ഒരു പതിനഞ്ചുകാരിയുടെ പെർഫ്യൂം സംരംഭം എങ്ങനെയാണ് ഇത്രയും ഹിറ്റാകുന്നത്. കൗമാരക്കാർക്കായി 100 ശതമാനം ഓർഗാനിക് പെർഫ്യൂം ലൈനായ ബെല്ല ഫ്രാഗ്രൻസസ് വികസിപ്പിച്ച ആര്യാഹി അഗർവാൾ മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വാൾട്ട് ഡിസ്നി, വാറൻ ബഫറ്റ്, സ്റ്റീവ് ജോബ്സ്, ധീരുഭായ് അംബാനി തുടങ്ങിയ പ്രശസ്തരായ ബിസിനസുകാരുടെ ജീവചരിത്രങ്ങളാണ് തന്റെ പ്രചോദനമെന്ന് ആര്യാഹി പറയുന്നു.
എന്റെ പ്രായത്തിലുളളവർക്ക് അനുയോജ്യമായ ഒരു പെർഫ്യൂമും കണ്ടെത്താൻ കഴിഞ്ഞില്ല, പ്രത്യേകിച്ച് 100 ശതമാനം ഓർഗാനിക് ആയ ഒന്ന്, ബെല്ല ഫ്രാഗ്രൻസിലേക്ക് നയിച്ചതിനെ കുറിച്ച് വളരെ സിംപിളായി ആര്യാഹി ഇങ്ങനെ പറയും.
സമ്പൂർണമായി ഓർഗാനിക് പെർഫ്യൂം ഉണ്ടാക്കാൻ കഴിയില്ലെന്ന് വ്യവസായ രംഗത്തെ നിരവധി വിദഗ്ധർ പറഞ്ഞിട്ടും ഈ പെർഫ്യൂം നിർമിക്കാനായത് തീവ്രമായ പരിശ്രമത്തിന്റെ ഫലമാണ്. സ്വന്തം അടുക്കളയിൽ പെർഫ്യൂമിന്റെ ഫോർമുല കണ്ടുപിടിച്ചു, ഡിനേച്ചർഡ് ആൽക്കഹോൾ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ലാബിൽ പരിശോധിച്ചു. ആറ് മാസത്തിലധികം നീണ്ട ഗവേഷണത്തിനും എസൻഷ്യൽ ഓയിലുകൾ കലർത്തി ഫോർമുലകളുടെ നിരന്തരമായ പരിശോധനയ്ക്കും ശേഷം, ഒടുവിൽ ശരിയായ അളവിൽ ശരിയായ ഓയിലുകൾ ലഭിക്കുന്നതുവരെ ആര്യാഹി പിൻമാറിയില്ല. ഇത് പ്രധാനമായും റോസാപ്പൂക്കളിൽ നിന്നെടുത്ത ഓയിലും ഡിനേച്ചർഡ് ആൽക്കഹോളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ആര്യാഹി പറയുന്നു.
ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ, ആര്യാഹിയുടെ പെർഫ്യൂം ബിസിനസ്സ് 60,000 രൂപ വരുമാനവും 45,000 രൂപ ലാഭവും നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രധാനമയും ഉൽപ്പന്നവിപണനം. Bella Fragrances ഇൻസ്റ്റാഗ്രാമിൽ ഒരു കുപ്പി 599 രൂപയ്ക്ക് വിൽക്കുന്നു. ബെല്ല നാച്ചുറൽസ്, ബെല്ല ഓർഗാനിക്സ് എന്നീ രണ്ട് സുഗന്ധങ്ങളിൽ ഇത് ലഭ്യമാണ്. സോഷ്യൽ മീഡിയയിൽ ബ്രാൻഡിന്റെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടും Nykaa പോലുള്ള പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ വിൽക്കുന്നതിലൂടെയും Bella Fragrances വ്യാപിപ്പിക്കാനാണ് ആര്യാഹിയുടെ പദ്ധതി. പഠനത്തിന്റെ തിരക്കുകൾക്കിടയിലും ബിസിനസിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഈ കൗമാരക്കാരിയായ സംംരംഭക പറയുന്നത്.