ശ്രീലങ്കയിൽ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് ( Adani Group) പദ്ധതിയിടുന്നു. വടക്കൻ ശ്രീലങ്കയിലെ പൂനേരിൻ കേന്ദ്രീകരിച്ച് റിന്യൂവബിൾ എനർജി പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
പദ്ധതിയ്ക്ക് ഏകദേശം 137 ബില്യൺ ഡോളർ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങളിലേയുള്ള ബിസിനസ് വ്യാപനത്തിന്റെ ഭാഗമായാണ് അദാനിയുടെ നീക്കം. ശ്രീലങ്കയുമായി ഒന്നിലധികം തുറമുഖ, ഊർജ്ജ കരാറുകളിൽ അദാനി ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021 ഒക്ടോബറിൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി അദാനി ഊർജ്ജ കരാറിലൊപ്പുവച്ചിരുന്നു. 750 മില്യൺ ഡോളറിന്റെ കൊളംബോ തുറമുഖ ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട ഇടപാടായിരുന്നു അത്. ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായാൽ, ശ്രീലങ്കയിലെ ആദ്യത്തെ ഇന്ത്യൻ പോർട്ട് ഓപ്പറേറ്റർമാരായി അദാനി ഗ്രൂപ്പ് മാറും. 2022-ന്റെ തുടക്കത്തിൽ, ശ്രീലങ്കയിലെ മാന്നാർ കേന്ദ്രമാക്കി 500 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികൾക്കായുള്ള ധാരണാപത്രങ്ങളിലും അദാനി ഒപ്പുവച്ചിരുന്നു.
അദാനിയും ചില ഇന്ത്യൻ അജണ്ടകളും
രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതകൾ ഇപ്പോഴും രൂക്ഷമായി നിലനിൽക്കുന്ന ഒരു ദ്വീപരാഷ്ട്രമാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ, അദാനിയെ പോലുള്ള ബിസിനസ് വമ്പന്മാരുടെ നിക്ഷേപങ്ങൾ ഏറെ ആശ്വാസകരവുമാണ്. എന്നാൽ അതേസമയം, പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയ്ക്കെതിരെ ചൈന നടത്തുന്ന ഒളിയുദ്ധങ്ങൾക്കുള്ള തിരിച്ചടിയായും നീക്കത്തെ വിലയിരുത്തുന്നുണ്ട്. ഇന്ത്യൻ താൽപ്പര്യങ്ങളുമായി അടുത്ത ബന്ധമുള്ള തുറമുഖ, ഊർജ കരാറുകളിൽ അദാനി ഒപ്പുവെച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ അതൃപ്തിയെ തുടർന്ന് ചൈനീസ് സർക്കാരിന്റെ സോളാർ പവർ പ്രോജക്ട് ഉപേക്ഷിക്കാൻ ശ്രീലങ്ക തയ്യാറായിരുന്നു. അതിനു പിന്നാലെയാണ് അദാനിയുടെ പ്രോജക്ടുകളെ സ്വീകരിക്കുന്നതും. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ശ്രീലങ്കയുമായുള്ള അദാനിയുടെ നിലവിലെ ബിസിനസ് ഇടപാടുകൾക്ക് നയതന്ത്രപരമായ ഒരു തലം കൂടിയുണ്ടെന്നത് തള്ളിക്കളയാനാകാത്ത വസ്തുതയാണ്.
Gautham Adani plans to build power plants in Sri Lanka. In Oct 2021, he inked a deal with the then President Gotabaya Rajapaksa. It was a $750 million Colombo port deal