വിവാദങ്ങൾക്കും, കരാർ പിന്മാറ്റ പ്രഖ്യാപനങ്ങൾക്കുമൊടുവിൽ ഇലോൺ മസ്ക്ക് ട്വിറ്റർ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആദ്യം പ്രഖ്യാപിച്ച 44 ബില്യൺ യുഎസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഇലോൺ മസ്ക്ക് അറിയിച്ചു. ഒരു ഓഹരിയ്ക്ക് 54.20 ഡോളറെന്ന കണക്കിൽ ഏറ്റെടുക്കലിന് തയ്യാറാണെന്ന് മസ്ക്ക് ട്വിറ്ററിനയച്ച കത്തിൽ പറയുന്നു. പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തിൽ വൻ വർദ്ധന രേഖപ്പെടുത്തി. ഒക്ടോബര്‍ 17-ന് ഡെലവെയർ കോര്‍ട്ട് ഓഫ് ചാന്‍സറിയില്‍ ട്വിറ്റര്‍ നൽകിയ കരാര്‍ ലംഘന കേസ് നടക്കാനിരിക്കെയാണ് മസ്ക്കിന്റെ പുതിയ നീക്കം. നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം, ട്വിറ്ററിന്റെ 100 ശതമാനം ഓഹരികൾ 44 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ 2022 ഏപ്രിലില്‍ ഇലോണ്‍ മസ്‌ക് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ജൂലൈയിൽ കരാറില്‍ നിന്ന് പിന്മാറിയതിനെത്തുടർന്ന് മസ്‌കിനെതിരെ ട്വിറ്റര്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. മസ്‌ക് സ്വന്തമാക്കുന്നതോടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ട്വിറ്റര്‍ പൂര്‍ണ്ണമായും സ്വകാര്യ കമ്പനിയായി മാറും.