റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “യഥാർത്ഥ ദേശസ്‌നേഹി” എന്ന് വിശേഷിപ്പിച്ചത് വെറും ബൈലാറ്ററൽ റിലേഷന്റെ ഭാഗമല്ല എന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.

തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായി  ഒരു സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന ലോകത്തിലെ വ്യക്തികളിൽ ഒരാളാണ് പ്രധാനമന്ത്രി മോദി എന്ന പ്രശംസയിൽ എല്ലാമടങ്ങിയിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ ഒരു ക്യാമ്പിലും ചേരാതെ ഇന്ത്യ നിന്നത്  വ്‌ളാഡിമിർ പുടിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഇന്ത്യ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം യഥാർത്ഥ ദേശസ്നേഹിയാണ്. അദ്ദേഹത്തിന്റെ ആശയമായ ‘മേക്ക് ഇൻ ഇന്ത്യ‘ ശ്രദ്ധേയമായ ഒരു ശ്രമമാണ്.

ഇന്ത്യ  വികസനത്തിൽ ശരിക്കും പുരോഗമിച്ചു. മഹത്തായ ഒരു ഭാവിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്… പ്രശംസകൾ കൊണ്ട് മൂടി, പുടിൻ പറഞ്ഞു.

 സൈനിക, സാങ്കേതിക മേഖലകളിൽ റഷ്യയും ഇന്ത്യയും സഹകരണം തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പതിറ്റാണ്ടുകളായി  ഇന്ത്യയുമായുളളത് പ്രത്യേക ബന്ധമാണ്. ഞങ്ങൾക്ക് ഒരിക്കലും ഇന്ത്യയുമായി ശ്രദ്ധേയമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, എല്ലായ്‌പ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്ന് പുടിൻ പറഞ്ഞു.

അടുത്തിടെ അമേരിക്ക പുറത്തിറക്കിയ നാഷണൽ ഡിഫൻസ് സ്ട്രാറ്റജി റഷ്യയെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയായി മുദ്രകുത്തുന്ന സമയത്താണ് ഇന്ത്യയ്ക്കും മോദിക്കും റഷ്യൻ പ്രസിഡന്റ് പ്രശംസ ചൊരിയുന്നത്.

റഷ്യയ്‌ക്കെതിരെയുള്ളവയും പിന്തുണക്കുന്നവയും എന്ന നിലയിൽ ലോകത്തിന്റെ ഭൂരിഭാഗവും ശക്തമായി രണ്ട് ക്യാമ്പുകളായി വിഭജിക്കപ്പെട്ടിരിക്കുമ്പോൾ, ഉക്രെയ്‌ൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല.

മോസ്കോ, സ്പെഷ്യൽ മിലിട്ടറി ഓപ്പറേഷൻ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സൈനിക നടപടി തുടങ്ങിയതിന് ശേഷം കേന്ദ്ര സർക്കാർ, ഉക്രെയ്നുമായും റഷ്യയുമായും സംസാരിച്ചു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നവംബർ 8 ന് മോസ്കോയിൽ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മോസ്കോയുമായി എന്നും ന്യൂ ഡൽഹിക്ക് ശക്തമായ ബന്ധമുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ- ആണവ പദ്ധതികളിൽ റഷ്യയുടെ സഹായം അവഗണിക്കാൻ കഴിയുന്നതല്ല. രൂപകൽപന ഘട്ടം മുതൽ നടപ്പാക്കൽ വരെ മുഴുവൻ സൈനിക ആണവ പരിപാടിയും റഷ്യൻ പിന്തുണയെ ആശ്രയിച്ചിരിക്കുന്നു. നിലവിൽ മൂന്ന് ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ (nuclear-powered ballistic missile submarines) കൂടി  ഇന്ത്യ നിർമ്മിക്കുന്നുണ്ട്. ആറ് nuclear-powered attack submarines നിർമ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്, ഇവയെല്ലാം റഷ്യൻ സഹായത്തെ ആശ്രയിച്ചിരിക്കും.

ഇന്ത്യയുടെ മിസൈൽ പദ്ധതിക്ക് റഷ്യയിൽ നിന്നുളള സാങ്കേതിക സഹായങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. റഷ്യ-ഉക്രൈൻ യുദ്ധം ആഗോളവിപണിയെ കലുഷിതമാക്കിയപ്പോൾ വലിയ വിലക്കയറ്റമില്ലാതെ ഇന്ത്യ പിടിച്ചു നിന്നതു  റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി മൂലമാണെന്നത് പറയേണ്ടതില്ല. നിലവിൽ സൗദിയയെും മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണരാജ്യമായി റഷ്യ മാറിക്കഴി‍ഞ്ഞു. കൽക്കരി, വളം എന്നിവയിലും റഷ്യൻ സഹായം ഇന്ത്യക്ക് ധാരാളമായി ലഭിക്കുന്നു.

ഇതിനൊക്കെ പുറമേ ഇന്ത്യയുടെ വിദേശനയത്തിൽ കാണേണ്ട തന്ത്രപ്രധാനമായ കാര്യം ഇതാണ്.  

  • ഇന്ത്യൻ അതിർത്തികളിൽ ചൈന വലിയ ഭീഷണിയായി തുടരുന്നു.
  • റഷ്യ-ചൈന സഖ്യം വളരെ ശക്തമാകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്നത് പരസ്യമായ രഹസ്യമാണ്.
  • അന്താരാഷ്ട്രതലത്തിൽ പുടിന്റെ വർദ്ധിച്ചുവരുന്ന ഒറ്റപ്പെടൽ മോസ്കോയെ ബീജിംഗിലേക്ക് അടുപ്പിക്കുമെന്ന് ഇന്ത്യ ആശങ്കപ്പെടുന്നു. അതിനാൽ ഇന്ത്യ ശ്രദ്ധാപൂർവം സഞ്ചരിക്കേണ്ടതുണ്ട്.  
  • രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കായി സ്വതന്ത്ര വിദേശനയം നടപ്പാക്കാൻ പ്രാപ്തരാണ്  ഇന്ത്യയിലെ ഭരണകൂടമെന്നതാണ് പ്രധാനം.
  • നരേന്ദ്ര മോദിയുടെ സമഗ്രവും ബഹുമുഖവുമായ വിദേശനയം ഇന്ത്യയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, യുഎസിന്റെയോ ചൈനയുടെയോ അതേ പാതയിലൂടെയല്ല ചിന്തിക്കുന്നത്. ചൈന പാശ്ചാത്യ ഉപരോധങ്ങളെ നിരാകരിക്കുകയും യുഎസിനെയും നാറ്റോയെയും ആവർത്തിച്ച് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ റഷ്യയെ പ്രീണിപ്പിക്കാൻ ശ്രമം തുടരുന്നു. മറുവശത്ത്, ഇന്ത്യ നാറ്റോയെ വിമർശിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയും  സമാധാനത്തിന് ആഹ്വാനം ചെയ്യാൻ ശക്തമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ പുലർത്തുന്ന ജാഗ്രത്തായ സമീപനം വളരെ ശ്രദ്ധാപൂർവ്വമാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version