിയോ ലിയോനാർഡി പറയുന്നു. പ്രമുഖ സ്ഥാപനമായ ടൈഡുമായി കൈകോർത്താണ് വാച്ചിന്റെ നിർമ്മാണം. വാട്ടർബറി ബ്രേസ്ലെറ്റ്, കെയ്സ്, ഡയൽ എന്നിവ സമുദ്രത്തിൽ നിന്നു തന്നെയുള്ള വിവിധ സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 30 മീറ്റർ വാട്ടർ റെസിസ്റ്റന്റ് ആയ വാച്ച്, നേവി ഗ്രേ, റോസ് ഗോൾഡ്, ബ്ലൂ, പിങ്ക് തുടങ്ങിയ അഞ്ച് നിറങ്ങളിൽ ലഭിക്കും. പുരുഷന്മാരുടെ മോഡലിന് 9,995 രൂപയും സ്ത്രീകളുടേതിന് 9,295 രൂപയുമാണ് വില. Timex.com-ലും, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും വാച്ച് ലഭ്യമാണ്.