ഐടി കമ്പനികൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളെല്ലാം നഗരത്തിന്റെ സൗകര്യം ഉപയോഗിക്കുമ്പോൾ, തൃശ്ശൂരിലെ ചാലകുടിയിൽ, ഗ്രാമീണ അന്തരീക്ഷത്തിൽ ദമ്പതികൾ ആരംഭിച്ച സോഫ്റ്റ്‌വെയർ സ്ഥാപനമാണ് Jobin and Jismi IT Services.

എന്താണ് ജോബിൻ & ജിസ്മി

ഒറാക്കിൾ നെറ്റ്സ്യൂട്ടിന്റെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളിലൊന്നാണ് ഇന്ന് ജോബിൻ & ജിസ്മി.

ബിസിനസ്-ഫിനാൻസ് പ്രവർത്തനങ്ങൾ, ഉപഭോക്തൃ ബന്ധങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ വിവിധ കമ്പനികളെ സഹായിക്കുന്ന ഒരു ‘ക്ലൗഡ്’ അധിഷ്ഠിത ‘എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്’ സോഫ്‌റ്റ്‌വെയറാണ് NetSuite. 2012 ലാണ് ദമ്പതികൾ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നത്. ഇൻഫോപാർക്കിൽ ഡോക്യൂമെന്റേഷൻ അനലിസ്റ്റ് ആയി ജോലി നോക്കിയിരുന്ന ജോബിൻ, വിവാഹ ശേഷം ഭാര്യ ജിസ്മിയുമായി ചേർന്നാണ് സംരംഭം ആരംഭിക്കുന്നത്. മൊബൈൽ ആപ്പ്ളിക്കേഷൻസിൽ നിന്നായിരുന്നു ബിസിനസിന്റെ തുടക്കം. വീട്ടിലെ ഒരു മുറിയിൽ, രണ്ട് ലാപ്‌ടോപ്പുകളിലായി ആരംഭിച്ച പ്രവർത്തനം, ജീവനക്കാരെ ആവശ്യം വന്നു തുടങ്ങിയതോടെ വെള്ളാംചിറയിൽ ഒരു വാടക കെട്ടിടത്തിലേക്ക് വളർന്നു. 2013 ൽ കമ്പനിയുടെ പ്രവർത്തനം പൂർണമായും നെറ്റ്‌സ്യൂട്ടിലേക്ക് മാറി. വിദേശത്തുള്ള കമ്പനികൾ കണ്ടെത്തി, അവരുമായി ബന്ധപ്പെട്ടാണ് ബിസിനസുകൾ ചെയ്തിരുന്നത്.

ബ്രാൻഡായുള്ള വളർച്ച

18 മണിക്കൂറുകളോളം ഉറക്കമൊഴിഞ്ഞ് ഓഫീസിൽ ജോലി ചെയ്തിരുന്ന തുടക്ക കാലങ്ങളെ കുറിച്ച് സന്തോഷത്തോടെയാണ് ജോബിനും ജിസ്മിയും ഓർമ്മിക്കുന്നത്. മത്സരങ്ങളേറി വരുന്ന ഈ കാലത്ത് ബിസിനസിന്റെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും നിസ്സാരമായിരുന്നില്ല അവർക്ക്.  ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനായി സ്വർണ്ണം പണയം വയ്‌ക്കേണ്ടി വന്നിരുന്ന സമയവും അവർ പിന്നിട്ടു കഴിഞ്ഞു.

2016 ൽ ജീവനക്കാരുടെയെണ്ണം അഞ്ചിൽ നിന്നും മുപ്പത്തിയഞ്ചായപ്പോൾ പുതിയ ഓഫീസിലേക്ക് പ്രവർത്തനങ്ങൾ മാറ്റി.

2019 ലാണ് സ്വന്തമായി ഒരു ഓഫീസ് എന്ന സ്വപ്നം സഭലമായതെന്ന് ജോബിൻ പറയുന്നു. രണ്ട് കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ മൂന്ന് നിലകളിലായി 10000 ചതുരശ്രയടിയുള്ള ഓഫീസിലാണ് ജോബിൻ & ജിസ്മി ഐടി സർവീസ് പ്രവർത്തിക്കുന്നത്. ചാലക്കുടി കൂടാതെ ബാംഗ്ലൂരിലും കമ്പനിക്ക് ഓഫീസ് സംവിധാനമുണ്ട്. കഴിഞ്ഞ വർഷം നെറ്റ്‌സ്യൂട്ടിന്റെ സൊല്യൂഷൻ പ്രൊവൈഡറായി ജോബിൻ & ജിസ്മി സേവനം ആരംഭിച്ചു. ഇതിനൊപ്പം, നെറ്റ്‌സ്യൂട്ട് ഉപഭോക്താക്കൾക്കായി 50 പേരടങ്ങുന്ന ഇ-കോമേഴ്‌സ് ഡെവലപ്മെന്റ് ടീമും ഇന്ന് പ്രസ്ഥാനത്തിനുണ്ട്. മുപ്പതിലേറെ രാജ്യങ്ങളിലായി 200ലേറെ ഇടപാടുകാരുള്ള കമ്പനിക്ക് കോടികളാണ് വാർഷിക വിറ്റുവരവ്.  

ജോബിൻ ആൻഡ് ജിസ്മി എന്ന തൊഴിൽ ദാതാക്കൾ

തൊഴിലാളികൾക്ക് ഏറ്റവും മൂല്യം കൊടുക്കുന്ന ഉടമസ്ഥരാണ് കമ്പനിക്കുള്ളത്. ജീവനക്കാരിൽ ഭൂരിഭാഗം ആളുകളുടെയും ആദ്യ സ്ഥാപനം കൂടിയാണ് ജോബിൻ & ജിസ്മി. കമ്പനിയുടെ തുടക്കത്തിൽ കൂടെ നിന്നവർ ഇന്നും പ്രസ്ഥാനത്തിനൊപ്പം തന്നെയുണ്ട്. ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ തുടക്കകാരെ കണ്ടെത്തി ട്രെയിനിങ് നൽകിയാണ് കമ്പനി നിയമനം നടത്തുന്നത്. ടെസ്റ്റിംഗ്, കണ്ടെന്റ്, SEO, ഡിസൈനിങ്, സെയിൽസ്, ഇ-കോമേഴ്‌സ് തുടങ്ങി നിരവധി സെഗ്മെന്റുകളിലായാണ് തൊഴിലവസരങ്ങൾ ഒരുക്കുന്നത്.

2021ൽ ജോബിൻ & ജിസ്മിയിൽ ജീവനക്കാരുടെ എണ്ണം നൂറ് കഴിഞ്ഞു. വെറും ഒരു വർഷം കൊണ്ട്, 100 പേർക്ക് കൂടി തൊഴിൽ നൽകിയ കമ്പനിക്ക്, നിലവിൽ ഇരുനൂറിലേറെ ജീവനക്കാരുണ്ട്. ബിസിനസിന്റെ വളർച്ചയിൽ തൊഴിലാളികൾ വഹിക്കുന്ന പങ്കിനെ കുറിച്ചതും ജോബിൻ വാചാലനാണ്. കമ്പനിയുടെ ജീവനക്കാരിൽ 65 ശതമാനവും സ്ത്രീകളാണ്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം തൊഴിലില്ലാത്ത സ്ത്രീകൾക്ക് ഒരു പ്രചോദനം കൂടിയാണ് ജോബിൻ & ജിസ്മി.    

പത്താം വാർഷികം പൊടിപൊടിച്ചു

ജോബിൻ & ജിസ്മിയുടെ സ്വപ്ന സംരംഭത്തിന്റെ പത്താം വാർഷികാഘോഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പ്രസ്ഥാനത്തിന്റെ വളർച്ചയിൽ തുടക്കം മുതൽ താങ്ങും തണലുമായി കൂടെ നിന്ന ആറ് ജീവനക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി ജോബിൻ & ജിസ്മി, 18 ലക്ഷം രൂപ വിലയുള്ള കിയ സെൽറ്റോസ് കാറുകളാണ് സമ്മാനമായി നൽകിയത്. വെറും രണ്ട് ജോലിക്കാരിൽ തുടങ്ങി ഇപ്പോൾ 200 ജീവനക്കാരുള്ള കമ്പനിയുടെ വളർച്ചയിൽ ആറ് പേരുടെയും പങ്ക് വിവരണാതീതമാണെന്നാണ് കമ്പനിയുടെ സഹസ്ഥാപകയായ ജിസ്മി പറയുന്നത്. വാർഷികാഘോഷ വേളയിൽ, ഈ വർഷത്തെ മികച്ച ജീവനക്കാരന്, റോയൽ എൻഫീൽഡ് ബുള്ളറ്റും കമ്പനി സമ്മാനമായി നൽകിയിരുന്നു.

വിജയ രഹസ്യവും ഭാവി പദ്ധതിയും

ഗുണനിലവാരമുള്ള പ്രീമിയം സേവനങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തുനൽകുകയെന്നതാണ് ബിസിനസിന്റെ വിജയ രഹസ്യമെന്നണ് ജോബിൻ പറയുന്നു. ചാലക്കുടിയിലെ ഓഫീസിനോട് ചേർന്ന് മുന്നൂറ് പേരെ കൂടി ഉൾക്കൊള്ളിക്കാൻ കഴിയുന്ന കെട്ടിടത്തിന്റെ നിർമ്മാണം ഇതിനോടകം ജോബിൻ & ജിസ്മി ആരംഭിച്ചു കഴിഞ്ഞു.

കൂടാതെ മധുരയിൽ, 500 പേർക്ക് കൂടി ജോലി ചെയ്യാൻ കഴിയുന്ന സംവിധാനത്തിന്റെ  നിർമ്മാണം, അടുത്ത വർഷം പകുതിയോടെ ആരംഭിക്കാനിരിക്കുകയാണ് കമ്പനി. അങ്ങനെ, 2026 ഓടെ ആയിരം പേർക്ക് തൊഴിൽ നൽകുന്ന ഒരു കമ്പനിയായി വളരുക എന്നതാണ് ജോബിൻ & ജിസ്മിയുടെ സ്വപ്നം.

Jobin & Jismi is one of the largest service providers of Oracle NetSuite in the country. NetSuite is a ‘cloud’ based ‘enterprise resource planning’ software that helps various companies manage business, finance operations, customer relations etc. The couple started the business in 2012.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version