മഹീന്ദ്രയുടെ വരാൻ പോകുന്ന ഇലക്ട്രിക് SUVകൾക്ക് ചാർജിംഗ് നെറ്റ്വർക്ക് സ്ഥാപിക്കാൻ Jio-Bp.
റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് ഓയിൽ ആന്റ് ഗ്യാസ് കമ്പനിയായ BPയും ചേർന്നുളള ഇന്ധന റീട്ടെയിലിംഗ് സംയുക്ത സംരംഭമാണ് Jio-Bp. ഇന്ത്യയിലെ മുൻനിര എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (M&M) ജിയോ-ബിപിയും മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇ-എസ്യുവി ലോഞ്ചുകൾക്കായി ചാർജിംഗ് നെറ്റ്വർക്ക് സ്ഥാപിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 16 നഗരങ്ങളിൽ നിന്നും തുടങ്ങി, രാജ്യത്തുടനീളമുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡീലർഷിപ്പ് നെറ്റ്വർക്കുകളിലും വർക്ക് ഷോപ്പുകളിലും DC ഫാസ്റ്റ് ചാർജറുകൾ ഇൻസ്റ്റാൾ ചെയ്യാനാണ് ജിയോ-ബിപിയുടെ പ്ലാൻ. ജിയോ-ബിപി പൾസ് ബ്രാൻഡിന്റെ സഹായത്തോടെയാണ് ചാർജിങ് നെറ്റ്വർക്കുകൾ സ്ഥാപിക്കുന്നത്.
EV പ്രൊഡക്ടുകളുടെയും സർവീസുകളുടെയും വികസനത്തിനായി ഇരു കമ്പനികളും കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇലക്ട്രിക്ക് വണ്ടികൾ ഉപയോഗിക്കുന്നവർക്ക് നഗരത്തിനുള്ളിലും പുറത്തുമുള്ള യാത്ര എളുപ്പമാക്കുന്നതിനായി നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലും ഹൈവെകളിലും ചാർജിങ് സൗകര്യങ്ങൾ വിപുലീകരിക്കുകയാണ് ജിയോ-ബിപി. അതിവേഗ ചാർജിങ്ങിനായുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ, ജിയോ-ബിപിയും എം ആൻഡ് എമ്മും ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാർ വ്യാപനം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.