ഏപ്രിൽ മുതൽ ജൂൺ വരെ ഷവോമി 7 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് അയച്ചതായി ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ റിപ്പോർട്ട്. IDCയുടെ വേൾഡ് വൈഡ് ക്വാർട്ടർലി മൊബൈൽ ഫോൺ ട്രാക്കർ അനുസരിച്ച്, 2022-ന്റെ രണ്ടാം പാദത്തിൽ ഷവോമി ഇന്ത്യയിൽ ഏഴ് ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ ഷിപ്പുചെയ്‌തു, കൂടാതെ 20 ശതമാനത്തിലധികം വിപണി വിഹിതവുമായി പട്ടികയിൽ ഷവോമി മുന്നിലെത്തി. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഷിപ്പ്മെന്റ്സ് കുറഞ്ഞു. റെഡ്മി 10 സീരീസിന്റെ ലോഞ്ചാണ് കയറ്റുമതിയുടെ 35 ശതമാനം സംഭാവന ചെയ്തത്. അതേസമയം 5G സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ, ഷവോമി മൂന്നാം സ്ഥാനത്താണ്. 2020-ൽ രാജ്യത്ത് ആദ്യത്തെ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചതിന് ശേഷം, ഈ സെഗ്‌മെന്റിൽ ഇപ്പോൾ മൊത്തത്തിലുള്ള കയറ്റുമതിയുടെ 25 ശതമാനം ഷവോമി സംഭാവന ചെയ്യുന്നു.46 ശതമാനം കയറ്റുമതിയുമായി സാംസങ് 5G സെഗ്‌മെന്റിൽ ഒന്നാമതെത്തി.2020 മുതൽ 2022 ആദ്യ പകുതി വരെ 51 ദശലക്ഷം 5G സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വിവിധ കമ്പനികൾ വിതരണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.