ഒല ഇലക്ട്രിക് കാറിന് ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനവും മികച്ച രൂപകൽപ്പനയും മികച്ച സാങ്കേതികവിദ്യയും ഉണ്ടായിരിക്കുമെന്ന് സിഇഒ ഭവിഷ് അഗർവാൾ. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും സ്‌പോർട്ടിയുമായ കാറുകളിലൊന്നായിരിക്കുമിതെന്ന് ഒല സിഇഒ അവകാശപ്പെട്ടു. വരാനിരിക്കുന്ന ഇവിക്ക് 4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നും ഭവിഷ് അഗർവാൾ പറഞ്ഞു. 2024-ൽ അവതരിപ്പിക്കാനിരിക്കുന്ന കാറിന് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുതിയ കാറിന് പൂർണമായും ഗ്ലാസ് റൂഫും അസിസ്റ്റഡ് ഡ്രൈവിംഗ് ഫീച്ചറുകളുമുണ്ടാകുമെന്നും ഭവിഷ് അഗർവാൾ വെളിപ്പെടുത്തി. രണ്ട് പുതിയ വാഹന പ്ലാറ്റ്‌ഫോമുകളും ആറ് വ്യത്യസ്ത കാറുകളും വികസിപ്പിക്കാനുളള പദ്ധതിയും ഒല പ്രഖ്യാപിച്ചു. ഓരോ വർഷവും ഒല ഫ്യൂച്ചർ ഫാക്ടറിക്ക് ഒരു ദശലക്ഷം ഇവി കാറുകളും 10 ദശലക്ഷം ഇരുചക്ര വാഹനങ്ങളും 100 ജിഗാവാട്ട് ബാറ്ററി സെല്ലുകളും നിർമ്മിക്കാൻ കഴിയുമെന്നും ഒല സിഇഒ അവകാശപ്പെട്ടു. രാജ്യത്തെ മികച്ച 50 നഗരങ്ങളിൽ 100-ലധികം ഹൈപ്പർ ചാർജറുകൾ അവതരിപ്പിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.