
ആപ്പിൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗുമായി വരുന്നു. ചൈനയിലെ നിർമാണത്തിന് ബദൽ തേടുന്ന ആപ്പിൾ ഇന്ത്യയിലെ ഐഫോൺ നിർമാണം വർദ്ധിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. ചൈനയിൽ തങ്ങളുടെ മിക്ക ഐഫോണുകളും വളരെക്കാലമായി നിർമ്മിച്ച് വന്ന ആപ്പിൾ, ഷി ജിൻപിങ്ങിന്റെ ഭരണകൂടം യുഎസ് സർക്കാരുമായി ഏറ്റുമുട്ടുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയ രാജ്യവ്യാപകലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തതിനാൽ ബദലുകൾ തേടുകയാണ്. ഇന്ത്യയിലെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പുതിയ ഐഫോണിന്റെ ഉൽപ്പാദനത്തിലെ കാലതാമസം സാധാരണ ആറ് മുതൽ ഒമ്പത് മാസങ്ങൾ വരെ കുറയ്ക്കുന്നതിനും കമ്പനി വിതരണക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിൽ നിന്നും ഏകദേശം ഒരേ സമയം ആപ്പിൾ അടുത്ത ഐഫോൺ കയറ്റുമതി ചെയ്യാമെന്നാണ് പ്രതീക്ഷ. വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനുളള ആപ്പിളിന്റെ ശ്രമങ്ങളിലെ ഒരു പ്രധാന നീക്കമാണിത്.ഐഫോണുകളുടെ പ്രാഥമിക നിർമ്മാതാക്കളായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, ചൈനയിൽ നിന്നുള്ള ഘടകങ്ങൾ ഷിപ്പിംഗ് ചെയ്ത് ഇന്ത്യയിലെ പ്ലാന്റിൽ ഐഫോൺ 14 അസംബിൾ ചെയ്യുന്നതിന് പ്രവർത്തനം തുടങ്ങിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഐഫോൺ 14 സെപ്തംബറിലെ പ്രാരംഭ റിലീസിന് ശേഷം ഒക്ടോബർ അവസാനമോ നവംബറിലോ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ദീപാവലി വിപണിയാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.ആപ്പിളിന്റെ നിർമാണപങ്കാളികൾ 2017 ലാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയത്. രാജ്യത്ത് ഉൽപ്പാദന ശേഷി വികസിപ്പിക്കാനുള്ള വർഷങ്ങളായുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു ഇത്. നിലവിലുള്ള പ്രവർത്തനങ്ങൾക്ക് ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, 1.4 ബില്യൺ ജനങ്ങളുള്ള രാജ്യം ഒരു നല്ല ഉപഭോക്തൃ വിപണിയാണ്, കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ നിർമാണത്തിന് സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.