കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാർച്ചർ ഹാളിൽ 80 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കുടുംബശ്രീ സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്. ഭക്ഷ്യോൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. രാജ്യത്തിനകത്തും, പുറത്തും സ്ത്രീസംരംഭകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസർക്കാരിന്റെ അവസർ (AVASAR) പദ്ധതിയ്ക്കു കീഴിലാണ് പുതിയ സംരംഭം. അവസർ (AVASAR) പദ്ധതി പ്രകാരം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽപ്രവർത്തിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലും വിപണനത്തിനുള്ള സൗകര്യമൊരുക്കും. 100 മുതൽ 200 ചതുരശ്ര അടി വരെ വിസ്തീർണ്ണത്തിലാണ് സ്ലോട്ടുകൾ അനുവദിക്കുന്നത്. ചെന്നൈ, അഗർത്തല, ഡെറാഡൂൺ, അമൃത്സർ എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ ഇതിനോടകം തന്നെ ഔട്ട്‌ലെറ്റുകൾ കമ്മീഷൻ ചെയ്തിട്ടുണ്ട്. പഫ്ഡ് റൈസ്, അച്ചാറുകൾ തുടങ്ങി വനിതകൾ നേതൃത്വം നൽകുന്ന സ്വയം സഹായ സംഘങ്ങളിൽ നിന്നുമുള്ള വിവിധ ഉൽപ്പന്നങ്ങളാണ് ഇവിടെ വിപണനം നടത്തുന്നത്.
Kudumbashree’s signature store opened at Kozhikode airport.