മനുഷ്യരൂപമുള്ള റോബോട്ടിന്റെ ആദ്യ രൂപമാണ് ടെസ്‌ലയുടെ ഒപ്റ്റിമസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദിനത്തിലാണ് ഇലോൺ മസ്‌ക്, ഒപ്റ്റിമസിനെ പ്രദർശിപ്പിച്ചത്. പൂർണ്ണമായും വാണിജ്യവത്കരണത്തിനൊരുക്കിയ റോബോട്ടിനെ നിർമ്മാണം എട്ടു മാസങ്ങൾ കൊണ്ട് പൂർത്തിയായി. മസ്‌ക് ട്വിറ്ററിൽ പ്രദർശിപ്പിച്ച, ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത്, നൃത്തം ചെയ്യുന്ന ഒപ്റ്റിമസിന്റെ വീഡിയോ ഇതിനോടകം ജനശ്രദ്ധ നേടി. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്കായി ടെസ്‌ല വികസിപ്പിക്കുന്ന അതേ ഓട്ടോപൈലറ്റ് സങ്കേതികവിദ്യയാണ് റോബോട്ടിനും ഉപയോഗിക്കുന്നത്. 2.3 kwh ബാറ്ററി പാക്കുള്ള റോബോട്ടിനു ഒറ്റ തവണ ഫുൾ ചാർജിങ്ങിലൂടെ ദിവസം മുഴുവൻ പ്രവർത്തിക്കാൻ സാധിക്കും. മനുഷ്യന് സമാനമായ അഞ്ചു വിരലുകളുള്ള കൈകൾക്ക് 11 ഡിഗ്രി വരെ തിരിക്കാൻ സ്വാതന്ത്ര്യമുണ്ട്. കൂടാതെ, ഓരോ കയ്യിലും 9 കിലോ ഭാരം വരെ കൊണ്ടുനടക്കാം. കണ്ണുകളായി ക്യാമറയും ചെവിയായി മൈക്രോഫോണും സ്വരത്തിന് സ്പീക്കറുകളും പ്രവർത്തിക്കും. നടക്കുമ്പോള്‍ 500 വാട്‌സ് ഊർജ്ജവും, ഇരിക്കുമ്പോള്‍ 100 വാട്‌സും ഊര്‍ജ്ജവും റോബോട്ടിന് വേണ്ടിവരും. മണിക്കൂറിൽ എട്ടു കിലോമീറ്റർ വരെ സ്പീഡ് ആർജ്ജിക്കാൻ കഴിയുന്ന യന്ത്രമനുഷ്യന് 73 കിലോഗ്രാം ഭാരമുണ്ടായിരിക്കും. ഭാവിയിൽ വൻ തോതിൽ നിർമ്മിക്കാൻ പദ്ദതിയിടുന്ന റോബോട്ടിന്, ഫാക്ടറിയിലെയും ഓഫീസിലെയും എല്ലാ ജോലിയും ചെയ്യാൻ പ്രാപ്തിയുണ്ടാകണമെന്നാണ് മസ്‌കിന്റെ ഉദ്ദേശം. ഒരു റോബോട്ടിന് 16.3 ലക്ഷം രൂപയെന്ന നിരക്കിൽ വിൽക്കാമെന്നാണ് മസ്‌കിന്റെ തീരുമാനം. ഒപ്റ്റിമസിനു ടെസ്‌ലയുടെ ചില കാറുകളേക്കാൾ വില കുറവായിരിക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചത്. ഭാവിയെ ഗംഭീരമാക്കാൻ ഒപ്റ്റിമസിന് കഴിയുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു.